വികസനത്തിലൂടെ വിജയം

Tuesday 13 March 2018 3:45 am IST
രസകരമായ ഒരു കാര്യം ത്രിപുരയില്‍ സാക്ഷരത കൂടുന്തോറും കമ്മ്യൂണിസ്റ്റുകളുടെ ജനപിന്തുണ കുറയുന്നു എന്നതാണ്. ഓരോ തെരഞ്ഞെടുപ്പും നല്‍കുന്ന സൂചനയിതാണ്. അഭ്യസ്തവിദ്യരായ യുവജനതയുടെ ആവശ്യങ്ങള്‍ക്കനുസരിച്ചു സര്‍ക്കാരുകള്‍ക്ക് ഉയരാന്‍ സാധിച്ചില്ല എന്നതാണ് ഇതിനര്‍ത്ഥം. അതിനാല്‍ യുവജനത ഒന്നടങ്കം മോദിക്ക് കീഴില്‍ അണിനിരന്നു.മേഖലയിലേക്കുള്ള ബിജെപിയുടെ കടന്നുവരവ് വലിയ മാറ്റങ്ങള്‍ക്കാണ് വഴിവയ്ക്കുന്നത് സ്വാതന്ത്ര്യലബ്ധിക്കുശേഷം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യയുടെ അയല്‍രാജ്യങ്ങളുടെ പിന്തുണ ലഭിച്ചിരുന്നു.
"undefined"

വിമര്‍ശകര്‍ ഉന്നയിക്കുന്നതുപോലെ  വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്കുണ്ടായ മുന്നേറ്റം പണക്കൊഴുപ്പിന്റേതല്ല. 2014-നു ശേഷം കേന്ദ്ര സര്‍ക്കാര്‍ ഇവിടെ നടത്തുന്ന ഇടപെടലുകള്‍തന്നെ തങ്ങള്‍ ഭാരതത്തിന്റെ ഭാഗമാണ്  എന്ന ചിന്ത ഈ മേഖലയിലെ ജനങ്ങളിലുണ്ടാക്കി. 25 ലോക്‌സഭാ സീറ്റും 14 രാജ്യ സഭാ സീറ്റുമാണ് ഇവിടെയുള്ളത്.  അതുകൊണ്ടുതന്നെ ഈ മേഖലയെ അവഗണിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ്സ് സ്വീകരിച്ചുപോന്നത്. സ്വാതന്ത്ര്യത്തിനുശേഷം അവഗണിക്കപ്പെട്ടിരുന്ന ഇവിടങ്ങളില്‍ നിരവധി അടിസ്ഥാന വികസന സ്വകര്യങ്ങള്‍ എത്തിക്കുന്നതില്‍ മോദി സര്‍ക്കാര്‍ വിജയിച്ചു. 

ഭാരതത്തിന്റെ വടക്കുകിഴക്കന്‍ മേഖല 98 ശതമാനം  അതിര്‍ത്തി പങ്കിടുന്നത് ഇന്ത്യയുടെ അയല്‍രാജ്യങ്ങളുമായാണ്. അതിനാല്‍ നമ്മുടെ വിദേശനയത്തില്‍ വലിയ സ്ഥാനം ഇവിടുത്തെ ജനങ്ങള്‍ക്കുണ്ടെന്ന് മോദിസര്‍ക്കാര്‍ ജനങ്ങളെ ബോധ്യപ്പെടുത്തി. ഭാരതം തെക്കു കിഴക്കനേഷ്യന്‍  രാജ്യങ്ങളുമായി തുടരുന്ന 'ആക്ട് ഈസ്റ്റ്' നയത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് വലിയ സ്ഥാനം നല്‍കുകയും ചെയ്തു. അങ്ങനെ വികസനത്തിന്റെ മുഖ്യധാരയിലേക്ക് ഈ മേഖലയെ എത്തിക്കാനുള്ള ശ്രമങ്ങളും നടത്തി. അസമിനെ മ്യാന്‍മര്‍വഴി  ചൈനയിലെ യുനാന്‍ പ്രവിശ്യയുമായി ബന്ധിപ്പിക്കുന്ന റോഡ് ശൃംഖല ആരംഭിച്ചു. മണിപ്പൂര്‍, മിസോറം, നാഗാലാന്‍ഡ് എന്നീ  സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള  ഇന്ത്യ-മ്യാന്മര്‍-തായ്‌ലന്‍ഡ് ദേശീയപാതയ്ക്ക് രൂപംകൊടുത്ത്  ട്രാന്‍സ് ഏഷ്യന്‍ ഹൈവേ, ഇന്ത്യ-മ്യാന്മര്‍ സംയുക്ത റെയില്‍വേ പദ്ധതി, ഭാരതവും ബംഗ്ലാദേശുമായി ചേര്‍ന്നുള്ള ഓയില്‍ ഗ്യാസ് പൈപ്പ് പദ്ധതി, താമന്തി ഹൈഡ്രോ വൈദ്യുത പദ്ധതി എന്നിങ്ങനെ നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ മേഖലയില്‍ നടപ്പിലാക്കുകയും ചെയ്തു. 

