ചരമവാര്‍ഷികം കടന്നു പോയത് ആരും അറിയാതെ; കമ്മ്യൂണിസ്റ്റുകാര്‍ വിസ്മരിച്ച കുന്തക്കാരന്‍ പത്രോസ്

Tuesday 13 March 2018 2:50 am IST
"undefined"

ആലപ്പുഴ: കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അടിത്തറയിട്ടതില്‍ പ്രധാനിയായിരുന്ന കെ.വി. പത്രോസ് എന്ന കുന്തക്കാരന്‍ പത്രോസിന്റെ മുപ്പത്തിയെട്ടാം ചരമവാര്‍ഷികം ആരും അറിയാതെ കടന്നു പോയി.   1980 മാര്‍ച്ച് ഒന്‍പതിനായിരുന്നു  മരണം. പുന്നപ്ര വയലാര്‍ സമരകാലത്ത്  ഒളിവിലായിരുന്ന നേതാക്കളെ പോലും  സമരനായകരെന്ന് വാഴ്ത്തുമ്പോഴാണ് യഥാര്‍ത്ഥ സമരനായകന്റെ സ്മരണകള്‍ക്ക്   അവഗണന.

 വലിയ ചുടുകാട്ടിലല്ല എസ്എന്‍ഡിപി വക ആലപ്പുഴ മംഗലം ശ്മശാനത്തിലാണ് പത്രോസ് അന്ത്യവിശ്രമം കൊള്ളുന്നത്.  അദ്ദേഹത്തിന്റെ  അവസാന നാളുകളിലെ ആഗ്രഹ പ്രകാരമായിരുന്നു അത്. ആരും തനിക്ക്   റീത്തു വെക്കരുതെന്നും പറഞ്ഞിരുന്നു.

 പുന്നപ്രവയലാര്‍ സമരത്തിലെ പ്രധാനിയായിരുന്നു പത്രോസ്. യന്ത്രത്തോക്കിനെതിരെ വാരിക്കുന്തമുയര്‍ന്നതോടെ 'കുന്തക്കാരന്‍ പത്രോസെന്ന' പേരായി. കല്‍ക്കത്താ തീസിസ് കാലത്ത് പാര്‍ട്ടി തിരുവിതാംകൂര്‍ സ്റ്റേറ്റ് സെക്രട്ടറിയായിരുന്നു. രണദിവെ ഉള്‍പ്പെടെയുള്ള അന്നത്തെ നേതാക്കള്‍ക്കെതിരെ പാര്‍ട്ടി കല്‍ക്കത്താ തീസിസിന്റെ പേരില്‍ നടപടി എടുത്തപ്പോള്‍ പത്രോസിനെ ബ്രാഞ്ചിലേക്ക് തരം താഴ്ത്തി.  

 തിരുകൊച്ചിയില്‍ കമ്യൂണിസ്റ്റു പ്രസ്ഥാനം വളര്‍ത്താന്‍ കൃഷ്ണപിള്ളയെക്കാള്‍ പങ്കു വഹിച്ചത്   പത്രോസാണ്. 1931ല്‍ തിരുവനന്തപുരത്തു രൂപീകരിച്ച ഇന്ത്യന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ കേരളഘടകത്തിനു നേതൃത്വം നല്‍കിയത് അദ്ദേഹമായിരുന്നു.  1939ല്‍ പിണറായി പാറപ്രത്തു നടന്ന സമ്മേളനത്തോടെ ദളിതനായ  പത്രോസിന് നേതൃസ്ഥാനത്ത് നിന്ന് ഭ്രഷ്ട് കല്‍പ്പിച്ചു തുടങ്ങി.  പാര്‍ട്ടി സ്ഥാപകനായി പി. കൃഷ്ണപിള്ളയെ അവരോധിക്കാന്‍ ശ്രമിച്ചവര്‍,  കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം സവര്‍ണ്ണരില്‍നിന്നാണ് ആരംഭിക്കുന്നതെന്നു വരുത്തിത്തീര്‍ക്കാന്‍ ചരിത്രം വളച്ചൊടിച്ചു. 

പാര്‍ട്ടി നയം  യാതൊരു അയവുമില്ലാതെ നടപ്പിലാക്കിയ പത്രോസ് സവര്‍ണ്ണ നേതാക്കളുടെ കണ്ണിലെ കരടായി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന് നേതാക്കളെയും  അണികളെയും ഓരോ പക്ഷത്തും അണിനിരത്താന്‍ ഓടിനടന്ന നാളുകളില്‍ പോലും പത്രോസിനെ ആരും ഓര്‍ത്തില്ല.  കൂടുതല്‍ ഇടതുപക്ഷമായതിനാല്‍ ഇടതു കമ്മ്യുണിസ്റ്റു പാര്‍ട്ടിക്ക് എന്നെ ഉള്‍ക്കൊല്ലാനാവുകില്ല. വലതല്ലാത്തതിനാല്‍ വലതു കമ്മ്യുണിസ്റ്റു പാര്‍ട്ടിക്കും ഉള്‍ക്കൊള്ളാനാവില്ല എന്നായിരുന്നു പത്രോസിന്റെ  അഭിപ്രായം. അവസാന നാളുകളില്‍ കയര്‍ തടുക്കുകള്‍ വിറ്റാണ് പത്രോസ് കഴിഞ്ഞത്. 

'ഞങ്ങള്‍ ജീവന്‍ പണയം വച്ചു വളര്‍ത്തിയെടുത്ത പാര്‍ട്ടി ഇന്ന് ഞങ്ങളുടെ ശത്രുക്കളുടെ കയ്യിലാ'ണെന്നായിരുന്നു അവസാന കാലയളവില്‍ പത്രോസിന്റെ വിലാപം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.