കാട്ടുപടവലം

Tuesday 13 March 2018 3:30 am IST

ശാസ്ത്രീയ നാമം :  Trichosanthes dioica

സംസ്‌കൃതം :പടവലം

തമിഴ്: കാട്ടുപുടാന്‍

എവിടെകാണാം : ദക്ഷിണേന്ത്യയില്‍ ഉടനീളം. 

പുനരുത്പാദനം : വിത്തില്‍ നിന്ന്

ഔഷധപ്രയോഗങ്ങള്‍:  കാട്ടുപടവലത്തിന്റെ  ഇല ഇടിച്ചുപിഴിഞ്ഞ നീര് ഒരു ലിറ്റര്‍, എള്ളെണ്ണ 250 മില്ലി, കാട്ടുപടവലത്തിന്റെ തണ്ടും വേരും ചേര്‍ത്ത് 50 ഗ്രാം അരച്ച് കല്‍ക്കം ചേര്‍ത്ത് മണല്‍പാകത്തില്‍ എണ്ണ കാച്ചി അരിക്കുക. ഇത് ഓരോ തുള്ളി വീതം മൂക്കില്‍  ഒഴിച്ച് നസ്യം ചെയ്യുക. മൂന്ന് മില്ലി നെറുകയില്‍ വയ്ക്കുകയും ചെയ്താല്‍ ജലദോഷം ശമിക്കും. 

തലവേദനയ്ക്കും അത്യുത്തമമാണ് കാട്ടുപടവലം. കാട്ടുപടവലത്തിന്റെ ഇലയും ചുക്കും അരച്ചും വെണ്ണ കൂട്ടി നെറ്റിയിലും നെറുകയിലും ഇട്ടാല്‍ തലവേദന മാറും. കാട്ടുപടവലത്തിന്റെ ഇല അരച്ച് വ്രണത്തില്‍ തേച്ചാല്‍ വ്രണം ശുദ്ധിവന്ന് ഭേദമാകും. 

കാട്ടുപടവലം കൊണ്ടുള്ള കഷായം എത്ര രൂക്ഷമായ പനിക്കുമുളള ശമന ഔഷധമാണ്. കാട്ടുപടവലം, വേപ്പിന്‍തൊലി, കടുക്‌രോഹിണി, ചിറ്റമൃത്, ദേവതാരം, ആടലോടക വേര്, പുത്തരിച്ചുണ്ട വേര്, പര്‍പ്പടകപ്പുല്ല്, മുത്തങ്ങ കിഴങ്ങ്, ഓരിലവേര്, മൂവിലവേര്, ചെറുവഴുതന വേര്, വന്‍വഴുതന വേര്, ഞെരിഞ്ഞില്‍, ചുക്ക്, കുരുമുളക്, തിപ്പലി, ഇരുവേലി,  ഇവ ഓരോന്നും അഞ്ച് ഗ്രാം വീതം ഒന്നരലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയാക്കി വറ്റിച്ച് 100 മില്ലി വീതം തേന്‍ മേമ്പൊടി ചേര്‍ത്ത് ദിവസം രണ്ട് നേരം സേവിക്കുക. നാല് ദിവസം ഇപ്രകാരം സേവിച്ചാല്‍ എത്ര രൂക്ഷമായ പനിയും ശമിക്കും. 

വാതം കൊണ്ടുള്ള നീരിനും സന്ധിവീക്കത്തിനും കാട്ടുപടവലത്തിന്റെ ഇല, കടുക് രോഹിണി ഇവ അരച്ച് തേച്ചാല്‍ മതിയാകും. എല്ലാ ജ്വരങ്ങള്‍ക്കും കാട്ടുപടവലം സിദ്ധൗഷധമാണ്. വാതത്തിനും പിത്തരോഗങ്ങള്‍ക്കും കഫ രോഗങ്ങള്‍ക്കും കാട്ടുപടവലം ഒഴിച്ചുകൂടാന്‍ പറ്റാത്ത ശമന ഔഷധമാണ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.