ആധാര്‍ ബന്ധിപ്പിക്കല്‍ അന്തിമ വിധി വരെ നീട്ടി

Wednesday 14 March 2018 4:40 am IST

ന്യൂദല്‍ഹി: മൊബൈല്‍ നമ്പറും ബാങ്ക് അക്കൗണ്ടും ആധാറുമായി ബന്ധിപ്പിക്കുന്നത് അന്തിമ വിധി വരുന്നത് വരെ സുപ്രീംകോടതി നീട്ടി. സര്‍ക്കാര്‍ സബ്‌സിഡി ലഭിക്കുന്നതിന് ഇത് ബാധകമല്ല. നേരത്തെ ഈ മാസം 31 ആയിരുന്നു അവസാന തീയതി. ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കുന്ന ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് നിര്‍ദ്ദേശം. 

തത്കാല്‍ പാസ്‌പോര്‍ട്ടിന് പോലും ആധാര്‍ നിര്‍ബന്ധമാക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ പുതുതായി അക്കൗണ്ട് തുടങ്ങുന്നവര്‍ ആറ് മാസത്തിനകം ആധാര്‍ നമ്പര്‍ നല്‍കണം. 

ആധാര്‍ ബന്ധിപ്പിക്കാനുള്ള സമയപരിധി കഴിഞ്ഞ ഡിസംബറിലാണ് സര്‍ക്കാര്‍ മാര്‍ച്ച് 31 വരെ നീട്ടിയത്. നിരവധി ഹര്‍ജികളാണ് ആധാറിനെതിരെ സുപ്രീംകോടതിയിലുള്ളത്. ഇതില്‍ തീരുമാനമാകുന്നത് വരെ ആധാര്‍ നിര്‍ബന്ധമാക്കുന്നത് നീട്ടിവെക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. നിരവധി തവണ നീട്ടിയതാണെന്നും ആവശ്യമെങ്കില്‍ വീണ്ടും തീയതി മാറ്റാമെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ കോടതിയെ അറിയിച്ചു. 

കേസ് തീരാന്‍ സമയമെടുക്കുമെന്ന് ഭരണഘടനാ ബെഞ്ചിലുള്ള ജസ്റ്റിസ് എ.കെ. സിക്രി ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാരുടെ ഭാഗത്ത് നിന്നുള്ള മൂന്ന് അഭിഭാഷകരുടെ വാദമാണ് ഇതുവരെ പൂര്‍ത്തിയായത്. അഞ്ച് മുതിര്‍ന്ന അഭിഭാഷകര്‍ വാദം ആരംഭിച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍, യുഐഡിഎഐ, മഹാരാഷ്ട്ര, ഗുജറാത്ത് സര്‍ക്കാരുകള്‍ മറുപടി നല്‍കേണ്ടതുമുണ്ട്. വിധിയെഴുതി തയ്യാറാക്കുന്നതിനും സമയം വേണ്ടി വരും. ഈ സാഹചര്യത്തിലാണ് തീയതി നീട്ടിയത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.