കര്‍ഷക സമരമായിരുന്നു, രാഷ്ട്രീയമില്ല, നക്‌സലുകളും മാവോയിസ്റ്റുകളും ഉണ്ടായിരുന്നു

Tuesday 13 March 2018 12:33 pm IST
മലയാളിയും കണ്ണൂര്‍ സ്വദേശിയുമായ വിജൂ കൃഷ്ണന്‍ വെളിപ്പെടുത്തുന്നത് സിപിഎമ്മിന്റെ പൊള്ളത്തരം.

കൊച്ചി: മഹാരാഷ്ട്രയില്‍ നടന്ന കര്‍ഷക പ്രകടനത്തിന്റെ മുഖ്യ സംയോജകന്‍ പറയുന്നു, ഇത് സിപിഎം സമരമല്ലെന്ന്. സമരത്തില്‍ നക്‌സലുകളും മാവോയിസ്റ്റുകളുമുണ്ടായിരുന്നു. ബിജെപി വിരുദ്ധമായിരുന്നു. പക്ഷേ രാഷ്ട്രീയമില്ലായിരുന്നുവെന്ന്.

''ഇതിനെ തെരഞ്ഞെടുപ്പ് രാഷ്ട്രീയവുമായി ബന്ധിപ്പിക്കരുതെന്നും കര്‍ഷകരുടെ ഒരുമയും ഉണര്‍ന്നെഴുന്നേല്‍ക്കലുമാണ്. സമാനമായ പ്രകടനങ്ങള്‍ രാജസ്ഥാനിലും മദ്ധ്യപ്രദേശിലും കര്‍ണാടകയിലും നടന്നു. അതിന് ബിജെപി സര്‍ക്കാര്‍ വിരുദ്ധമായ രാഷ്ട്രീയ നിറം വന്നിട്ടുണ്ടാകാം.,'' മലയാളിയും കണ്ണൂര്‍ സ്വദേശിയുമായ വിജൂ കൃഷ്ണന്‍ ന്യൂസ് 18 ഓണ്‍ലൈന്‍ മലയാളം എഡിറ്റര്‍ ചന്ദ്രകാന്ത് വിശ്വനാഥിനോട് അഭിമുഖത്തില്‍ പറഞ്ഞു.

(വിജൂ കൃഷ്ണന്‍ (44) കണ്ണൂര്‍ സ്വദേശിയാണ്. ദല്‍ഹി ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായിരുന്നു. ആദ്യം എസ്എഫ്‌ഐയില്‍. പിന്നീട് സിപിഐ (എം) ന്റെ (സിപിഐയുടെ എന്ന് നേരത്തേ ചേര്‍ത്തത് എഴുത്തുപിശകാണ്)കര്‍ഷക യൂണിയനായ ആള്‍ ഇന്ത്യ കിസാന്‍ സഭയില്‍ ചേര്‍ന്ന് പൂര്‍ണ്ണസമയ പ്രവര്‍ത്തകനാണിപ്പോള്‍. ഇടയ്ക്ക് കുറച്ചുനാള്‍ ബെംഗളൂരു സെന്റ് ജോസഫ് കോളേജില്‍ പൊളിറ്റിക്കല്‍ സയന്‍സ് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് തലവനായിരുന്നു)

അഭിമുഖത്തില്‍നിന്ന് ചില ഭാഗങ്ങള്‍: 

? സിപിഎമ്മിന്റെ ഒരു ട്വീറ്റ് ഇങ്ങനെയായിരുന്നു,'' നിങ്ങള്‍ക്ക് പൂക്കളെല്ലാം കൊഴിക്കാം, പക്ഷേ വസന്തം വരുന്നത് തടയാനാവില്ല,'' എന്ന്. താങ്കള്‍ ഇതിനെ എങ്ങനെ കാണുന്നു?

