ദാവൂദിനെ സംരക്ഷിക്കുന്നത് പാകിസ്ഥാന്‍: ഫാറൂഖ് തക്ല

Tuesday 13 March 2018 6:26 pm IST
ദുബായില്‍ വച്ച് പിടിയിലായ ദാവൂദിന്റെ കൂട്ടാളി ഫാറൂഖ് തക്ലയാണ് ദാവൂദിനെ സംബന്ധിച്ച പുതിയ വിവരങ്ങള്‍ സിബിഐയ്ക്ക് നല്‍കിയത്. ഇതോടെ ദാവൂദിനെ സംരക്ഷിക്കുന്നത് പാകിസ്ഥാനാണെന്ന ഇന്ത്യയുടെ വാദങ്ങള്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുകയാണ്.
"undefined"

ന്യൂദല്‍ഹി: രാവും പകലും ആയുധധാരികളായ പാകിസ്ഥാന്‍ സൈന്യത്തിന്റെ കാവല്‍, ആര്‍ക്കും പെട്ടെന്ന് എത്തിപ്പെടാന്‍ കഴിയാത്ത രഹസ്യ സങ്കേതം, അടിയന്തിര ഘട്ടങ്ങളില്‍ രക്ഷപെടാനും ആറു മണിക്കൂറിനുള്ളില്‍ ദുബായില്‍ എത്താനുമുള്ള മാര്‍ഗ്ഗങ്ങള്‍, അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന് പാകിസ്ഥാന്‍ ഒരുക്കിയിരിക്കുന്ന സൗകര്യങ്ങള്‍ നിരവധിയാണ്.

ദുബായില്‍ വച്ച് പിടിയിലായ ദാവൂദിന്റെ കൂട്ടാളി ഫാറൂഖ് തക്ലയാണ് ദാവൂദിനെ സംബന്ധിച്ച പുതിയ വിവരങ്ങള്‍ സിബിഐയ്ക്ക് നല്‍കിയത്. ഇതോടെ ദാവൂദിനെ സംരക്ഷിക്കുന്നത് പാകിസ്ഥാനാണെന്ന ഇന്ത്യയുടെ വാദങ്ങള്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുകയാണ്.

1993ലെ മുംബൈ സ്ഫോടനക്കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ ഇന്ത്യ തിരയുന്ന കൊടും കുറ്റവാളിയാണ് ദാവൂദ് ഇബ്രാഹിം. കറാച്ചിക്കടുത്ത് ആന്ദാ ഗ്രൂപ്പ് ഓഫ് ഐലന്റ് എന്ന സ്ഥലത്താണ് ദാവൂദ് താമസിക്കുന്നതെന്ന് തക്ല സിബിഐയോട് വെളിപ്പെടുത്തിയിട്ടുണ്ട്. ദാവൂദിന്റെയോ, ഭാര്യയുടെയോ അനുമതിയില്ലാതെ ആര്‍ക്കും ഈ പ്രദേശത്തേക്ക് കടക്കാനാവില്ല. അനുമതി ലഭിച്ചാല്‍ തന്നെ ദാവൂദിന്റെ സുരക്ഷാ ഭടന്മാരായ പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സിന്റെ കടുത്ത പരിശോധനകള്‍ നേരിടേണ്ടതായുണ്ട്.

ആര്‍ക്കും അത്രപെട്ടെന്ന് എത്തിപ്പെടാനാകാത്ത ഈ പ്രദേശത്ത് ദാവൂദുമായി സംസാരിക്കാന്‍ പാക് ഓഫീസര്‍മാര്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതും ദാവൂദ് തെരഞ്ഞെടുത്ത ഓഫീസര്‍മാര്‍ക്ക് മാത്രം. നിരന്തര പട്രോളിംഗിനായി പാകിസ്ഥാന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഒരു സംഘം സ്ഥലത്ത് സ്ഥിരമായി തമ്പടിച്ചിട്ടുമുണ്ട്.

അപ്രതീക്ഷിത സാഹചര്യങ്ങളില്‍ ബോംബാക്രമണങ്ങളോ മറ്റോ ഉണ്ടായാല്‍ അവ പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചിട്ടുണ്ട്. മാത്രമല്ല അങ്ങനെയുള്ള സാഹചര്യങ്ങളില്‍ ദാവൂദിന് രക്ഷപെടാന്‍ രഹസ്യമാര്‍ഗ്ഗങ്ങളും, ആറു മണിക്കൂറിനുള്ളില്‍ ദുബായില്‍ എത്താന്‍ കഴിയും വിധത്തിലൂള്ള സൗകര്യങ്ങളും പ്രദേശത്ത് ഒരുക്കിയിട്ടുണ്ടെന്ന് തക്ല വെളിപ്പെടുത്തി.

ദുബായില്‍ മാത്രമല്ല മറ്റ് രാജ്യങ്ങളിലേക്കും ദാവൂദിനൊപ്പം താന്‍ പോയിട്ടുള്ളതായി തക്ല സമ്മതിച്ചിട്ടുണ്ട്. 2000 മുതല്‍ 2005 വരെ ദാവൂദിന് ഛോട്ടാ രാജന്‍ സംഘത്തില്‍ നിന്നും വധഭീഷണികള്‍ ഉണ്ടായിരുന്നുവെന്നും തക്ല വെളിപ്പെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.