അതിരൂപതാ ഭൂമിയിടപാട്; കർദിനാൾ ഒന്നാം പ്രതി

Tuesday 13 March 2018 5:00 am IST
"undefined"

കൊച്ചി : എറണാകുളം- അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ഒന്നാംപ്രതിയാക്കി പോലീസ് കേസെടുത്തു. ഹൈക്കോടതി നിര്‍ദേശപ്രകാരം കര്‍ദ്ദിനാള്‍ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തത്. ഫാ. സെബാസ്റ്റിയന്‍ വടക്കുംപാടന്‍, ഫാ. ജോഷി പുതുവ, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവരാണ്  രണ്ടും മൂന്നും നാലും പ്രതികള്‍. ഐപിസി 120 ബി, 406, 415 വകുപ്പുകള്‍ പ്രകാരം ക്രിമിനല്‍ ഗൂഢാലോചന,  വിശ്വാസവഞ്ചന, നഷ്ടം ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെയുള്ള വഞ്ചന എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.

ആര്‍ച്ച് ഡയോഷ്യന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്പരന്‍സി (എഎംടി) കണ്‍വീനറും ചേര്‍ത്തല മുട്ടംപള്ളി ഇടവകാംഗവുമായ ഷൈന്‍ വര്‍ഗീസിന്റെ ഹര്‍ജിയിലാണ് ജോര്‍ജ് ആലഞ്ചേരി അടക്കം നാലുപേര്‍ക്കെതിരെ  കേസെടുത്ത് അന്വേഷണം നടത്താന്‍ ഹൈക്കോടതി ഈ മാസം ആറിന് ഉത്തരവിട്ടത്. 

ഭൂമിയിടപാടില്‍ കര്‍ദ്ദിനാളിനും മറ്റുമെതിരെ കേസെടുക്കാന്‍ മതിയായ തെളിവുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. കര്‍ദ്ദിനാളിന് രാജ്യത്തെ നിയമം ബാധകമാണെന്ന് വ്യക്തമാക്കിയ ഹൈക്കോടതി,  സഭയുടെ സൂക്ഷിപ്പുകാരന്‍ മാത്രമാണ് കര്‍ദ്ദിനാളെന്നും ചൂണ്ടിക്കാട്ടി. ക്രിമിനല്‍ ഗൂഡഢാലോചന, വിശ്വാസവഞ്ചന, സാമ്പത്തിക തിരിമറി തുടങ്ങിയ കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ കാണാമെന്നും ഹൈക്കോടതി വിലയിരുത്തി. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും കര്‍ദ്ദിനാളിനെതിരെ  കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് പോലീസിനെതിരെ വൈദിക സമിതിയില്‍ നിന്നും പ്രതിഷേധമുയര്‍ന്നു. കേസെടുക്കുന്നതില്‍ കാലതാമസം വരുത്തുന്നത് കര്‍ദ്ദിനാളിനെ രക്ഷിക്കാന്‍ വേണ്ടിയാണെന്ന വിമര്‍ശനവുമായി പുരോഹിതസമിതി തന്നെ രംഗത്തെത്തി.

തുടര്‍ന്നാണ് നിവൃത്തിയില്ലാതെ പോലീസ് കേസ് എടുത്തത്.  ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പു ലഭിച്ചശേഷം എജിയുടെ നിയമോപദേശംകൂടി തേടിയാണ് കേസെടുത്തത്.   അതിരൂപതയുടെ അഞ്ചിടത്തെ സ്ഥലങ്ങള്‍ 36 പ്ലോട്ടുകളായി വിറ്റതില്‍ ക്രമക്കേട് നടന്നതായാണ് ആരോപണം. ഇടപാട് വിവാദമായതിനെത്തുടര്‍ന്ന് ഇതേക്കുറിച്ചന്വേഷിക്കാന്‍ ഫാ. ബെന്നി മാരാംപറമ്പില്‍ കണ്‍വീനറായ അന്വേഷണ സമിതിയെ  ചുമതലപ്പെടുത്തി. ഇടപാടില്‍ ക്രമക്കേട് നടന്നതായും ഇതില്‍ കര്‍ദിനാളിന് വീഴ്ചപറ്റിയതായും  അന്വേഷണത്തില്‍ കണ്ടെത്തി. 

ഇതോടെ കര്‍ദ്ദിനാള്‍ സ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് അതിരൂപതയിലെ ഭൂരിഭാഗം പുരോഹിതരും ഒരു വിഭാഗം അല്‍മായരും രംഗത്തുവന്നു.മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ  കേസെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവ് കൂടി  വന്നതോടെ  പുരോഹിതര്‍  ഒത്തുചേര്‍ന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് പ്രമേയംപാസാക്കി  മാര്‍പാപ്പയക്കും സിനഡിനും കര്‍ദ്ദിനാളിനൂം നല്‍കാന്‍ സഹായമെത്രാന്‍ സെബാസ്റ്റിയന്‍ എടയ്രന്തത്തിനിനു കൈമാറി. ഇതിനിടയില്‍  ആലഞ്ചേരിയെ അനൂകൂലിച്ച് ഒരു വിഭാഗം വിശ്വാസികളും രംഗത്തു വന്നിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.