നഗരസഭ മടിച്ചു നിന്നു; സേവാഭാരതി കിണറുകള്‍ ശുചീകരിച്ചു.

Tuesday 13 March 2018 5:24 pm IST

 

മട്ടന്നൂര്‍: നഗരസഭ മടിച്ചു നിന്നു. സേവാഭാരതി കിണറുകള്‍ ശുചീകരിച്ചു. വേനല്‍ കടുത്തതോടെ കുടിവെള്ളക്ഷാമം രൂക്ഷമായിട്ടും മട്ടന്നൂര്‍ ടൗണിലെ കാടുകയറിയ പൊതുകിണറുകള്‍ ശുചിയാക്കാന്‍ നഗരസഭ താല്‍പ്പര്യം കാണിക്കാത്തതിനെ തുടര്‍ന്ന് സേവാഭാരതി മട്ടന്നൂര്‍ യൂണിറ്റ് കിണറുകള്‍ ശൂചീകരിച്ച് ഉപയോഗയോഗ്യമാക്കി മാതൃകയാവുകയായിരുന്നു. 

മട്ടന്നൂര്‍ ശ്രീമഹാദേവ ക്ഷേത്രം റോഡിലെ കിണറും നഗരസഭയിലെ കല്ലൂരിലെ മിനി വ്യവസായ കേന്ദ്രത്തിലെ കിണറുമാണ് സേവാഭാരതി പ്രവര്‍ത്തകര്‍ ശുചീകരിച്ചത്. കാലത്ത് 5. 30നു തുടങ്ങിയ പ്രവൃത്തിയുടെ ഉദ്ഘാടനം സേവാഭാരതി മട്ടന്നൂര്‍ യൂണിറ്റ് പ്രസിഡണ്ട് എം.മനോജ് കുമാര്‍ നിര്‍വ്വഹിച്ചു.പമ്പു സെറ്റുകളെത്തിച്ച് കിണറുകളിലെ മലിനജലം വറ്റിച്ച് ചെളിയും കിണറില്‍ സാമൂഹ്യദ്രോഹികള്‍ നിക്ഷേപിച്ച പ്ലാസ്റ്റിക് കുപ്പികളടക്കമുള്ള പ്ലാസ്റ്റിക് മാലിന്യവും എടുത്ത് മാറ്റുകയും കിണറിലേയും പരിസരത്തേയും കാടുകളും വെട്ടിമാറ്റുകയുമായിരുന്നു. കിണറുകളില്‍ ബ്ലിച്ചിംഗ് പൗഡറിട്ട് വെള്ളം ഉപയോഗയോഗ്യമാക്കുകയും ആള്‍മറ പെയിന്റടിച്ച് വൃത്തിയാക്കി കിണറിനു മുകളില്‍ വലയിടുകയും ചെയ്തു. 

ബസ് സ്റ്റാന്റിലെ ഒരു പൊതുകിണറുകൂടി ശുചിയാക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും നഗരസഭയുടെ നിസ്സഹകരണം കാരണം നടന്നില്ല. കിണറിനു ചുറ്റും രാഷ്ട്രീയ പാര്‍ട്ടികളുടേയും സംഘടനകളുടേയും ബോര്‍ഡുകള്‍ ഉണ്ടായിരുന്നത് നഗരസഭ നീക്കം ചെയ്യാമെന്ന് സേവാഭാരതി പ്രവര്‍ത്തകരോട് വാക്കാല്‍ അറിയിച്ചിരുന്നു. എന്നാല്‍ നഗരസഭാ അധികൃതര്‍ ബോര്‍ഡുകള്‍ നീക്കം ചെയ്യാത്തതിനെ തുടര്‍ന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു. സേവാഭാരതി മട്ടന്നൂര്‍ യൂണിറ്റ് സെക്രട്ടറി വി.എം.കാര്‍ത്തികേയന്‍, ട്രഷറര്‍ എം.വി.ദിലീപന്‍, ബിജെപി മട്ടന്നൂര്‍ മണ്ഡലം സെക്രട്ടറി എ.ഇ.സജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.