ചാലക്കുടി, വാഴച്ചാല്‍ ഡിവിഷനുകളില്‍ കാട്ടുതീ

Tuesday 13 March 2018 10:36 am IST

അതിരപ്പിള്ളി: ചാലക്കുടി, വാഴച്ചാല്‍ വനംഡിവിഷനുകളില്‍ കാട്ടുതീ. 35 ഹെക്ടര്‍ വനഭൂമിയാണ് കാട്ടുതീയില്‍ കത്തിയമര്‍ന്നത്. അതിരപ്പിള്ളി റേഞ്ചില്‍ 30ഉം ചാലക്കുടി ഡിവിഷനില്‍ അഞ്ചും ഹെക്ടര്‍ വനമാണ് കത്തിനശിച്ചത്. തീയണക്കാന്‍ വനംവകുപ്പ് നാട്ടുകാരുടെ സഹായം തേടിയിട്ടുണ്ട്. 

തീ നിയന്ത്രണ വിധേയമാക്കാനായി അറുപതംഗ സംഘം  കാട്ടിലെത്തിയിട്ടുണ്ട്.  വാഴച്ചാലില്‍ പുഴയ്ക്കക്കരെ വടപ്പാറ മേഖലയില്‍ ശനി, ഞായര്‍ ദിവസങ്ങളിലായി വന്‍തീപിടിത്തമുണ്ടായിരുന്നു. 70 ഓളം വാച്ചര്‍മാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് തീ കെടുത്തിയത്. പൂര്‍ണമായും അണക്കാനായില്ലെന്നാണ് അറിയുന്നത്. മുളങ്കൂട്ടങ്ങളില്‍ അവശേഷിക്കുന്ന കനല്‍ വീണ്ടും തീപിടിത്തത്തിന് വഴിയൊരുക്കിയേക്കാം. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ചാലക്കുടി ഡിവിഷനില്‍ വനത്തിന് തീപിടിച്ചത്.

വനമേഖയില്‍ കാട്ടുതീയുണ്ടായാല്‍ ഫലപ്രദമായി അണയ്ക്കാന്‍ വെള്ളം എത്തിക്കാനുള്ള മാര്‍ഗമില്ലാത്തതാണ് പ്രധാന പ്രശ്നം. കൂടാതെ ചെങ്കുത്തായി ഉയര്‍ന്നതും പാറക്കെട്ടുകള്‍ നിറഞ്ഞതുമായ വനപ്രദേശം തീയണക്കുന്നതിന് പ്രതിബന്ധമാവുകയും ചെയ്യും. കാട്ടിലെ ഉണങ്ങിയ പുല്‍പടര്‍പ്പുകളും ചെറുസസ്യങ്ങളും അടങ്ങുന്ന അടിക്കാടുകളില്‍ തീ വേഗത്തില്‍ പടര്‍ന്നു പിടിക്കുന്നത് തടയുക എളുപ്പമല്ല. അതോടൊപ്പം ഉണങ്ങിയ വന്‍മരങ്ങളിലും തീപടര്‍ന്നു പിടിക്കുന്നു. ഇത് ദിവസങ്ങളോളം അണയാതെ പുകയുന്നത് വീണ്ടും തീ പിടിക്കുന്നതിന് ഇടയാക്കുന്നു. 

വേനല്‍ച്ചൂട് നീളുന്നതോടെ വനമേഖലയില്‍ പലയിടങ്ങളിലും കാട്ടുതീ ഭീഷണി നിലനില്‍ക്കുകയാണ്. ചൂട് വര്‍ധിച്ചതോടെ കാട്ടിലെ മരങ്ങളില്‍നിന്ന് ഇലകള്‍ കൊഴിഞ്ഞ് അടിഞ്ഞുകൂടുന്നതും അടിക്കാട്​ ഉണങ്ങിനില്‍ക്കുന്നതും തീപിടിത്തത്തിനിടയാക്കുന്നു. ചാലക്കുടി, വാഴച്ചാല്‍ വനം ഡിവിഷനുകളില്‍ ട്രക്കിങ് നേരത്തെ നിരോധിച്ചിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.