ആറളം ഫാമില്‍ കാട്ടാന അക്രമം ആദിവാസിയുടെ നിര്‍മ്മാണത്തിലിരിക്കുന്ന വീട് തകര്‍ത്തു

Tuesday 13 March 2018 5:24 pm IST

 

ഇരിട്ടി: ആറളം ഫാമിലെ ആദിവാസി പുനരധിവാസ മേഖലയില്‍ കാട്ടാനക്കൂട്ടം ആദിവാസിയുടെ നിര്‍മ്മാണത്തിലിരിക്കുന്ന വീട് തകര്‍ത്തു. പുനരധിവാസമേഖലയിലെ വലയംചാല്‍ ഒന്‍പതാം ബ്ലോക്കിലെ തലക്കുളം ജിഷയുടെ വീടാണ് കാട്ടാനക്കൂട്ടം തകര്‍ത്തത്. മണിക്കൂറുകളോളം ഭീതിസൃഷ്ടിച്ചുകൊണ്ട് ആനക്കൂട്ടം നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ ജനല്‍ തള്ളിമാറ്റുകയും ഭിത്തിയില്‍ ചവിട്ടി വിള്ളല്‍ വീഴ്ത്തുകയും ചെയ്തു. വീട്ടു മുറ്റത്തുണ്ടായിരുന്ന നിര്‍മ്മാണ സാമഗ്രികളും വെള്ളം നിറച്ചുവെച്ച മൂന്ന് ബാരലുകളും, പ്ലാസ്റ്റിക് ഷീറ്റുകൊണ്ടുണ്ടാക്കിയ വെള്ള സംഭരണിയും നശിപ്പിച്ചു. ഇതോടൊപ്പം ചുമര്‍ നിര്‍മ്മിക്കാനായി ഇറക്കിവെച്ച ചെങ്കല്ലുകളും ചവിട്ടി ഉടച്ചു. ഭക്ഷണം ഉണ്ടാക്കാനായി ഒരുക്കിവെച്ച പാത്രങ്ങളും നശിപ്പിച്ചു. തുടര്‍ന്ന് സമീപത്തെ ശ്രീജയുടെ വീട്ടുമുറ്റത്ത് നിലയുറപ്പിച്ചശേഷം ഏറെ വൈകിയാണ് കാടിനുള്ളിലേക്ക് പോയത്. ഇതിനിടയില്‍ സമീപത്തെ സുരേന്ദ്രന്റെ വാഴകളും നശിപ്പിച്ചു. 

വനം വകുപ്പിന്റെയും പോലീസിനെയും വിവരമറിയിച്ചെങ്കിലും ഇവര്‍ ഏറെ നേരം വൈകിയാണ് സ്ഥലത്തെത്തിയത്. ഏകദേശം മൂന്ന് മണിക്കൂറോളം നേരമാണ് ആന പ്രദേശത്തെ ജനങ്ങളെ ഭീതിയിലാഴ്ത്തിയത്. ഫാമില്‍ കശുവണ്ടി സീസണ്‍ ആരംഭിച്ചതോടെ കശുവണ്ടി തേടിയാണ് ആനക്കൂട്ടം ഇവിടെ എത്തുന്നത്. കശുവണ്ടി ശേഖരിക്കുന്നതിനായി വിവിധ മേഖലകളില്‍ നിന്നും എത്തിയവര്‍ ഇവിടെ കുടില്‍കെട്ടി താമസിക്കുന്നുണ്ട്. കാട്ടാനക്കൂട്ടം അക്രമകാരികളായതോടെ വനം വകുപ്പും ഭീതിയിലാണ്. തീര്‍ത്തും സുരക്ഷിതമല്ലാത്ത അവസ്ഥയിലാണ് പലരും ഇവിടെ താത്കാലികമായി താമസിക്കുന്നത്. ഫാമിനോട് ചേര്‍ന്ന വനമേഖലയില്‍ തമ്പടിച്ചിരുന്ന കാട്ടാനകളെ തുരത്താനുള്ള യാതൊരു നടപടിയും വനം വകുപ്പിന്റെ ഭാഗത്തു നിന്നും ഉണ്ടാവാത്തതും മേഖലയില്‍ താമസിക്കുന്നവരെയും ഭീതിയിലാക്കിയിരിക്കയാണ്.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.