ദയാവധം വ്യവസായമാവാതിരിക്കൻ

Tuesday 13 March 2018 3:50 am IST
മരണത്തിന്റെയും ശുചിത്വത്തിന്റെയും മറവില്‍ രോഗികളെ എല്ലാവരില്‍ നിന്നുമകറ്റി ആശുപത്രികള്‍ ചൂഷണം ചെയ്യുന്നു. അതില്‍നിന്ന് ഒരു പരിധിവരെയെങ്കിലും രക്ഷപ്പെടാന്‍ ദയാവധം അംഗീകരിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി സഹായിച്ചേക്കാം.
"undefined"

മരുന്നിന്റേയും ജീവന്‍രക്ഷാ ഉപകരണങ്ങളുടേയും സഹായത്തോടെ ആശുപത്രിയില്‍ കിടന്നു നരകിക്കുന്നത് ഇനി അവസാനിപ്പിക്കാം. ജീവന്‍ നിലനിര്‍ത്താനാവില്ലെന്നു കണ്ടാല്‍ സ്വാഭാവികമരണം ഉറപ്പുവരുത്താനുള്ള അവകാശത്തിനു പരമോന്നത നീതിന്യായപീഠം അനുമതി നല്‍കി. അതു ദയാവധമല്ല. ആത്മാഭിമാനത്തോടെയുള്ള മരണമാണ്. രോഗങ്ങള്‍ മൂര്‍ച്ഛിച്ച് ജീവിതത്തിലേക്കു തിരിച്ചുവരാനാകാത്തവിധം നരകിക്കുന്ന കോടിക്കണക്കിനു ആളുകള്‍ക്ക് കോടതിവിധി ആശ്വാസമാകും.

 ചികിത്സാരംഗം ഇന്ന് അലോപ്പതി ആശുപത്രികളുടെ കൈപ്പിടിക്കുള്ളിലാണ്. വമ്പിച്ച മൂലധനനിക്ഷേപം ആവശ്യമുള്ളവയാണു അവയൊക്കെ. ഡോക്ടര്‍മാര്‍ക്ക് ലക്ഷങ്ങള്‍ ശമ്പളം കൊടുക്കണം. സാങ്കേതിക ഉപകരണങ്ങള്‍ക്ക് കോടികളാണ് വില. ടെസ്റ്റുകളുടെ ചെലവ് കനത്തതാണ്. ആസന്നമരണം മുന്‍നിര്‍ത്തി വിലപേശിയാണ് ആശുപത്രികള്‍ ഇന്നു നടത്തിക്കൊണ്ടുപോകുന്നത്. എങ്കിലേ അതിനുള്ള പണം വരൂ. മരണഭയം എല്ലാവര്‍ക്കുമുള്ളതാണെങ്കിലും ചികിത്സ തേടിയെത്തുന്നവരില്‍ സാധാരണജീവിതത്തിലേക്കു മടങ്ങിയെത്തുന്നവരുടെ എണ്ണം പരിമിതമാണ്. അല്ലെങ്കില്‍ കനത്ത ചെലവുവഹിച്ചു പച്ചക്കറിയായി കഴിയണം. ആ അവസ്ഥ രോഗികള്‍ക്കുണ്ടാക്കുന്ന പീഡനം വളരെ വലുതാണ്. 

ആധുനികചികിത്സ രോഗികളുടെ ബന്ധുക്കള്‍ക്കു സമ്മാനിക്കുന്നത് ധനനഷ്ടവും, വൈകാരിക സമ്മര്‍ദ്ദവുമാണ്. വീട്ടിലൊരു രോഗിയുണ്ടായിക്കഴിഞ്ഞാല്‍ അവിടെ പിന്നെ സമാധാനമില്ല. സമ്പത്തും പോകും. ഇതു തിരിച്ചറിയുന്നതോടെ രോഗിക്കു ജീവിതത്തേക്കാള്‍ അഭികാമ്യം മരണമാണെന്നു തോന്നും. പക്ഷെ അതു പുറത്തുപറയാന്‍ പ്രയാസമുണ്ട്. അതു മനസ്സിലാക്കിയ മെഡിക്കല്‍ വ്യവസായികള്‍ കൗശലപൂര്‍വ്വം മരണം മാര്‍ക്കറ്റ് ചെയ്യുന്നു.  അതിനു അനുയോജ്യമായ രീതിയിലാണ് ആധുനിക മെഡിക്കല്‍ വ്യവസായം നല്‍കുന്ന പരസ്യങ്ങളും. അതു വാങ്ങിക്കൊടുത്തില്ലെങ്കില്‍ മറ്റുള്ളവര്‍ കുറ്റപ്പെടുത്തുമെന്ന പേടിയാണ് ആസന്നമരണരെ ആശുപത്രികളില്‍ പ്രവേശിപ്പിക്കാന്‍ ബന്ധുക്കളെ പ്രേരിപ്പിക്കുന്നത്. മരണത്തിന്റെയും ശുചിത്വത്തിന്റെയും മറവില്‍ രോഗികളെ എല്ലാവരില്‍ നിന്നുമകറ്റി ആശുപത്രികള്‍ രോഗികളെ ചൂഷണം ചെയ്യുന്നു. അതില്‍നിന്നു ഒരു പരിധിവരെയെങ്കിലും രക്ഷപ്പെടാന്‍ ഈ വിധി സഹായിച്ചേക്കാം.

