കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ അട്ടിമറിക്കുന്നു: കുമ്മനം

Wednesday 14 March 2018 1:33 am IST


ചെങ്ങന്നൂര്‍:  കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ജനക്ഷേമ പദ്ധതികളുടെ ആനുകൂല്യം കിട്ടേണ്ടത് ഓരോരുത്തരുടേയും അവകാശമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. എന്നാല്‍ ഇത് ജനങ്ങളിലേക്ക് എത്താതിരിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം കേരളത്തില്‍ നടക്കുന്നുണ്ട്.
 ഇത് ജനങ്ങളിലേക്ക് എത്തിക്കേണ്ടത് ഓരോ ബിജെപി പ്രവര്‍ത്തകന്റെയും കടമായാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പ്രചരണത്തിനായി തെരഞ്ഞെടുത്തവര്‍ക്കുള്ള ശില്‍പ്പശാല  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രപദ്ധതികളെപ്പറ്റി വ്യാജ പ്രചരണമാണ് ചില കേന്ദ്രങ്ങള്‍ നടത്തുന്നത്.
 എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രയോജനം കിട്ടുന്ന പദ്ധതികള്‍ കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ദളിതര്‍, പിന്നാക്കക്കാര്‍, പട്ടികജാതി-പട്ടിക വിഭാഗം, സ്ത്രീകള്‍, പെണ്‍കുട്ടികള്‍, തൊഴിലില്ലാത്ത ചെറുപ്പക്കാര്‍, വിരമിച്ചയാള്‍ക്കാര്‍, രോഗബാധിതര്‍, ഭിന്നശേഷിക്കാര്‍, ദിവ്യാംഗര്‍, ഭവന രഹിതര്‍, വൈദ്യുതി- പാചക വാതകം ഇല്ലാത്തവര്‍  തുടങ്ങി എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രയോജനം കിട്ടുന്ന പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നത്.
 എന്നാല്‍ ഇവയൊന്നും ജനങ്ങളിലേക്ക് എത്താതിരിക്കാന്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഇടപെടലുകളാണ് കേരളത്തില്‍ നടക്കുന്നത്.   സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍, ജില്ലാ ജനറല്‍ സെക്രട്ടറി എം.വി. ഗോപകുമാര്‍, ജില്ലാ ട്രഷറര്‍ കെ.ജി. കര്‍ത്താ, നിയോജക മണ്ഡലം അദ്ധ്യക്ഷന്‍ സജു ഇടക്കല്ലില്‍, ജനറല്‍ സെക്രട്ടറിമാരായ സജു കുരുവിള, സതീഷ് ചെറുവല്ലൂര്‍, ജില്ലാ സെക്രട്ടറി ശ്യാമളാ കൃഷ്ണകുമാര്‍, സംസ്ഥാന സമിതിയംഗം ജി.ജയദേവ് എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.