സമഗ്ര സ്തനാര്‍ബുദ നിയന്ത്രണ പരിപാടി നടപ്പിലാക്കും

Tuesday 13 March 2018 5:27 pm IST

 

കണ്ണൂര്‍: കണ്ണൂര്‍ മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കി വരുന്ന സമഗ്ര സ്തനാര്‍ബുദ നിയന്ത്രണ പദ്ധതിയായ ബ്രസ്റ്റ് കാന്‍സര്‍ ബ്രിഗേഡ് റസിഡന്‍സ് അസോസിയേഷനുകളുടെ സജീവ പങ്കാളിത്തത്തോടെ കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ നടപ്പിലാക്കും. ലോകാരോഗ്യ സംഘടനയുടെയും എല്‍ ആന്റ് ടി കമ്പനിയുടെയും കണ്ണൂര്‍ ഗൈനക് സൊസൈറ്റിയുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി ഓരോ റസിഡന്‍സ് അസോസിയേഷനുകളില്‍ നിന്നും തെരഞ്ഞെടുത്ത അഞ്ച് മുതല്‍ പത്ത് വരെയുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ഇതിനായി പ്രത്യേക പരിശീലനം നല്‍കും. തുടര്‍ന്ന് ഇവര്‍ വീടുവീടാന്തരം കയറിയിറങ്ങി സ്തനാര്‍ബുദ സാധ്യതാ ലക്ഷണമുള്ളവരെ കണ്ടെത്തുകയും അവരെ ഗ്രാമതല ക്യാമ്പുകളില്‍ സഞ്ജീവനി മൊബൈല്‍ ടെലി മെഡിസിന്‍ യൂണിറ്റിന്റെ സേവനം ഉപയോഗപ്പെടുത്തി വിദഗ്ധ പരിശോധന നടത്തുകയും രോഗം കണ്ടെത്തുന്നവരെ ചികിത്സാ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുകയും ചെയ്യും. പദ്ധതിയുടെ വിജയത്തോടെ സ്തനാര്‍ബുദ മരണങ്ങള്‍ 90 ശതമാനം കുറക്കുവാനാകും. കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ 25 റസിഡന്റ്‌സ് അസോസിയേഷനുകളില്‍ നിന്നും തെരഞ്ഞെടുത്ത സന്നദ്ദ പ്രവര്‍ത്തകര്‍ക്ക് 14 ന് ഉച്ചക്ക് 1.30 മുതല്‍ എംസിസിഎസ് ഹാളില്‍ പരിശീലനം നല്‍കും. പരിപാടി മേയര്‍ ഇ.പി.ലത ഉദ്ഘാടനം ചെയ്യും. അഡ്വ.ഇന്ദിര അധ്യക്ഷത വഹിക്കും. ഡോ.വി.സി.രവീന്ദ്രന്‍, ഡോ.ആഷിക് ബെന്‍സ്, ഡോ.കൃഷ്ണനാഥ പൈ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. 17, 18 തീയ്യതികളില്‍ ഗൃഹ സന്ദര്‍ശന ബോധവത്കരണ പരിപാടിയും 31 ന് മുമ്പ് സൗജന്യ ഗ്രാമതല ക്യാമ്പുകളും നടത്തുമെന്ന് മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി പ്രസിഡണ്ട് ഡി.കൃഷ്ണനാഥ പൈ അറിയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.