 എന്നാല്‍ മരണത്തിന്റെ പേരില്‍ ചൂഷണം ചെയ്യാനുള്ള അവസരം നഷ്ടപ്പെട്ടാല്‍ അവര്‍ വെറുതെയിരിക്കുമെന്നു കരുതണ്ട. ഇപ്പോള്‍ത്തന്നെ വിധിക്കെതിരെ ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ച് ഒരു വിഭാഗം പുരോഹിതര്‍ രംഗത്തിറങ്ങിക്കഴിഞ്ഞു. അതില്‍ ആത്മാര്‍ത്ഥതയൊന്നുമില്ല. സൗജന്യമായല്ലല്ലോ അവര്‍ ചികിത്സ കൊടുക്കുന്നത്. അവയവമാറ്റമുള്‍പ്പെടെ എല്ലാ ഹൈടെക് ചികിത്സകള്‍ക്കും എല്ലാ ആശുപത്രികളും വമ്പിച്ച ഫീസ് ഈടാക്കുന്നുണ്ട്. പുരോഹിതരുടെ പരിദേവനം തങ്ങള്‍ നടത്തുന്ന മെഡിക്കല്‍ വ്യവസായത്തിന് ദോഷം ചെയ്യുമെന്ന ആശങ്കയില്‍ നിന്നുണ്ടായതാണ്. കേരളത്തിലെ കൂടുതല്‍ ആശുപത്രികളും അവര്‍ നടത്തുന്നതാണ്. മറ്റ് മെഡിക്കല്‍ വ്യവസായികള്‍ക്ക് അവരെ മുന്‍നിര്‍ത്തി വിധി അട്ടിമറിക്കാന്‍ എളുപ്പമാകുകയും ചെയ്യും. സ്വച്ഛന്ദമൃത്യു ആഗ്രഹിക്കുന്ന ഓരോ പൗരനും അത്തരം നീക്കങ്ങള്‍ക്കെതിരെ കരുതിയിരിക്കണം. അതിനു മുന്‍കൂട്ടി മരണപത്രങ്ങള്‍ തയ്യാറാക്കണം. ആത്മാഭിമാനത്തോടെ മരിക്കുക നമ്മുടെ മൗലികാവകാശമാണ്.

'എന്റെ ഭാര്യ എങ്ങനെ മരിച്ചു എന്നു ഡോക്ടര്‍മാര്‍ പറയണം'  ഒരാനുകാലികത്തില്‍ വന്ന ലേഖനത്തിന്റെ തലക്കെട്ടാണിത്. പെട്ടെന്നുണ്ടായ അസ്വാസ്ഥ്യത്തെത്തുടര്‍ന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭാര്യയെ പിന്നെ മരിച്ച നിലയിലാണ് ലേഖകനു തിരിച്ചുകിട്ടിയത്. അതിന്റെ കാരണം വിശദീകരിക്കാന്‍ ഡോക്ടര്‍മാര്‍ വിമുഖരാണ്. അതാണ്മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ബിജെപി നേതാവുമായ ബാലശങ്കറെക്കൊണ്ട് ആ ലേഖനമെഴുതിച്ചത്. (ലേഖനം കലാകൗമുദി വാരികയില്‍). ബാലശങ്കര്‍ ചില്ലറക്കാരനൊന്നുമല്ല. ഉന്നതങ്ങളില്‍ സ്വാധീനവും സാമൂഹികരംഗത്ത് ആദരണീയനുമാണ് അദ്ദേഹം. ബാലശങ്കര്‍ക്ക് ഇതാണ് അനുഭവമെങ്കില്‍ സാധാരണക്കാരുടെ കാര്യമെന്തായിരിക്കും? അലോപ്പതി ചികിത്സാരംഗത്തിന്റെ ഒരു ലിറ്റ്‌മെസ് ടെസ്റ്റാണ് ആ ലേഖനം. മെഡിക്കല്‍ രംഗത്തു ഒളിഞ്ഞിരിക്കുന്ന അപകടത്തെപ്പറ്റിയാണ് അദ്ദേഹം സങ്കടത്തോടെ ആവലാതിപ്പെട്ടത്.

