കൊല്ലകയില്‍ ഏഴ് വീടുകള്‍ക്ക് നേരെ ഗുണ്ടാ ആക്രമണം

Tuesday 13 March 2018 12:11 pm IST

 

ചവറ: കൊല്ലകയില്‍ 15 അംഗസംഘത്തിന്റെ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 30 പേര്‍ക്ക് മര്‍ദനമേറ്റു. സാരമായി പരിക്കേറ്റ 10 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും സിഡിഎസ് അംഗത്തിന്റെയും വീടുകള്‍ ഉള്‍പ്പെടെ ഏഴ് വീടുകള്‍ക്ക് നേരെ ആക്രമണം നടന്നു. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ ചവറ പോലീസ് അറസ്റ്റ് ചെയ്തു. 

കൊല്ലക സി.എന്‍ ജങ്ഷനില്‍ മങ്കുഴി കിഴക്കേവീട്ടില്‍ സുനീഷ്(38), ബിന്‍സി ഭവനില്‍ ബിന്‍സി(32), അമ്മ വിമലമ്മ(55), മങ്കുഴികിഴക്കതില്‍ രമ(45), സുധീഷ്(45), മുഹാരി മന്‍സിലില്‍ മുബാഷ്(24), പണ്ടകശാല തെക്കതില്‍ വീട്ടില്‍ അഖില്‍(23), രതീഷ്ഭവനത്തില്‍ രതീഷ്(31), പണ്ടകശാലയില്‍ വിഷ്ണു(21), മങ്കുഴി കിഴക്കതില്‍ നിഷ(31) എന്നിവരെ പരിക്കുകളോടെ കരുനാഗപ്പള്ളി താലൂക്ക് ആശുപി്രയില്‍ പ്രവേശിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് കൊല്ലക പീടികമുക്ക് കാട്ടിലേത്ത് വടക്കതില്‍ അനില്‍(30), ലക്ഷം വീട് കോളനി സ്വദേശിയായ സുരേഷ്(35) എന്നിവരെ സംഭവസ്ഥലത്തു നിന്ന് പോലീസ് പിടികൂടി. കഴിഞ്ഞ ദിവസം രാത്രി 11ന് പത്തോളം ബൈക്കില്‍ എത്തിയ ഇരുപതോളം വരുന്ന സംഘമാണ് ആക്രമണം നടത്തിയത്.  വടികളുമായി എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം വീടുകള്‍ അടിച്ച് തകര്‍ക്കുകയും ആളുകളെ മര്‍ദിക്കുകയായിരുന്നു. സമീപത്തെ ഒരു ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പ്രദേശവാസിയായ യുവാവിനെ കൊല്ലക മൂന്ന് സെന്റ് കോളനിയിലെ ആളുകള്‍ മര്‍ദിച്ചതായി പറയപ്പെടുന്നു. മര്‍ദനത്തില്‍ ഉള്‍പ്പെട്ട മൂന്ന് പേര്‍ വടികളുമായി വീണ്ടും യുവാവിനെ മര്‍ദിക്കാനെത്തിയതോടെ സ്ത്രീകള്‍ സംഘടിക്കുകയും മുളക് വെള്ളം ഒഴിച്ച് കീഴ്‌പ്പെടുത്തി ഇതില്‍ രണ്ട് പേരെ മരത്തില്‍ കെട്ടിയിട്ടു. സംഭവം അറിഞ്ഞാണ് സുരേഷ്, അനില്‍ എന്നിവരുടെ നേത്യത്വത്തില്‍ സംഘം എത്തി ആക്രമണം നടത്തിയത്. ചവറ എസ്എച്ച്ഒ: ഗോപകുമാര്‍, എസ്‌ഐ: ജയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം സ്ഥലത്ത് എത്തിയതോടെയാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായത്. സ്ഥലത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് പതിനേഴ് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തതായി ചവറ പൊലീസ് അറിയിച്ചു

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.