ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്നു; തെക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത

Tuesday 13 March 2018 4:25 am IST

തിരുവനന്തപുരം: കന്യാകുമാരിക്ക് തെക്കുഭാഗത്തായി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്നു. ഇന്ന് ഇത് അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.  അടുത്ത രണ്ടു ദിവസം ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. തിരുവനന്തപുരത്ത് പലയിടങ്ങളിലും ഇന്നലെ മഴയുണ്ടായി.

അടുത്ത രണ്ടുദിവസങ്ങളില്‍ സംസ്ഥാനത്തൊട്ടാകെ കനത്ത മഴയ്ക്കും സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ധമാവുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന്  മത്സ്യബന്ധനത്തിനു പോയവരെ തിരിച്ചെത്തിക്കാന്‍ അധികൃതര്‍ ശ്രമം തുടങ്ങി. കോസ്റ്റല്‍ പോലീസ്, മറൈന്‍ എന്‍ഫോഴ്സ്മെന്റ്, ദുരന്തനിവാരണ അതോറിറ്റി എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. 

തിരുവനന്തപുരം, ലക്ഷദ്വീപ്, കന്യാകുമാരി,  ശ്രീലങ്ക തീരങ്ങളിലേക്കാണ് ന്യൂനമര്‍ദ്ദം നീങ്ങുന്നത്. അറുപത് കിലോമീറ്റര്‍ വരെ വേഗതയില്‍ വീശുന്ന കാറ്റിനൊപ്പം 3.2 മീറ്റര്‍ വരെ ഉയരമുള്ള തിരമാലകള്‍ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.  തീരമേഖലയില്‍ ജാഗ്രത പുലര്‍ത്താന്‍ റവന്യൂ, ഫിഷറീസ് വകുപ്പുകള്‍ക്കും കോസ്റ്റല്‍ പോലീസിനും നിര്‍ദ്ദേശം നല്കി. 

ബുധനാഴ്ച വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നില്ലെന്ന് ഉറപ്പുവരുത്തും. കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ സന്ദേശങ്ങള്‍ മത്സ്യത്തൊഴിലാളികളെ അറിയിക്കാന്‍  സര്‍ക്കാര്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്കി. ആവശ്യമുള്ള സമയങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങണമെന്ന് പോലീസിന് ഡിജിപി ലോക്‌നാഥ് ബെഹ്റയും നിര്‍ദേശം നല്കി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.