ഇതിവിടെ സൂചിപ്പിച്ചത് ഇപ്പോള്‍ വന്നിരിക്കുന്ന വിധിയെ അലോപ്പതി എങ്ങനെ അട്ടിമറിക്കാന്‍ ശ്രമിക്കും എന്നുള്ളതിനേക്കുറിച്ചൊരു സൂചന നല്‍കാനാണ്. നിബന്ധനകള്‍ക്കു വിധേയമായിട്ടാണ് സ്വച്ഛന്ദമൃത്യു അനുവദിച്ചിരിക്കുന്നത്. പക്ഷേ അവയവമാറ്റ ബിസിനസ്സുകാര്‍ ആശുപത്രികളുമായി ചേര്‍ന്ന് അതു ദുരുപയോഗപ്പെടുത്താനിടയുണ്ട്. പണമോ, പ്രലോഭനമോ, ഭീഷണിയോ കൊണ്ട് സമ്മതപത്രം തയ്യാറാക്കിച്ച് അവയവങ്ങള്‍ കച്ചവടമാക്കാന്‍ അവര്‍ ശ്രമിയ്ക്കായ്കയില്ല. സ്വച്ഛന്ദമൃത്യുവിനു സര്‍ക്കാര്‍ നിയമം നിര്‍മ്മിക്കുമ്പോള്‍ ആ പഴുതുകള്‍ അടച്ചിരിക്കണം. മരണത്തിനുള്ള സമ്മതപത്രം കൊടുക്കുന്നവരുടെ അവയവങ്ങള്‍ ദാനം ചെയ്യപ്പെടാന്‍ പാടില്ല എന്നൊരു വ്യവസ്ഥയുണ്ടായാല്‍ മതി, അത് ഉറപ്പാക്കാം.

ആസന്നമരണരെ നിശ്ചയിക്കുന്നത് അലോപ്പതി മാനദണ്ഡങ്ങള്‍ക്ക് വിധേയമായിട്ടാണെന്നതാണ് വിധിയുടെ ഒരു പരിമിതി. അതവര്‍ സ്വാര്‍ത്ഥലാഭത്തിന് ഉപയോഗപ്പെടുത്താതിരിക്കില്ല. സര്‍ക്കാരിനു നോക്കുകുത്തിയായിരിക്കാനേ കഴിയൂ. കാരണം അലോപ്പതിരംഗത്തു സര്‍ക്കാരിനു യാതൊരു നിയന്ത്രണവുമില്ല. അതാണ് വാസ്തവം. ഈ സാഹചര്യത്തില്‍ വിധിയെ മറികടക്കാനോ, ദുരുപയോഗപ്പെടുത്താനോ മെഡിക്കല്‍ വ്യവസായികള്‍ പഴുതുതേടും. അതു തടയേണ്ടതാണ്. അതിനു പൗരന്‍ തേടുന്ന ചികിത്സ അക്കൌണ്ടബിള്‍ ആക്കുകയേ നിര്‍വ്വാഹമുള്ളു. അര്‍ദ്ധജുഡീഷ്യല്‍ അധികാരത്തോടെ ഒരു മെഡിക്കല്‍ റെഗുലേറ്ററി കമ്മീഷന്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപിക്കണം. ആശുപത്രികളും, ഡോക്ടര്‍മാരും നടത്തുന്ന എല്ലാ ചികിത്സാവിവരങ്ങളും ഒരു കേന്ദ്ര സെര്‍വ്വറില്‍ ശേഖരിക്കുകയും അവ നിരീക്ഷണവിധേയമാക്കാന്‍ കഴിയുകയും ചെയ്യണം.

ഉത്തരവാദപ്പെട്ട സമൂഹത്തില്‍ മെഡിക്കല്‍ രംഗത്തുള്ളവര്‍ അതിനു ബാദ്ധ്യസ്ഥരാണ്. ഒരു ആധുനിക സമൂഹത്തില്‍ അക്കൗണ്ടബിള്‍ ആകുക അപമാനകരമൊന്നുമല്ലെന്നു മാത്രമല്ല അത്യാവശ്യവുമാണ്. എല്ലാ ശാഖകളിലുള്ള വൈദ്യത്തേയും അതിനു ബാദ്ധ്യസ്ഥരാക്കുകയും വേണം. പൊതുധനമുപയോഗിച്ച് ഡോക്ടറാകുകയും, ചികിത്സ നടത്തുകയും ചെയ്യുന്നവര്‍ അതു പൗരധര്‍മ്മമായി കണ്ട് സഹകരിക്കണം. അത്തരമൊരു നിരീക്ഷണ-നിയന്ത്രണ ഏജന്‍സിയുടെ പശ്ചാത്തലത്തിലേ ബാലശങ്കറേപ്പോലുള്ളവര്‍ക്കു ണ്ടായ അനുഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കൂ. ദയാവധം ഒരു വ്യവസായമായി വളരാതിരിക്കാനും അതാവശ്യമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.