കേരളാ തീരത്ത് ചുഴലിക്കാറ്റിന് സാധ്യത; സംസ്ഥാനമെങ്ങും ജാഗ്രതാ നിര്‍ദേശം

Tuesday 13 March 2018 4:30 pm IST

കൊച്ചി: ശ്രീലങ്കക്ക് തെക്ക് പടിഞ്ഞാറു ദിശയില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടതിനെ തുടര്‍ന്ന് കേരളാ തീരത്ത് ചുഴലിക്കാറ്റിന് സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതേത്തുടര്‍ന്ന് കേരളം മുഴുവന്‍ സംസ്ഥാന സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ലക്ഷദ്വീപ് വഴി ചുഴലിക്കാറ്റ് കടന്നുപോകുമെന്നാണ് പ്രവചനം. കടലില്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയാകും. 

ന്യൂ‍നമര്‍ദ്ദം ഇപ്പോള്‍ അറബിക്കടലിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷണ്കേന്ദ്രം അറിയിച്ചു. കേരള, തമിഴ്‌നാട് തീരങ്ങളില്‍ അതിശക്തമായ മഴപെയ്യാനാണ് സാധ്യത. കടലില്‍ തിരകള്‍ മൂന്നു മീറ്റര്‍ വരെ ഉയരാനും സാധ്യതയുണ്ട്. അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ മൂന്നു ദിവസത്തേയ്ക്ക് കടലില്‍ പോകരുതെന്നും നിര്‍ദേശം നല്‍കി. ആലപ്പുഴയിലും എറണാകുളത്തും കണ്‍‌ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാന്‍ കേരളാ തീരത്ത് കോസ്റ്റ് ഗാര്‍ഡിന്റെ നാല് കപ്പലുകള്‍ വിന്യസിച്ചു. 

ഏത് അടിയന്തര സാഹചര്യവും നേരിടുമെന്ന് ദക്ഷിണ നാവിക കമാന്‍ഡ് അറിയിച്ചു. ബേപ്പൂരില്‍ നിന്നും ലക്ഷദ്വീപിലേക്കുള്ള സര്‍വീസുകളും നിര്‍ത്തിവച്ചു. ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ തുറമുഖങ്ങളിലും മൂന്നാം നമ്പര്‍ അപായ സൂചന ഉയര്‍ത്തി . സ്ഥിതിഗതികള്‍ വിലയിരുത്തിയ ചീഫ് സെക്രട്ടറി അടിയന്തിര സാഹചര്യം നേരിടാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി . കളക്ടര്‍മാര്‍ പുനരധിവാസ കേന്ദ്രങ്ങള്‍ തുറക്കും. ദുരന്ത നിവാരണ സേനക്കും തയ്യാറായിരിക്കാന്‍ നിര്‍ദ്ദേശമുണ്ട് 

ജാഗ്രതാ നിര്‍ദേശം നല്‍കിയ മേഖലകളില്‍ മത്സ്യത്തൊഴിലാളികള്‍ ആരും കടലില്‍ ഇല്ലെന്ന് ഉറപ്പുവരുത്താന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മത്സ്യബന്ധനത്തിന് പുറംകടലില്‍ പോയവരെ തിരിച്ചെത്തിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.  പുറംകടലില്‍ ഉള്ളവരെ തിരിച്ചെത്തിക്കാന്‍ കോസ്റ്റ്ഗാര്‍ഡിന്റെയും നേവിയുടെയും സേവനം ഉപയോഗിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ നിരന്തരം നിരീക്ഷിക്കാന്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിനും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. 

മഴ ശക്തമായാല്‍ നഗരങ്ങളില്‍ പലയിടത്തും വെള്ളക്കെട്ട് ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ നഗരസഭകളും പൊതുമരാമത്ത് വകുപ്പും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.