നിങ്ങൾ നേട്ടമുണ്ടാക്കിയത് ഞങ്ങളുടെ പണം ഉപയോഗിച്ച്; പണം ഉടൻ തിരികെ നൽകണം

Tuesday 13 March 2018 10:30 am IST
"undefined"

ന്യൂദല്‍ഹി: ആയിരക്കണക്കിന് കോടി രൂപയുടെ വായ്പ എടുത്ത ശേഷം വിദേശത്തേക്ക് കടന്ന് കളഞ്ഞ വിവാദ വ്ജ്രവ്യാപാരി നീരവ് മോദിയോട് പണം തിരിച്ചടയ്ക്കാൻ പഞ്ചാബ് നാഷണല്‍ ബാങ്ക് ആവശ്യപ്പെട്ടു.  12,​000 കോടിയുടെ വായ്പ എടുത്ത ശേഷമാണ് നീരവ് ബാങ്കിനെ കബളിപ്പിച്ച് വിദേശ രാജ്യത്തേക്ക് കടന്നുകളഞ്ഞത്. 

പണം തിരിച്ചടയ്ക്കുന്നതിനായി നീരവ് മോദി മുന്നോട്ട് വച്ച ഉപാധികള്‍ ബാങ്ക് തള്ളുകയും ചെയ്തു. നിങ്ങള്‍ നടത്തിയ വായ്പാ തട്ടിപ്പിനെ കുറിച്ച്‌ ബോദ്ധ്യമുണ്ടാവുമല്ലോ. എത്രയും വേഗം തുക തിരിച്ചടയ്ക്കുകയാണ് ചെയ്യേണ്ടത്. നിങ്ങളുടെ ബ്രാൻഡ് വളർന്നത് ഞങ്ങളുടെ പണം മൂലമാണെന്ന കാര്യം മറക്കരുത്. നിങ്ങള്‍ മുന്നോട്ട് വച്ച ഒത്തുതീര്‍പ്പ് ഫോര്‍മുല വ്യക്തതയില്ലാത്തതും കൗശലക്കാരന്റേതുമാണ്- ബാങ്ക് ജനറല്‍ മാനേജര്‍ അശ്വനി വാറ്റ്സ് നീരവിന് നല്‍കിയ മറുപടിയില്‍ പറയുന്നു. 

കടം തീര്‍ക്കുന്നതിന്റെ ഭാഗമായി 2000 കോടിയുടെ സ്വര്‍ണാഭരണങ്ങളും 200 കോടിയുടെ നിക്ഷേപങ്ങളും 50 കോടിയുടെ ജംഗമ വസ്തുക്കളും നല്‍കാമെന്ന് മോദി ബാങ്കിനെ ഇ - മെയില്‍വഴി അറിയിച്ചിരുന്നു. എന്നാലിത് ബാങ്ക് തള്ളുകയായിരുന്നു. തനിക്കെതിരെ പരാതി നല്‍കിയത് തന്റെ വജ്ര ബ്രാന്‍ഡന്റെ മൂല്യം ഇടിച്ചെന്ന മോദിയുടെ വാദവും ബാങ്ക് തള്ളി. 

നിയമവിരുദ്ധമായി നീരവ് നടത്തിയ ഇടപാടുകളാണ് ഈ അവസ്ഥയില്‍ കാര്യങ്ങള്‍ എത്തിച്ചത്. അതിന്റെ ഉത്തരവാദിത്തം നീരവിന് മാത്രമാണ്. വ്യാജ ലെറ്റര്‍ ഒഫ് അണ്ടര്‍ടേക്കിംഗ് ഉണ്ടാക്കിയത് ഗുരുതര കുറ്റമാണ്. ഇത്തരം തരംതാഴ്ന്ന നടപടികളിലൂടെ സ്വന്തം സ്ഥാപനങ്ങളുടെ വില ഇടിക്കുകയാണ് നീരവ് ചെയ്തതെന്നും ബാങ്ക് വ്യക്തമാക്കി.

നീരവിൻ്റെ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം എന്‍ഫോഴ്സ്മെന്റും സി.ബി.ഐയും തുടരുകയാണ്. ഇതുവരെ 5870 കോടിയിലേറെ രൂപയുടെ സ്വത്തുക്കള്‍ പിടിച്ചെടുത്തിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.