ദേശീയ കായിക സര്‍വകലാശാല, ദേശീയ കാര്‍ഷിക സര്‍വകലാശാല, വിദ്യാര്‍ത്ഥികള്‍ക്ക് നിരവധി സ്‌കോളര്‍ഷിപ്പുകള്‍ എന്നിങ്ങനെയുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ അധികാരത്തില്‍ എത്തിയതിനുശേഷം മോദി സര്‍ക്കാര്‍ നടപ്പിലാക്കി തുടങ്ങിയിരുന്നു. ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുകയും, തദ്ദേശജനതയ്ക്ക് തൊഴിലും ജീവിത മാര്‍ഗങ്ങളും  തുറന്നുനല്‍കുകയും ചെയ്യുന്ന ഇത്തരം വികസന പ്രവര്‍ത്തനങ്ങള്‍ക്ക്  ലഭിച്ച അംഗീകാരമാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി നടത്തുന്ന മുന്നേറ്റങ്ങള്‍ക്കു കാരണം. ഈ സംസ്ഥാനങ്ങള്‍ വര്‍ഷങ്ങളായി അനുഭവിച്ചുവരുന്ന വിഘടനവാദ പ്രവര്‍ത്തങ്ങളും സുരക്ഷിതമല്ലാത്ത ജീവിത സാഹചര്യങ്ങളും കുറയ്ക്കുന്നതിന്  കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലുകള്‍ക്ക് കഴിഞ്ഞു. 2015  ഓഗസ്റ്റ്  മൂന്നിന്  നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ് എന്ന വിഘടനവാദ പ്രസ്ഥാനവുമായി കേന്ദ്രം സമാധാന കരാറുണ്ടാക്കിയിരുന്നു. വിഘടനവാദം ഒഴിവാക്കി ഭാരതത്തിന്റെ മുഖ്യധാരയിലേക്ക് മേഖലയെ  കൊണ്ടുവരുന്നു എന്ന തോന്നല്‍ നാഗാലാന്‍ഡ് ജനതയ്ക്ക് ഉണ്ടായി എന്നതാണ്  ജനവിധി നല്‍കുന്ന സന്ദേശം.

ന്യൂനപക്ഷ വിരുദ്ധ പാര്‍ട്ടിയാണ് ബിജെപി എന്ന ഇടതു-കോണ്‍ഗ്രസ് പാര്‍ട്ടികളുടെ പ്രചാരണത്തിന് കിട്ടിയ വലിയ തിരിച്ചടിയാണ് നാഗാലാന്‍ഡിലെ ബിജെപി സഖ്യത്തിന്റെ വിജയം. നാഗാലാന്‍ഡിലെ 88  ശതമാനം ജനങ്ങളും ക്രൈസ്തവരാണ്. ഹിന്ദുക്കള്‍ എട്ട് ശതമാനം മാത്രം. 60  അംഗ നിയമസഭയില്‍  29 സീറ്റ് നേടിയാണ് ബിജെപി  സഖ്യം  അധികാരത്തിലേറുന്നത്. മേഘാലയയുടെ കാര്യവും വ്യത്യസ്തമല്ല. 74 ശതമാനം ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ഉള്ളിടത്ത് ബിജെപി സഖ്യം വന്‍മുന്നേറ്റം നടത്തുകയുണ്ടായി. ത്രിപുരയിലെ തോല്‍വിയുടെ കാരണം കോണ്‍ഗ്രസിന്റെ പുറത്തുചാരുമ്പോഴും വനവാസി മേഖലയില്‍ പാര്‍ട്ടിക്കുണ്ടായ വോട്ടുചോര്‍ച്ച അംഗീകരിക്കാന്‍  ഇടതു നേതാക്കന്മാര്‍ തയാറായിട്ടില്ല. 