- ഇത് കാര്‍ഷിക മേഖലയുടെ ഉണര്‍ച്ചയാണ്. കഴിഞ്ഞ രണ്ടുവര്‍ഷമായി ഇതു നടക്കുന്നു. രാജസ്ഥാനില്‍, കര്‍ണ്ണാടകത്തില്‍, മദ്ധ്യപ്രദേശില്‍, ഇപ്പോള്‍ മഹാരാഷ്ട്രയിലും. പലവിധത്തില്‍ ഇത്തരം പ്രക്ഷോഭങ്ങള്‍ മുമ്പും നടന്നിട്ടുണ്ട്. ഇതില്‍ അരലക്ഷത്തോളം പേര്‍ പങ്കെടുത്തു. രാജസധാനിലും ഇത്രയുമോ കൂടുതലോ പേരുണ്ടായിരുന്നു. മാദ്ധ്യമങ്ങള്‍ ഇത് ഗൗരവത്തിലെടുത്തു. ഇത് ഭാവിയില്‍ ഗുണം ചെയ്യുമെന്നും ആള്‍ ഇന്ത്യ കിസാന്‍ സഭയെ ശക്തിപ്പെടുത്തുമെന്നും പ്രതീക്ഷിക്കാം.

? ഈ ലോങ് മാര്‍ച്ച് സിപിഎമ്മിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പാണെന്ന് പറയാമോ? പ്രത്യേകിച്ച് ത്രിപുര തോല്‍വിക്ക് ശേഷം?

- നിലനില്‍പ്പിന് കര്‍ഷകര്‍ നടത്തിയ പ്രകടനമാണിത്. നയപരമായ പ്രശ്‌നങ്ങളാല്‍ ബിജെപിക്കെതിരായ ഒരു അന്തരീക്ഷം വന്നു. അതിനാല്‍ ഒരു രാഷ്ട്രീയ നിറവും വന്നു. അത്രമാത്രം. പക്ഷേ, ഇതിനെ തെരഞ്ഞെടുപ്പ്‌രാഷ്ട്രീയവുമായി ബന്ധിപ്പിച്ചുകാണാനാവില്ല. ബിജെപിയെ തോല്‍പ്പിക്കാനാഗ്രഹിക്കുന്ന എല്ലാ ശക്തികള്‍ക്കും ഇത് കരുത്തുപകരുമെന്നുറപ്പാണ്. 

? ബിജെപി വിരുദ്ധരായ എല്ലാ ശക്തികള്‍ക്കും എന്നു പറയുമ്പോള്‍ അതില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും ഉള്‍പ്പെടുമല്ലോ. പക്ഷേ കോണ്‍ഗ്രസിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ മറന്ന് എങ്ങനെ ചേര്‍ക്കാന്‍ പറ്റും?

- കോണ്‍ഗ്രസും ബിജെപിയും കര്‍ഷക വിരുദ്ധമായ ഉദാരവല്‍ക്കരണ നയങ്ങളാണ് തുടരുന്നത്. ബിജെപി അതിനൊപ്പം ഗോരക്ഷ പോലുള്ള വര്‍ഗ്ഗീയ ഘടകംകൂടി ഉള്‍ക്കൊള്ളിക്കുന്നു. ഞങ്ങളുടെ പ്രക്ഷോഭം ബിജെപി ഭരണ സംസ്ഥാനങ്ങള്‍ക്കെതിരേ മാത്രമല്ല. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണ്ണാടകത്തിലും സമരം നടത്തി.

? നിങ്ങളുടെ ലോങ് മാര്‍ച്ചില്‍ മാവോയിസ്റ്റുകള്‍ ഉണ്ടായിരുന്നു. കേരളത്തില്‍ ഭരണത്തിലുള്ള സിപിഎമ്മിന് മാവോയിസ്റ്റുകളോട് വ്യത്യസഎത നിലപാടാണ്. ഇതില്‍ വൈരുദ്ധ്യം തോന്നുന്നില്ലേ?

- മാവോയിസത്തെ രാഷ്ട്രീയമായി കണ്ട് പരിഹരിക്കേണ്ട വിഷയമായാണ് ഞങ്ങള്‍ കാണുന്നത്. മാവോയിസ്റ്റുകള്‍ ഒട്ടേറെ സഖക്കളെ കൊന്നിട്ടുണ്‌ടെന്നത് സത്യമാണ്. കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരേ സമാന മന്‌സകരായ ആളുകളെല്ലാം ഒന്നിച്ച് പോരാടുന്ന ഉണര്‍ച്ചയായാണിത്. അതില്‍ തീ്വവ ഇടത്ത് ആശയനിലപാടുകളുള്ള സിപിഐ (എംഎല്‍) പോലുള്ള സംഘടനകളും കാണും. എന്തായാലും ഈ മാര്‍ച്ചിന്റെ നേട്ടം മാവോയിസ്റ്റുകള്‍ക്ക് അവകാശപ്പെടുന്നതല്ല.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.