ആലഞ്ചേരി അപ്പീൽ നൽകി

Tuesday 13 March 2018 5:15 am IST

കൊച്ചി : സീറോ മലബാര്‍ സഭയിലെ ഭൂമി വിവാദത്തില്‍ കേസ് എടുക്കാന്‍ സിംഗിള്‍ബെഞ്ച് ഉത്തരവിട്ടതിനെതിരെ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയടക്കമുള്ളവര്‍ അപ്പീല്‍ നല്‍കി. ഫാ ജോഷി പുതുവ, ഫാ സെബാസ്റ്റ്യന്‍ വടക്കുമ്പാടന്‍ എന്നിവരാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അപ്പീല്‍ നല്‍കിയത്. 

ചേര്‍ത്തല സ്വദേശി ഷൈന്‍ വര്‍ഗീസിന്റെ ഹര്‍ജിയില്‍ മാര്‍ച്ച് ആറിനാണ് കര്‍ദ്ദിനാളടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കാന്‍ സിംഗിള്‍ബെഞ്ച് പോലീസിനോടു നിര്‍ദേശിച്ചത്.  കേട്ടു കേള്‍വി അടിസ്ഥാനമാക്കി ഹര്‍ജിക്കാരന്‍ നല്‍കിയ പരാതിയില്‍ കേസ് എടുക്കാനുള്ള സിംഗിള്‍ബെഞ്ചിന്റെ വിധി നിയമപരമായി നില നില്‍ക്കില്ലെന്ന്  അപ്പീല്‍ പറയുന്നു. മറ്റൊരു കോടതിയുടെ പരിഗണനയിലിരിക്കുന്ന പ്രശ്‌നത്തില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ഉത്തരവ് ശരിയല്ല. 

 പരാതിക്കാരന് വ്യക്തിപരമായി നേരിട്ടറിവുള്ള വിഷയമല്ല. പരാതിക്കാരനെ മറ്റ് ചില താല്‍പര്യക്കാര്‍ നിയോഗിച്ചതാണെന്ന് വ്യക്തം. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് പരാതിക്കാരന്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. തങ്ങള്‍ക്ക് നോട്ടീസ് നല്‍കാതെ സിംഗിള്‍ബെഞ്ച് വിധി പറഞ്ഞെന്നാണ് ഫാ. സെബാസ്റ്റ്യന്‍ വടക്കുമ്പാടന്റെ അപ്പീലിലെ വാദം. സമാന വിഷയത്തില്‍ മരട് ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലുള്ള കേസില്‍ കോടതി നേരിട്ട് അന്വേഷണം നടത്തുകയാണ്.  അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് അടുത്ത ദിവസം പരിഗണിച്ചേക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.