ഷുഹൈബ് വധം: പ്രതികള്‍ പുറത്ത്, ആസൂത്രകര്‍ അകത്ത്, സിപിഎമ്മില്‍ പുതിയ വിവാദം

Tuesday 13 March 2018 2:40 am IST

കണ്ണൂര്‍: മട്ടന്നൂരില്‍  ഷുഹൈബിനെ വെട്ടിക്കൊന്നകേസില്‍ പ്രതികളായ നാല് സിപിഎമ്മുകാരെ പുറത്താക്കിയത് പാര്‍ട്ടിക്കുള്ളില്‍ വിവാദം. കൊലയ്ക്ക് ഉത്തരവു  നല്‍കിയ നേതാക്കള്‍ സുരക്ഷിതരായി പാര്‍ട്ടിക്കകത്ത് നില്‍ക്കുകയും  നാലുപേരെ പുറത്താക്കുകയും ചെയ്തതാണ് കാരണം.  സിപിഎമ്മുകാരായ 11 പ്രതികള്‍ അറസ്റ്റിലായെങ്കിലും നാലുപേര്‍ക്കെതിരെ മാത്രമാണ്  നടപടി.   മറ്റുള്ളവരും പോഷക സംഘടനകളായ ഡിവൈഎഫ്‌ഐ,എസ്എഫ്‌ഐ, സിഐടിയു തുടങ്ങിയ സംഘടനകളുടെ സജീവ പ്രവര്‍ത്തകരാണ്.  ഇവര്‍ക്കെതിരെയും  സംഘടനാതലത്തില്‍ നടപടി വേണമെന്നാണ്  ആവശ്യം.

മുന്‍പ്  പാര്‍ട്ടിക്ക് വേണ്ടി കൊല നടത്തിയവരേയോ, ഗൂഢാലോചനയില്‍ പങ്കാളികളായി ജയിലില്‍ കഴിയുന്നവരെയോ   പുറത്തിയാക്കിയ ചരിത്രം പാര്‍ട്ടിക്കില്ലെന്നും  എന്തു കൊണ്ട് ഇപ്പോള്‍ നാലുപേര്‍ക്കെതിരെ മാത്രം നടപടിയെന്നും  ചോദ്യമുണ്ട്. തലശ്ശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന ഫസലിനെ കൊലപ്പെടുത്തിയക്കേസില്‍ സിബിഐ കോടതി നാടുകടത്തിയ കാരായി രാജനേയും , കാരായി ചന്ദ്രശേഖരനേയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയില്ലെന്നു മാത്രമല്ല തദ്ദേശ സ്ഥാപനങ്ങളിലേക്ക് മത്സരിപ്പിച്ച് വിജയിപ്പിക്കുകയും അവയുടെ തലപ്പത്ത് എത്തിക്കുകയും ചെയ്തു. 

ജില്ലാ സെക്രട്ടറിയേറ്റില്‍ വീണ്ടും കാരായി രാജനെ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. ടിപി കേസില്‍ ജയില്‍ ശിക്ഷയനുഭവിക്കുന്ന പി.കെ.കുഞ്ഞനന്തനേയും പാര്‍ട്ടി  തളളിപ്പറഞ്ഞിട്ടില്ല. മാത്രമല്ല  പാനൂര്‍ ഏരിയാ കമ്മിറ്റിയില്‍ നിലനിര്‍ത്തി. ആര്‍എസ്എസ് നേതാവ്  കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസിലെ വിക്രമനുള്‍പ്പെടെയുളള നേതാക്കളേയും പാര്‍ട്ടി തളളിപ്പറഞ്ഞില്ല. 

ആദ്യമുതല്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് പറഞ്ഞ പാര്‍ട്ടിയുടെ കുറ്റസമ്മതംകൂടിയാണ് നാലുപേരുടെ പുറത്താക്കല്‍. മുസ്ലീങ്ങള്‍   പാര്‍ട്ടിയില്‍ നിന്നകന്നതായി ബോധ്യപ്പെട്ട സിപിഎം നേതൃത്വം ഒടുവില്‍ മുഖം രക്ഷിക്കാന്‍ നടത്തിയ പ്രഹസനമാണ് നാലുപേരുടെ പുറത്താക്കല്‍ എന്ന് വ്യക്തമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.