സര്‍വ്വകലാശാലാ പരീക്ഷകള്‍ ഏകീകരിക്കും

Tuesday 13 March 2018 2:30 am IST

തിരുവനന്തപുരം: സര്‍വ്വകലാശാല പരീക്ഷകള്‍ ഏകീകരിക്കുമെന്ന് മന്ത്രി സി.രവീന്ദ്രനാഥ് നിയമസഭയെ അറിയിച്ചു. ഡിഗ്രി തലത്തില്‍ ക്രഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സിസ്റ്റം അക്കാദമിക് രംഗത്ത് ഗുണകരമായ മാറ്റം ഉണ്ടാക്കി. എന്നാല്‍ സമയബന്ധിതമായി പരീക്ഷ നടത്തുന്നതിലും ഫലം പ്രസിദ്ധീകരിക്കുന്നതിലും പേരായ്മകളുണ്ട് ഇത് പരിഹരിക്കുന്നതിന് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കണം. വിവിധ സര്‍വകലാശാലയിലെ അഡ്മിഷനും റിസല്‍റ്റും ഉള്‍പ്പെടെ ഒരു സോഫ്റ്റ് വെയറില്‍ ആക്കാനുള്ള നടപടികള്‍ ആയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് സ്‌കൂള്‍ മാനേജ്‌മെന്റും ജനങ്ങളും ചേര്‍ന്ന് ചിലവഴിക്കുന്ന തുകയുടെ തുല്യമായ തുക സര്‍ക്കാര്‍ നല്‍കും. പരമാവധി ഒരു കോടി രൂപവരെ ഇത്തരത്തില്‍ ചലഞ്ചിംഗ് ഫണ്ടായി അനുവദിക്കും.സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് 1392 കോടി രൂപ അനുവദിക്കും. 1 41 സ്‌കൂളുകള്‍ക്ക് 5 കോടി രൂപവീതവും 229 സ്‌കൂളുകള്‍ക്ക് മൂന്ന് കോടി രൂപയുമാണ് നല്‍കുക. ഹൈടെക് സ്‌കൂള്‍ പദ്ധതി പ്രകാരം 8 മുതല്‍ 12 വരെയുള്ള ക്ലാസ് മുറികള്‍ ഹൈടെക് ആക്കുന്നതിന് 4775 സ്‌കുളുകളുടെ 45000 ക്ലാസ് മുറികള്‍ക്ക് 493.5 കോടി അനുവദിച്ചു. 

പൊതു വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിന് ഡോ.എം.എ ഖാദര്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചാല്‍ വിശദമായ ചര്‍ച്ച നടത്തിയതിനു ശേഷം ഇത് നടപ്പാക്കും. സംസ്ഥാനത്ത് 20,000 പ്ലസ് ടു സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. എന്നാല്‍ ചില ജില്ലകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സീറ്റ് തികഞ്ഞിട്ടുമില്ല. സീറ്റ് വിഭജനം ശാസ്ത്രീയമായി നടത്താത്തതുകൊണ്ടാണെന്നും മന്ത്രി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.