ലൈറ്റ് മെട്രോ അവതാളത്തില്‍

Tuesday 13 March 2018 3:55 am IST

കൊച്ചി മെട്രോ തുടങ്ങുന്നതിനു മുമ്പുതന്നെ സര്‍ക്കാരും ഡിഎംആര്‍സിയും തമ്മില്‍ തുടങ്ങിയ സൗന്ദര്യപ്പിണക്കം ജനങ്ങളില്‍ ആശങ്കയും ആകാംക്ഷയും സൃഷ്ടിച്ചിരുന്നു. മെട്രോമാന്‍ എന്ന ഓമനപ്പേരില്‍ അറിയുന്ന ഇ. ശ്രീധരന്റെ അവസരോചിതമായ ഇടപെടലും വിലയേറിയ ഉപദേശങ്ങളുംകൊണ്ടാണ് കൊച്ചി മെട്രോ ഇത്രയും വേഗം പൂര്‍ത്തിയായത്. ഉദ്ഘാടനകര്‍മ്മത്തിനു പ്രധാനമന്ത്രിതന്നെ വേണമെന്ന ജനങ്ങളുടെ ആഗ്രഹത്തിനു വഴങ്ങിയാണ് സര്‍ക്കാര്‍ അദ്ദേഹത്തെക്കൊണ്ടുതന്നെ ഉദ്ഘാടനം നിര്‍വഹിച്ചത്.

ഇപ്പോള്‍ ലൈറ്റ് മെട്രോ തുടങ്ങുന്നതിനു മുമ്പുതന്നെ ഡിഎംആര്‍സിയേയും അതിന്റെ മുഖ്യ ഉപദേഷ്ടാവിനെയും മാറ്റിനിര്‍ത്താനുള്ള വ്യഗ്രതയിലാണ് പിണറായി സര്‍ക്കാര്‍. അതുകൊണ്ടുതന്നെയാണ് ഇക്കാര്യം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ തയ്യാറായ ശ്രീധരന് മുഖ്യമന്ത്രിയെ കാണാന്‍ അനുമതി നല്‍കാഞ്ഞതും. പൊതുമരാമത്ത് മന്ത്രിയുടെ പ്രസ്താവനകളും മുഖ്യ ഉപദേഷ്ടാവിനെ വേദനിപ്പിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ രഹസ്യ അജണ്ടയുടെ ഭാഗമാണ് ഇത്തരം നടപടികള്‍. 

കേന്ദ്രത്തിന്റെ അനുമതിയില്ലാതെ ലൈറ്റ് മെട്രോ തുടങ്ങാന്‍ പ്രയാസമാണെന്നു പറഞ്ഞ് പ്രശ്‌നത്തില്‍നിന്നും തലയൂരാനുള്ള നീക്കമാണ് കാണുന്നത്. ഇത് എത്രത്തോളം വിജയിക്കുമെന്നുള്ള കാര്യം കണ്ടറിയണം. പാലം കടക്കാന്‍ നാരായണ, പാലം കടന്നാല്‍ കൂരായണ എന്ന സ്വഭാവമാണ് സംസ്ഥാന സര്‍ക്കാര്‍ കാണിച്ചത്. ഇത് മെട്രോമാന്‍ എന്ന് ലോകംതന്നെ അംഗീകരിച്ച ശ്രീധരനോടുള്ള അനാദരവാണ്.

എന്‍.യു. പൈ, 

കൂവപ്പാടം, കൊച്ചി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.