ബെംഗളൂരു: വിവാദമായ 2009ലെ മംഗ്ലൂരു പബ് ആക്രമണക്കേസിൽ കുറ്റാരോപിതനായിരുന്ന ശ്രീരാമ സേന തലവൻ പ്രമോദ് മുത്തലിക്ക് മറ്റ് നിരവധി പേരെയും പ്രാദേശിക കോടതി കുറ്റവിമുക്തരാക്കി. ഇവരെ തെളിവുകളുടെ അഭാവത്തിലാണ് കുറ്റവിമുക്തരാക്കിയത്. ഫസ്റ്റ് ക്ലാസ് കോടതി മജിസ്ട്രേറ്റ് മജ്ഞുനാഥാണ് ഇവരെ കേസിൽ നിന്നും ഒഴിവാക്കിയതായിട്ടുള്ള ഓർഡർ പുറത്തിറക്കിയത്.
ആക്രമണം നടക്കുന്ന സമയം കുറ്റാരോപിതരായവർ പബ്ബിൽ ഇല്ലായിരുന്നെന്ന് ഇവർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വിനോദ്കോടതിയിൽ വ്യക്തമാക്കി. പോലീസ് ഇവർക്കെതിരെ കള്ളക്കേസ് ചമച്ചുണ്ടാക്കുകയായിരുന്നുവെന്നും അദ്ദേഹം കോടതിയെ ബോധ്യപ്പെടുത്തി. സംഭവത്തിന് ഇരയാകേണ്ടി വന്ന യുവതികളിലൊരാൾ സാക്ഷിയായി സംഭവം വിവരിക്കാൻ പോലീസ് സ്റ്റേഷനിൽ എത്തിയില്ലെന്നും വക്കീൽ പറഞ്ഞു.
‘തങ്ങൾക്ക് നീതി ലഭിച്ചു, ഇത് സത്യത്തിന്റെ വിജയമാണ്, തങ്ങളുടെ പ്രവർത്തനങ്ങൾ താലിബാന്റെ പോലെയെന്ന് ആരോപിച്ചവർക്കുള്ള തക്കതായ മറുപടിയാണ് ഇത്-‘ വിധി പുറത്ത് വന്നതിനുശേഷം പ്രമോദ് മുത്തലിക്ക് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: