പൂക്കോത്ത് നടയിലെ ഉത്സവ പരിപാടികള്‍ തടസ്സപ്പെടുത്തിയ പോലീസ് നടപടി ഭക്തരില്‍ പ്രതിഷേധത്തിന് കാരണമായി

Tuesday 13 March 2018 5:25 pm IST

 

തളിപ്പറമ്പ്: ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയില്‍ അക്രമം നടന്നതിന്റെ പേരില്‍ നൂറ്റാണ്ടുകളായി തൃച്ചംബരം ക്ഷേത്രോത്സവത്തിന്റെ ഭാഗമായി പൂക്കോത്ത് നടയില്‍ നടന്നുവരുന്ന ഉത്സവാനുബന്ധ കലാപരിപാടികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ പോലീസ് നടപടി ഭക്തരില്‍ പ്രതിഷേധത്തിന് കാരണമായി.

പതിനായിരങ്ങള്‍ ചെലവഴിച്ച് 25 ഓളം സിസിടിവികള്‍ ഉത്സവസ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടും അക്രമങ്ങള്‍ തടയാന്‍ കഴിയാത്ത പോലീസ് സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തികളായി മാറി ഉത്സവ പരിപാടികള്‍ക്ക് തന്നെ വിലക്കേര്‍പ്പെടുത്തിയതാണ് വ്യാപക പ്രതിഷേധത്തിന് കാരണമായത്. കഴിഞ്ഞദിവസമുണ്ടായ അനിഷ്ട സംഭവങ്ങള്‍ പോലീസ് സ്റ്റേഷനിലെ കണ്‍ട്രോള്‍ യൂണിറ്റില്‍ അറിഞ്ഞിട്ടും ചെറുവിരലനക്കാന്‍ പോലും തളിപ്പറമ്പിലെ പോലീസ് മേധാവികള്‍ക്ക് കഴിഞ്ഞിട്ടില്ല. മട്ടന്നൂരിലെ ഷുഹൈബ് വധം, കീഴാറ്റൂരിലെ വയല്‍ക്കിളികളുടെ സമരം എന്നിവയിലൂടെ പ്രതിരോധത്തിലായ സിപിഎമ്മിനെ രക്ഷിക്കാനും സംഘപരിവാര്‍ സംഘടനകള്‍ക്കെതിരെ വ്യാജ പ്രചാരണം നടത്താനുമാണ് ചില പോലീസ് മേധാവികള്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസം നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ ചീട്ടുകളി പിടിച്ചു എന്ന പ്രചാരണവും പോലീസ് നടത്തിയിരുന്നു. 

ഇത്തരം സംഭവങ്ങളുടെ പേര് പറഞ്ഞ് പൂക്കോത്ത് നടയിലെ ഉത്സവം തന്നെ വിലക്കാനായിരുന്നു പോലീസ് നീക്കം. ഞായറാഴ്ച പൂക്കോത്ത് നടയില്‍ നടന്ന പരിപാടിയില്‍ ആയിരക്കണക്കിന് ഭക്തരാണ് പങ്കെടുത്തത്. വര്‍ഷങ്ങളായി ഉത്സവത്തോടനുബന്ധിച്ച് പൂക്കോത്ത് നടയില്‍ പരിപാടികള്‍ നടക്കാറുണ്ട്. ഇവിടെ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടാകാറുമില്ല. തലശ്ശേരിക്കടുത്ത ഒരു ക്ഷേത്രത്തിലെ ഉത്സവത്തിന് അഞ്ഞൂറോളം പോലീസുകാരെ ഇറക്കി സംരക്ഷണമൊരുക്കിയ പോലീസ് മേധാവികള്‍ തളിപ്പറമ്പില്‍ ഉത്സവത്തോടനുബന്ധിച്ച് നടന്ന പരിപാടിക്ക് വിലക്കേര്‍പ്പെടുത്തുകയായിരുന്നു. പോലീസിന്റെ നീക്കം ഭക്തജനങ്ങളെ പ്രകോപിതരാക്കാനും കാരണമായിട്ടുണ്ട്.

പോലീസിന്റെ ഏകപക്ഷീയമായ തീരുമാനം ലംഘിച്ച് കലാപരിപാടികളുമായി മുന്നോട്ട് പോകാനാണ് സേവാസമിതിയുടെ തീരുമാനം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.