ചാരനെ കൊല്ലാന്‍ റഷ്യയുടെ ശ്രമം, യുദ്ധപ്രഖ്യാപനമെന്ന് ബ്രിട്ടന്‍

Tuesday 13 March 2018 9:29 am IST
"undefined"

ലണ്ടന്‍: മുന്‍ ചാരനേയും മകളേയും വിഷം കുത്തിവെച്ചു കൊല്ലാന്‍ ശ്രമിച്ചതിനു പിന്നില്‍ റഷ്യയാണെന്ന് ബ്രിട്ടന്‍ ഔദ്യോഗികമായി ആരോപണമുന്നയിച്ചതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി. ഡബിള്‍ ഏജന്റായി പ്രവര്‍ത്തിച്ചെന്ന് റഷ്യ കണ്ടെത്തിയ ചാരന്‍ സെര്‍ജി സ്‌ക്രിപാലിനേയും മകളേയും മാരക വിഷം കുത്തിവെച്ചു കൊല്ലാന്‍ ശ്രമിച്ചത് റഷ്യയാണെന്നു തെളിവുകളില്‍ നിന്നു വ്യക്തമാണെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ പറഞ്ഞു.

ബ്രിട്ടനെതിരായ റഷ്യയുടെ യുദ്ധപ്രഖ്യാപനമായാണ് ഇതിനെ കാണുന്നതെന്ന് ബ്രിട്ടിഷ് പാര്‍ലമെന്റില്‍ തെരേസ പ്രസ്താവിച്ചു. ബ്രിട്ടനില്‍ റഷ്യയുടെ സൈന്യം പ്രവര്‍ത്തിച്ചതായാണ് ഈ സംഭവത്തെ കണക്കാക്കുന്നതെന്നും തെരേസ പറഞ്ഞു. വിദേശകാര്യ മന്ത്രി ബോറിസ് ജോ ണ്‍സണ്‍, ബ്രിട്ടനിലെ റഷ്യന്‍ അംബാസിഡറെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചു. 

സെര്‍ജി സ്‌ക്രിപാലിനേയും (66) മകള്‍ യുലിയയേയും (33) കൊല്ലാന്‍ ഈ മാസം 4ന് സാലിസ്ബറിയില്‍ വച്ചാണ് ശ്രമം നടന്നത്. ഇവരില്‍ കുത്തിവെച്ച വിഷത്തിന്റെ ആഘാതം ആ പ്രദേശത്തുണ്ടായിരുന്ന മറ്റു പലര്‍ക്കും ഏറ്റു. 2004ല്‍ റഷ്യയുടെ ചില രഹസ്യങ്ങള്‍ ബ്രിട്ടന്റെ എം16നു കൈമാറിയതു മുതല്‍ സെര്‍ജി റഷ്യയുടെ നോട്ടപ്പുള്ളിയാണ്. സെര്‍ജി കുറ്റക്കാരനാണെന്ന് റഷ്യ അന്നു പ്രഖ്യാപിച്ചതാണ്. എന്നാല്‍ 2010ല്‍ സെര്‍ജിക്കും കുടുംബത്തിനും ബ്രിട്ടന്‍ അഭയം നല്‍കി.

സെര്‍ജി റഷ്യയുടെ നോട്ടപ്പുള്ളിയാണെന്നറിയാവുന്നതു കൊണ്ട് വധശ്രമമുണ്ടായപ്പോള്‍ത്തന്നെ ഉപയോഗിച്ച വിഷം ബ്രിട്ടിഷ് പ്രതിരോധ വിഭാഗം പരിശോധിച്ചു. പോര്‍ട്ടോണിലുള്ള അവരുടെ ലാബാണ് സംഭവത്തിലുള്ള റഷ്യന്‍ ബന്ധം ഉറപ്പിച്ചത്. എണ്‍പതുകളില്‍ സോവിയറ്റ് സൈന്യം വികസിപ്പിച്ച നോവിച്ചോക് ഏജന്റ്‌സ് അഥവാ നെര്‍വ് ഏജന്റ്‌സ് എന്നറിയപ്പെടുന്ന വിഷവാതകമാണ് സെര്‍ജിക്കും മകള്‍ക്കുമെതിരെ ഉപയോഗിച്ചത്. 

ഈ സംഭവത്തെക്കുറിച്ചു വിശദീകരിക്കണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്, തെരേസ മേ അന്ത്യശാസനം നല്‍കി. എന്നാല്‍ റഷ്യ വളരെ ലാഘവത്തോടെയാണ് പ്രതികരിച്ചത്. റഷ്യന്‍ പാര്‍ലമെന്റിലെ സര്‍ക്കസ് ഷോ എന്നാണ് തെരേസയുടെ പ്രസ്താവനയെ റഷ്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവ് മരിയ സഖറോവ വിശേഷിപ്പിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.