മനോജ് വധം: ജയരാജന്റെ ആവശ്യം ഹൈക്കോടതി തള്ളി

Tuesday 13 March 2018 2:37 pm IST

കൊച്ചി: ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ മനോജിനെ വധിച്ച കേസില്‍ യുഎപിഎ ചുമത്തിയത് ചോദ്യം ചെയ്ത് പി.ജയരാജന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ നല്‍കിയ ഹര്‍ജിയില്‍ വാദത്തിനായി കൂടുതല്‍ സമയം വേണമെന്ന ആവശ്യം ഹൈക്കോടതി നിരാകരിച്ചു. കേസ് നാളെയോടെ തീര്‍പ്പാക്കുമെന്ന് ജസ്റ്റിസ് കമാല്‍ പാഷ വ്യക്തമാക്കി.

സിബിഐയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അനുമതിക്കായി കാത്തു നില്‍ക്കേണ്ട ആവശ്യമില്ലെന്ന് കോടതി വാക്കാല്‍ നിരീക്ഷിച്ചു. പ്രതികള്‍ക്കെതിരെ യുഎപിഎ വകുപ്പ് ചുമത്താന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. ഉന്നത രാഷ്ട്രീയസ്വാധീനം ഉള്ള പ്രതികളെ വിചാരണ ചെയ്യാന്‍ സര്‍ക്കാര്‍ അനുമതിക്കായി കാത്തു നില്‍ക്കുന്നത് അപഹാസ്യമാണെന്നും കേന്ദ്രം കോടതിയില്‍ പറഞ്ഞു. 

പ്രതികളുടെ അഭിഭാഷകന്‍ സമയം നീട്ടി ചോദിച്ചതിനെ തുടര്‍ന്ന് ഹര്‍ജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. കേസിന്റെ അനുബന്ധ കുറ്റപത്രത്തില്‍ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതിനെതിരെയാണ് ജയരാജനടക്കമുള്ള പ്രതികള്‍ ഹര്‍ജി നല്‍കിയത്. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് യുഎപിഎ ചുമത്തിയതെന്നാണ് ഹര്‍ജിക്കാരുടെ വാദം. 

സംസ്ഥാന സര്‍ക്കാരിന്റെ അധികാര പരിധിയിലുള്ള കേസില്‍ യുഎപിഎ ചുമത്തണമെങ്കില്‍ സര്‍ക്കാറിന്റെ അനുമതി വേണമെന്ന ചട്ടം ലംഘിച്ചന്നുമാണ് ഹര്‍ജിക്കാരുടെ വാദം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.