ത്രിപുരയില്‍ കോണ്‍ഗ്രസ്സിനേക്കാള്‍ നഷ്ടം ഉണ്ടായത് ഇടതുപക്ഷത്തിനുതന്നെയാണ്. അഞ്ച് മന്ത്രിമാര്‍ ഉള്‍പ്പെടെ തോറ്റ്  അധികാരം നഷ്ടപ്പെട്ടതിനു പുറമെ ജനപിന്തുണ വന്‍തോതില്‍ ഇടിഞ്ഞു. 2013-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 48.11 ശതമാനം വോട്ടാണ് ഇടതുപക്ഷം നേടിയത്. അത് 2014 ലെ പൊതുതിരഞ്ഞെടുപ്പില്‍ 64 ശതമാനമായി ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ കിട്ടിയിരിക്കുന്നത് 42.6 ശതമാനം വോട്ടാണ്. അതായത്, ഇപ്പോള്‍ ഇടതുനേതാക്കന്മാര്‍ പറയുന്ന  5.51 ശതമാനത്തിന്റെ കുറവ് എന്നത് 2013-ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ അടിസ്ഥാനമാക്കി മാത്രമാണ്. അതിനുശേഷം 2014-ല്‍  നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് വച്ചുനോക്കുമ്പോള്‍ 21  ശതമാനം വോട്ടിന്റെ  കുറവാണുണ്ടായിട്ടുള്ളത്. 

ഇടതുപക്ഷത്തിന്റെ വോട്ടുവിഹിതം കുറഞ്ഞില്ല എന്ന് വാദിക്കുമ്പോള്‍ത്തന്നെ ബിജെപി സഖ്യം 50 ശതമാനം വോട്ട് നേടി നാലില്‍ മൂന്ന് ഭുരിപക്ഷവുമായാണ് അധികാരം പിടിച്ചതെന്ന യാഥാര്‍ത്ഥ്യം കാണേണ്ടതുണ്ട്. സിപിഎമ്മിന് 33  സീറ്റ് കുറയുകയും ബിജെപിക്ക് 35 കൂടുകയും ചെയ്തു. ദളിത് സംരക്ഷകരാണെന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ  അവകാശവാദത്തിന് തിരിച്ചടിയാണ് ത്രിപുരയിലെ വനവാസി വിഭാഗങ്ങള്‍ നല്‍കിയത്. കഴിഞ്ഞതവണ ഗോത്ര മേഖലയിലെ 20 സീറ്റും വിജയിച്ച സിപിഎമ്മിന് ഇത്തവണ പച്ചതൊടാനായില്ല. ഐപിഎഫ്ടി എന്ന വിഘടന വാദപ്രസ്ഥാനവുമായി ബിജെപി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കി എന്ന വാദമാണ്  ഇടതു-കോണ്‍ഗ്രസ് നേതാക്കള്‍  ഉയര്‍ത്തുന്നത്. ആരുടെ പ്രവര്‍ത്തനങ്ങള്‍കൊണ്ട് ത്രിപുരയില്‍ വിഘടനവാദം ഉണ്ടായി എന്ന് ഇക്കൂട്ടര്‍ ചിന്തിക്കുന്നില്ല.  ഗോത്രജനതയെ നിരന്തരമായി അവഗണിച്ചതിന്റെ ഫലമായും, ബംഗ്ലാദേശില്‍നിന്ന് അനധികൃത കുടിയേറ്റക്കാരെ സംസ്ഥാനത്ത് എത്തിക്കുകയും തദ്ദേശീയ അവകാശങ്ങളെ കവര്‍ന്നെടുക്കുകയും ചെയ്തതിന്റെ ഫലമായാണ് ഗോത്രവിഭാഗങ്ങള്‍ക്ക് ജനാധിപത്യത്തില്‍ വിശ്വാസം നഷ്ടമായതും, ആയുധത്തിന്റ പാത സ്വീകരിക്കാന്‍ അവര്‍ നിര്‍ബന്ധിതരായതും. അവരെ ആയുധം ഉപേക്ഷിച്ച് തെരഞ്ഞെടുപ്പില്‍ പങ്കാളികളാക്കി ജനാധിപത്യ പ്രക്രിയയുെട  ഭാഗമാക്കി എന്നതാണ് ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത. 

