കാക്കാഴം മേല്‍പ്പാലം അപകടരഹിതമാക്കാന്‍ നടപടിയായി

Tuesday 13 March 2018 1:36 am IST


അമ്പലപ്പുഴ: കാക്കാഴം റെയില്‍വെ മേല്‍പ്പാലത്തിലൂടെ വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കുക. ഗതാഗത നിയമം ലംഘിച്ചാല്‍ വലിയ തുക പിഴ നല്‍കേണ്ടി വരും.
 ഗതാഗത നിയമലംഘകരെ കണ്ടെത്താന്‍ പാലത്തില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ക്കും തുടക്കമായി. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ കേരള റോഡ് സുരക്ഷ അതോറിട്ടിയാണ് പാലത്തില്‍ ക്യാമറകള്‍ സ്ഥാപിക്കുന്നത്.
 ഇതിനായുള്ള നടപടികളുടെ ഭാഗമായി വകുപ്പുതലവന്‍മാരടങ്ങിയ സംഘം മേല്‍പാലം സന്ദര്‍ശിച്ചു. പാലം അപകട രഹിതമാക്കുന്നതിന്റെ ഭാഗമായാണ് റോഡ് സുരക്ഷാ അതോറിറ്റി 28 ലക്ഷം രൂപ ചെലവില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നത്. പാലത്തിന്റെ തെക്ക്, വടക്ക് ഭാഗങ്ങളില്‍ രണ്ടു വീതവും മധ്യഭാഗത്ത് ഒരു ക്യാമറയും സ്ഥാപിക്കും.
 കൂടാതെ അമ്പലപ്പുഴ ജങ്ഷനില്‍ തെക്ക്, വടക്കുഭാഗത്തു നിന്നുള്ള വാഹനങ്ങളുടെ  ഗതാഗത നിയമ ലംഘനം കണ്ടെത്താന്‍ ഓരോന്നും കിഴക്കു ഭാഗത്തേയും, ജങ്ഷനിലെയും മുഴുവന്‍ ദൃശ്യവും ലഭിക്കാന്‍ സൂം ക്യാമറയും സ്ഥാപിക്കും. പാലത്തില്‍ അപകടമുണ്ടായാല്‍ പോലീസ് സ്റ്റേഷനില്‍ ഈ വിവരമറിയാനുള്ള സംവിധാനങ്ങള്‍ ഒരുക്കുമെന്ന് പരിശോധനക്ക് നേതൃത്വം നല്‍കിയ റോഡ് സുരക്ഷാ അതോറിറ്റി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ടി. ഇളങ്കോവന്‍ പറഞ്ഞു.
 റോഡുകളിലെ ഗതാഗതക്കുരുക്കു മനസിലാക്കാന്‍ മൊബൈല്‍ ആപ്പ് സംവിധാനം ഏര്‍പ്പെടുത്തും. മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് റോഡ് സുരക്ഷ അതോറിറ്റി ഡയറക്ടര്‍ക്ക് സമര്‍പ്പിക്കും.ഉടന്‍ തന്നെ മേല്‍പ്പാലത്തിലും, അമ്പലപ്പുഴ ജങ്ഷനിലും ക്യാമറകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.