നരേഷ് അഗർവാൾ ബിജെപിയിൽ

Tuesday 13 March 2018 4:00 am IST
"undefined"

ന്യൂദല്‍ഹി: സമാജ്‌വാദി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവും അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ വിശ്വസ്തനുമായ നരേഷ് അഗര്‍വാള്‍ ബിജെപിയില്‍ ചേര്‍ന്നു. ദല്‍ഹി ബിജെപി ആസ്ഥാനത്ത് അഗര്‍വാളിന്റെ സാന്നിധ്യത്തില്‍ കേന്ദ്ര മന്ത്രി പീയൂഷ് ഗോയലാണ് തീരുമാനം പ്രഖ്യാപിച്ചത്. മകനും എംഎല്‍എയുമായ നിതിന്‍ അഗര്‍വാളും ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചു. ഏഴ് തവണ എംഎല്‍എയായിരുന്ന അഗര്‍വാള്‍ പാര്‍ട്ടി വിട്ടത് എസ്പിക്ക് കനത്ത തിരിച്ചടിയാണ്. സിനിമയില്‍നിന്നും രാഷ്ട്രീയ രംഗത്തെത്തിയ ജയാ ബച്ചനെ രാജ്യസഭയിലേക്ക് വീണ്ടും മത്സരിപ്പിക്കാനുള്ള തീരുമാനമാണ് അഗര്‍വാളിനെ പ്രകോപിപ്പിച്ചത്. 

ജയാ ബച്ചനും അഗര്‍വാളും ഉള്‍പ്പെടെ എസ്പിയുടെ ആറ് രാജ്യസഭാ അംഗങ്ങളുടെ കാലാവധി ഈ മാസം അവസാനിക്കും. നിയമസഭയിലെ ഇപ്പോഴത്തെ ശക്തിയനുസരിച്ച് ഒരാളെ മാത്രമാണ് പാര്‍ട്ടിക്ക് ജയിപ്പിക്കാനാവുക. മുതിര്‍ന്ന നേതാക്കളായ രാംഗോപാല്‍ യാദവ് നരേഷിനെയും അസംഖാന്‍ മുനവര്‍ സലീമിനെയും സ്ഥാനാര്‍ത്ഥിയാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. പാര്‍ലമെന്റില്‍ പാര്‍ട്ടിയുടെ അംഗസംഖ്യ കുറയുന്ന സാഹചര്യത്തില്‍ ശക്തനായ ഒരാളെ തെരഞ്ഞെടുക്കണമെന്ന് അഭിപ്രായമുയര്‍ന്നു. ജയാ ബച്ചനെ മത്സരിപ്പിക്കാനുള്ള തീരുമാനം പാര്‍ട്ടിയില്‍ അത്ഭുതവും ഭിന്നതയും ഉണ്ടാക്കിയിട്ടുണ്ട്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.