സാക്ഷരത കുറയുന്നിടത്താണ് ബിജെപി വളരുക എന്ന കേരളത്തിലെ സിപിഎമ്മിന്റെ വാദം ഇനി ആ പാര്‍ട്ടിയുടെ നേതാക്കന്മാര്‍ക്ക്  ഉപേക്ഷിക്കേണ്ടി വരും എന്നാണ് ത്രിപുര തെരഞ്ഞെടുപ്പ് നല്‍കുന്ന പാഠം. 94 ശതമാനമാണ് ത്രിപുരയിലെ സാക്ഷരത. നാഗാലാന്‍ഡില്‍  79.55 ശതമാനവും  മിസോറാമില്‍ 91.33 ശതമാനവുമാണ്. കേരളത്തേക്കാള്‍ സാക്ഷരതാ  കൂടുതലായ ത്രിപുരയില്‍നിന്ന് ബിജെപിക്ക് കിട്ടിയ ജനവിധി കേരളത്തിലെ ഇടതുപാര്‍ട്ടികളെയാണ് പ്രതിരോധത്തിലാക്കുന്നത്. രസകരമായ ഒരു കാര്യം ത്രിപുരയില്‍ സാക്ഷരത കൂടുന്തോറും കമ്മ്യൂണിസ്റ്റുകളുടെ ജനപിന്തുണ കുറയുന്നു എന്നതാണ്. ഓരോ തെരഞ്ഞെടുപ്പും നല്‍കുന്ന സൂചനയിതാണ്. അഭ്യസ്തവിദ്യരായ  യുവജനതയുടെ  ആവശ്യങ്ങള്‍ക്കനുസരിച്ചു സര്‍ക്കാരുകള്‍ക്ക് ഉയരാന്‍ സാധിച്ചില്ല എന്നതാണ് ഇതിനര്‍ത്ഥം. അതിനാല്‍ യുവജനത ഒന്നടങ്കം മോദിക്ക് കീഴില്‍ അണിനിരന്നു.

മേഖലയിലേക്കുള്ള  ബിജെപിയുടെ കടന്നുവരവ് വലിയ മാറ്റങ്ങള്‍ക്കാണ് വഴിവയ്ക്കുന്നത് സ്വാതന്ത്ര്യലബ്ധിക്കുശേഷം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യയുടെ അയല്‍രാജ്യങ്ങളുടെ പിന്തുണ ലഭിച്ചിരുന്നു. ഇന്നത്തെ ബംഗ്ലാദേശ് ഉള്‍പ്പെട്ട പഴയ കിഴക്കന്‍ പാക്കിസ്ഥാന്റെ കാലത്ത് നാഗാ,  മിസോ  വിഘടനവാദ  പ്രസ്ഥാനങ്ങള്‍ക്ക് സാമ്പത്തികസഹായവും ആയുധ സഹായവും ആയുധപരിശീലനവും ലഭിച്ചു. 1966-നുശേഷം നാഗവിഭാഗങ്ങള്‍ക്ക് ചൈനയുടെ  പിന്തുണ ലഭിച്ചു. ഭാരതത്തില്‍ പരമാവധി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുക എന്ന തന്ത്രമാണ് ഇതിനുപിന്നില്‍. 

ഇന്ന്  അരുണാചല്‍പ്രദേശിനെച്ചൊല്ലി ഭാരതവും ചൈനയും തര്‍ക്കത്തിലാണ്.  ചൈന തെക്കന്‍ ടിബറ്റ് എന്നുവിളിക്കുന്ന അരുണാചല്‍പ്രദേശിനെ ഭാരതം അവിഭാജ്യ ഘടകമായാണ് കാണുന്നത്. വടക്കു കിഴക്കന്‍ മേഖലയില്‍ നിലനിന്നിരുന്ന ദാരിദ്ര്യവും  വികസനമില്ലായ്മയുമാണ് മറ്റുരാജ്യങ്ങള്‍ മുതലെടുത്തത്-പ്രധാനമായും തൊഴിലില്ലായ്മ. മേഖലയിലെ യുവാക്കളെ വിഘടനവാദ പ്രസ്ഥാനങ്ങളിലേക്കു ആകര്‍ഷിച്ചു. തങ്ങള്‍ ഭാരതത്തിന്റെ ഭാഗമല്ല എന്ന തോന്നല്‍ മേഖലയിലാകമാനം വളര്‍ന്നിരുന്നു. 2014 നുശേഷം മേഖലയിലേക്ക് അന്‍പതിലേറെ കേന്ദ്രമന്ത്രിമാരെയാണ് പ്രധാനമന്ത്രി അയച്ചത്. അദ്ദേഹം വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തു. 

