വ്യാപാരികളുടെ ആശങ്കയ്ക്ക് പരിഹാരമായില്ല നിര്‍ത്തുന്ന റേഷന്‍ കടകള്‍ കുടുംബശ്രീക്ക് ഇ-പോസ് മെഷീന്‍ ഏപ്രില്‍ ഒന്ന് മുതല്‍ ജില്ലയില്‍

Tuesday 13 March 2018 2:00 am IST
റേഷന്‍ സാധനങ്ങളുടെ വിതരണം കുറ്റമറ്റതാക്കാന്‍ ഇ-പോസ് മെഷീന്‍ സ്ഥാപിക്കുന്ന നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോഴും വ്യാപാരികളുടെ ആശങ്കയ്ക്ക് പരിഹാരമായില്ല. ആവശ്യങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ റേഷന്‍ കടകള്‍ അടച്ചിടേണ്ടി വരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

 

കോട്ടയം: റേഷന്‍ സാധനങ്ങളുടെ വിതരണം കുറ്റമറ്റതാക്കാന്‍  ഇ-പോസ് മെഷീന്‍ സ്ഥാപിക്കുന്ന നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോഴും വ്യാപാരികളുടെ ആശങ്കയ്ക്ക് പരിഹാരമായില്ല. ആവശ്യങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ റേഷന്‍ കടകള്‍ അടച്ചിടേണ്ടി വരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.റേഷന്‍ വ്യാപാരത്തില്‍ നിന്ന് പിന്മാറിയാല്‍ കടകള്‍ കുടുംബശ്രീയെ ഏല്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇത് പ്രായോഗികമല്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. 

ഏപ്രില്‍ ഒന്ന് മുതലാണ് ജില്ലയില്‍ മെഷീന്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം.മെഷീന്‍ സ്ഥാപിക്കുമ്പോള്‍ നല്‍കുന്ന വേതനം സംബന്ധിച്ച ഉറപ്പ് പാലിക്കാന്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞില്ല. പരിഹാരം വൈകുന്നതില്‍ റേഷന്‍ വ്യാപാരികള്‍ ആശങ്കയിലാണ്. സംസ്ഥാനത്ത് 14316 റേഷന്‍ കടകളിലാണ് ഇ-പോസ് മെഷീന്‍സ്ഥാപിക്കേണ്ടത്. കോട്ടയം ജില്ലയിലെ 997 റേഷന്‍ കടകളില്‍ ഏപ്രില്‍ ഒന്നിന് മിഷ്യന്‍ സ്ഥാപിക്കും.  

  350 കാര്‍ഡിന് 45 ക്വിന്റല്‍ സാധനങ്ങള്‍ ചെലവായാല്‍ 16000 രൂപ വേതനം എന്നായിരുന്നു അധികൃതര്‍ സമ്മതിച്ചിരുന്നത്. അതിനുമുകളില്‍ വില്‍ക്കുന്ന ഓരോ ക്വിന്റലിനും 220 രൂപ അധികം ലഭിക്കും. എന്നാല്‍ ഈ നിര്‍ദ്ദേശം സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായാണ് റേഷന്‍ വ്യാപാരികള്‍ ആരോപിക്കുന്നത്. 45 ക്വിന്റലെന്ന അളവ് 73 ക്വിന്റലാക്കാനാണ് ഉദ്യോഗസ്ഥ നിര്‍ദ്ദേശം. 

പ്രശ്‌നത്തിന് പരിഹാരം തേടി റേഷന്‍ വ്യാപാരികളുടെ സംഘടന മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ പുന:പരിശോധിക്കാമെന്ന് ഉറപ്പ് ലഭിച്ചു. എന്നാല്‍ കരുനാഗപ്പള്ളിയില്‍ ഇ-പോസ് മെഷീന്‍ പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങിയെങ്കിലും റേഷന്‍ വ്യാപാരികളുടെ ആശങ്കയ്ക്ക് പരിഹാരം കാണാന്‍ സര്‍ക്കാരിനായിട്ടില്ല. 

ലഭിക്കുന്ന റേഷന്‍ സാധനങ്ങളുടെ അളവിലും കൃത്യത വേണമെന്നാണ് വ്യാപാരികള്‍ ആവശ്യപ്പെടുന്നത്. പുതിയ ഭക്ഷ്യസുരക്ഷാനിയമം കര്‍ശന സ്വഭാവമുള്ളതാണ്. ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തുമ്പോള്‍ അളവില്‍ ഉണ്ടാകുന്ന വ്യത്യാസത്തിന്റെ പേരില്‍ വ്യാപാരികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ സാധിക്കുന്നതാണ്.  വേതനത്തിന്റെ കാര്യത്തിലും അളവിന്റെ കാര്യത്തിലും കൃത്യമായ നടപടി ഉണ്ടായില്ലെങ്കില്‍ റേഷന്‍ കടകള്‍ നടത്തിക്കൊണ്ടുപോകുന്നത് പ്രയാസകരമാകുമെന്ന് വ്യാപാരികള്‍ പറയുന്നു. 

പ്രശ്‌നത്തില്‍ മെല്ലപ്പോക്ക് നയമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. സംസ്ഥാനത്തെ റേഷന്‍ കടകളില്‍ ഇ-പോസ് മെഷീന്‍ സ്ഥാപിക്കുന്നത് കാലതാമസം വരുത്താന്‍ അനുവദിക്കില്ലെന്ന കര്‍ശന നിര്‍ദ്ദേശമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.