തലശ്ശേരി കലാപം: സിപിഎം ഗൂഢാലോചനയും സിപിഐ കത്തും വീണ്ടും ചര്‍ച്ച

Tuesday 13 March 2018 2:45 am IST

കണ്ണൂര്‍: തലശ്ശേരി കലാപത്തിനു പിന്നിലെ സിപിഎം പങ്കും ഗൂഢാലോചനയും സിപിഐയുടെ കത്തും വീണ്ടും ചര്‍ച്ച. തലശ്ശേരി കലാപം ന്യൂനപക്ഷങ്ങളെ പേടിപ്പിച്ച്  പാര്‍ട്ടി വളര്‍ത്താന്‍ സിപിഎം നടത്തിയ ഗൂഢനീക്കമാണെന്ന കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്റെ ആരോപണത്തിന് പിന്നാലെ 'നേതൃത്വം ആരുടേത്, പിണറായി വിജയന്‍ മറുപടി പറയുമോ' എന്ന തലക്കെട്ടില്‍ 1972 ല്‍ സിപിഐ   ഇറക്കിയ നോട്ടീസാണ്   ചര്‍ച്ചയായത്.  സിപിഐ വടക്കുമ്പാട് ബ്രാഞ്ച് കമ്മിറ്റി 1971 ലെ തലശ്ശേരി കലാപത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച നോട്ടീസിന്റെ ശരിപ്പകര്‍പ്പാണ് സിപിഎമ്മിനെ പ്രതിസ്ഥാനത്തു നിര്‍ത്തുന്നത്. ഉമ്മന്‍ചിറയില്‍ പള്ളിയും വീടും കത്തിക്കുകയും കൊള്ളനടത്തുകയും ചെയ്തു. അതില്‍ പങ്കെടുത്തവരും കൊള്ള മുതല്‍ പങ്കുവയ്ക്കുകയും ചെയ്തവരും ആരായിരുന്നു എന്ന ചോദ്യം നോട്ടീസ് ഉയര്‍ത്തുന്നുണ്ട്. വിജയനോട് ചിലത് ചോദിച്ചുകൊള്ളട്ടെ  എന്നു പറഞ്ഞ് അഞ്ചു ചോദ്യങ്ങളാണ്  ഉന്നയിച്ചിരുന്നത്.

 ആലിയമ്പത്ത് മമ്മൂട്ടി, കോമത്ത് മമ്മൂക്ക എന്നിവരുടെ  പീടികകളില്‍ നിന്നും പകല്‍ ഒരുമണിക്ക്  അരി. പഞ്ചസാര, സോപ്പ് മുതലായവ കൊള്ളയടിച്ചതിന്റെ ആറാംദിവസം,  നിങ്ങള്‍ക്ക് കിട്ടിയ അരിയും മറ്റും തീര്‍ന്നുപോയോ എന്നു വിജയന്റെ പാര്‍ട്ടിയില്‍പ്പെട്ട പ്രമുഖ നേതാവിനോട് ഒരു പ്രവര്‍ത്തകന്‍ തോട്ടുമ്മല്‍ ബസാറില്‍ വെച്ചു പരസ്യമായി ചോദിച്ചത് വിജയന്‍ മറന്നോ? കൊള്ളയ്ക്കും കൊള്ളിവെപ്പിനും ഇരയായ പാവപ്പെട്ട മുസ്ലീങ്ങളുടെ കണ്ണീരൊപ്പാന്‍ എന്ന വ്യാജേന വിജയനോടൊപ്പം ചുറ്റിനടക്കുന്നവര്‍ തലേന്ന് കൊള്ളയടിച്ച സോപ്പുകൊണ്ട് വെളുപ്പിച്ച വസ്ത്രം ധരിച്ചവരും കൊള്ളചെയ്ത അരിയുടെ ചോറ് വയറുനിറയെ തിന്നവരും ആയിരുന്നു എന്നത് വിജയന്‍ മറന്നോ? പള്ളിക്ക് തീവെച്ചു തികച്ചും നശിപ്പിക്കാന്‍ കഴിയാത്തതിനാല്‍ വീട്ടില്‍ നിന്നും ഡയനാമിറ്റ് കൊണ്ടുവന്ന പാര്‍ട്ടി  പ്രവര്‍ത്തകനെ വിജയന്‍ മറന്നോ? തുടങ്ങിയ ചോദ്യങ്ങളാണ് നോട്ടീസില്‍.

ക്രൂരവും ഹീനവുമായി കാര്യങ്ങള്‍ ചെയ്യാാന്‍ നേതൃത്വം കൊടുത്ത് ഒടുവില്‍  പാവപ്പെട്ട മുസ്ലീങ്ങളുടെ കണ്ണീരൊപ്പാന്‍ ശ്രമിക്കുന്നവരാണെന്ന് നടിക്കുന്നത് കാണുമ്പോള്‍ സത്യസന്ധരും നിഷ്പക്ഷരുമായ ജനങ്ങളുടെ ചുണ്ടില്‍ പുച്ഛത്തിന്റെയും പരിഹാസത്തിന്റെയും ചിരിവിടരുന്നത് ഇവര്‍ കാണുന്നുണ്ടോ എന്ന ചോദ്യത്തോടെയാണ് നോട്ടീസ് അവസാനിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.