ചൈനയുടെ എതിര്‍പ്പ് അവഗണിച്ച് പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി, ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ എന്നിവര്‍ അരുണാചല്‍ പ്രദേശ് സന്ദര്‍ശിക്കുകയും ചെയ്തു. ബംഗ്ലാദേശുമായി ഭാരതത്തിനുണ്ടായിരിക്കുന്ന അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കുകയും, അതിര്‍ത്തി അടയ്ക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുകയും ബംഗ്ലാദേശില്‍ നിന്നുള്‍പ്പെടെയുള്ള അനധികൃത കുടിയേറ്റത്തിനെതിരെ ശക്തമായ നിലപാടെടുക്കുകയും ചെയ്തു. ചൈനയുമായുള്ള ദോക്‌ലാം വിഷയത്തില്‍  ഭാരതത്തിന്റെ വിജയം മോദി സര്‍ക്കാരിലുള്ള വിശ്വാസം ജനങ്ങള്‍ക്കിടയില്‍ വര്‍ധിപ്പിച്ചു.  ഇതൊക്കെ ഭാരതം മേഖലയ്ക്ക് വലിയ പ്രാധാന്യം കൊടുക്കുന്നുവെന്ന ധാരണയുണ്ടായി. ഏകതാ മനോഭാവം വളര്‍ത്തിയെടുക്കുന്നതിനും ഇത് കാരണമായി.  ബിജെപിയുടെ കടന്നുവരവ്  ഭാരതവിരുദ്ധ ശക്തികളുടെ കണക്കുകൂട്ടല്‍ തെറ്റിക്കുകയും മേഖലയിലെ സമവാക്യങ്ങള്‍ മാറ്റിമറിക്കുകയുമാണ്. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഒരേ സര്‍ക്കാരുകള്‍ ആയതിനാല്‍ത്തന്നെ വികസന പ്രവര്‍നത്തങ്ങള്‍ക്ക് വേഗവും ശക്തിയും കൂടുമെന്നുറപ്പാണ്.

തെരഞ്ഞെടുപ്പിനുശേഷം വളരെ വിചിത്രമായ വാദങ്ങള്‍ ഉന്നയിക്കുന്ന പതിവ് നയമാണ് ഇത്തവണയും ഇടതുപക്ഷം പയറ്റുന്നത്. തങ്ങളുടെ തോല്‍വിയുടെ ഉത്തരവാദിത്വം കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ചുമലില്‍ കെട്ടിവയ്ക്കുന്ന നിലപാടാണ് എടുത്തിരിക്കുന്നത്. തിരഞ്ഞെടുപ്പിനു മുന്‍പ് ത്രിപുരയിലെ ജനങ്ങളെ പ്രബുദ്ധരെന്നും സാക്ഷരരെന്നും, തെരഞ്ഞെടുപ്പില്‍ തോറ്റതോടെ പണംവാങ്ങി വോട്ടുചെയ്യുന്നവരെന്നും വിഘടനവാദികളെന്നും വിളിക്കുകയും ചെയ്യുകയാണ് ഇടതുപക്ഷം. കഴിഞ്ഞ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമം മണ്ഡലത്തില്‍ ഇടതുപക്ഷം തോറ്റപ്പോഴും, തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപി രണ്ടാമത് എത്തിയപ്പോഴും കോണ്‍ഗ്രസിനും ജനങ്ങള്‍ക്കും ബിജെപിക്കുമായിരുന്നു പഴി. എന്നാല്‍ തങ്ങളുടെ ആശയം കാലഹരണപ്പെടുന്നതും മാറ്റത്തെ ഉള്‍ക്കൊള്ളത്തതുമാണ് ജനപിന്തുണ ഇടിയുന്നതിനു കാരണമെന്നു ഇടതു നേതാക്കള്‍ മനസ്സിലാക്കുന്നില്ല. 

(എംജി സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്‌സ് ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയാണ് ലേഖകന്‍)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.