ഹോംകോ വാഹനം എക്‌സൈസ് തടഞ്ഞുവച്ചതില്‍ ദുരൂഹത

Tuesday 13 March 2018 2:00 am IST

 

ആലപ്പുഴ: സര്‍ക്കാര്‍ സ്ഥാപനമായ പാതിരപ്പള്ളി ഹോംകോയിലെ വാഹനം 13 മണിക്കൂര്‍ എക്‌സ്സൈസ് തടഞ്ഞുവച്ചതില്‍ ദുരൂഹത.  ഇവിടെ  നിന്ന് സ്പിരിറ്റ് കലര്‍ന്ന മരുന്നുകള്‍ പ്രത്യേക ലൈസസന്‍സോടുകൂടി അന്യസംസ്ഥാനത്ത് ഹോംകോയുടെ വാഹനത്തില്‍ വിതരണത്തിന് കൊണ്ടു പോകാറുണ്ട്. ഇങ്ങനെ വിതരണം കഴിഞ്ഞ് തിരിച്ചെത്തുന്ന വാഹനത്തില്‍ സ്ഥിരമായി മാഹിയില്‍ നിന്നും മദ്യക്കടത്ത് നടത്തുന്നു എന്നാണ് ആരോപണം ഉയര്‍ന്നത്. 

  സര്‍ക്കാര്‍ വാഹനം കാര്യമായ പരിശോധനയ്ക്ക് വിധേയമാക്കപ്പെടാത്ത സാഹചര്യം മുതലെടുത്താണ് മദ്യം കടത്തിയിരുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്. മാഹിയില്‍ നിന്നും ഹോംകോയുടെ വാഹനത്തില്‍ മദ്യം കടത്തിക്കൊണ്ടു വരുന്നു എന്ന വ്യക്തമായ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് വാഹനം കാട്ടൂരില്‍ എക്‌സ്സൈസ് സംഘം പിടിച്ചെടുക്കുന്നത്. പിടിച്ചെടുത്ത വാഹനം 13 മണിക്കൂറിന് ശേഷമാണ് എക്‌സ്സൈസ് സംഘം വിട്ടു നല്‍കിയത്. 

  പ്രാഥമിക പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല എന്നാണ് വിശദീകരണം. ഒന്നും കണ്ടെത്താന്‍ കഴിയാതിരുന്ന വാഹനം തടഞ്ഞിട്ട 13 മണിക്കൂറിനുള്ളില്‍  കേസ്സ് തേച്ചു മായ്ച്ചു കളയുവാന്‍ രാഷ്ട്രീയ, ഉദ്യോഗസ്ഥതലത്തില്‍  അവിശുദ്ധ ഇടപെടലുകള്‍ നടന്നതായും ആക്ഷേപം ഉയരുന്നു. 

  ഹൈവേയിലൂടെ ഹോംകോയിലെത്തേണ്ട വാഹനം ജില്ലയുടെ തീരദേശ റോഡിലൂടെ വന്നതിലും സംശയം കൂടുതല്‍ ബലപ്പെടുത്തുന്നു. ആരോഗ്യവകുപ്പ് മന്ത്രി വിശദമായ അന്വേഷണം നടത്തി കുറ്റക്കാരവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഹോംകോ എംപ്ലോയീസ് കോണ്‍ഗ്രസ്സ് പ്രസിഡന്റ് എ.എ. ഷുക്കൂര്‍ ആവശ്യപ്പെട്ടു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.