14 കര്‍ഷകരെ സിപിഎം കൊന്നതിന് 11 വര്‍ഷം

Tuesday 13 March 2018 7:39 pm IST
കര്‍ഷകരെ കൊന്നൊടുക്കാനുള്ള സര്‍ക്കാര്‍-പാര്‍ട്ടി ഗൂഢാലോചനയാണ് നന്ദിഗ്രാമില്‍ നടപ്പാക്കിയത്. ഔദ്യോഗിക കണക്ക് പതിനാലാണെങ്കിലും മുപ്പതോളം പേര്‍ കൊല്ലപ്പെട്ടെന്നാണ് സന്നദ്ധ സംഘടനകള്‍ പറയുന്നത്. വാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയാന്‍ പ്രദേശത്തെത്തിയ മാധ്യപ്രവര്‍ത്തകരെ സിപിഎം അടിച്ചോടിച്ചിരുന്നു.
"undefined"

ന്യൂദല്‍ഹി: സിപിഎം പ്രവര്‍ത്തകരും ഇടത് സര്‍ക്കാരിന്റെ പോലീസും ബംഗാളില്‍ നടത്തിയ കര്‍ഷക കൂട്ടക്കൊലയ്ക്ക് 11 വയസ്. നന്ദിഗ്രാമില്‍ 2007 മാര്‍ച്ച് 14ന് പോലീസിന്റെയും സിപിഎം പ്രവര്‍ത്തകരുടെയും വെടിവെപ്പില്‍ 14 കര്‍ഷകരാണ് കൊല്ലപ്പെട്ടത്. 70 പേര്‍ക്ക് പരിക്കേറ്റു. 

ചുവപ്പന്‍ ഭീകരതക്ക് കീഴിലായിരുന്നു മാസങ്ങളോളം നന്ദിഗ്രാമിലെ ജനങ്ങളുടെ ജീവിതം. നിരവധി സ്ത്രീകള്‍ ബലാത്സംഗത്തിനിരയായി. മഹാരാഷ്ട്രയിലെ കര്‍ഷക സമരത്തില്‍ സിപിഎം അവകാശവാദമുന്നയിക്കുമ്പോഴാണ് നന്ദിഗ്രാമിലെ നരനായാട്ടിന്റെ വാര്‍ഷികമെത്തുന്നത്. 

 കോര്‍പ്പറേറ്റുകള്‍ക്കായി കര്‍ഷകരെ കൊന്നൊടുക്കുന്ന ഇടത് മോഡല്‍ ഭരണമാണ് നന്ദിഗ്രാമില്‍ ദൃശ്യമായത്. ഇന്തോനേഷ്യയിലെ സലീം ഗ്രൂപ്പിന് കെമിക്കല്‍ ഹബ് സ്ഥാപിക്കുന്നതിന് 10000 ഏക്കര്‍ ഭൂമി പ്രത്യേക സാമ്പത്തിക മേഖലയാക്കി സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ് സംഭവങ്ങളുടെ തുടക്കം. കൃഷിഭൂമി ഏറ്റെടുക്കുന്നതിനെതിരെ ഭൂമി രക്ഷാ കമ്മറ്റിയുണ്ടാക്കി കര്‍ഷകര്‍ തെരുവിലിറങ്ങി. 

"undefined"

ജനുവരി മുതല്‍ മാര്‍ച്ച് വരെ മൂന്ന് മാസത്തോളം റോഡ് ഉപരോധിച്ചു. തടയാനെത്തിയ പോലീസിനെയും സിപിഎം പ്രവര്‍ത്തകരെയും ചെറുത്തുനിന്നു. ഒടുവില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് മൂവായിരത്തോളം പോലീസുകാര്‍ കര്‍ഷകരെ ഏത് വിധേനയും ഒഴിപ്പിക്കാനെത്തി. ഇവര്‍ക്കൊപ്പം എന്തിനും പോന്ന നാനൂറിലേറെ സിപിഎം പ്രവര്‍ത്തകരും സ്ഥലത്തെത്തി. പോലീസിന്റെ മാത്രമായിരുന്നില്ല, സിപിഎം പ്രവര്‍ത്തകരുടെ വെടിവെപ്പിലും പ്രതിഷേധക്കാര്‍ പിടഞ്ഞുവീണു. ഇവരില്‍ ചിലരെ പിന്നീട് പോലീസ് പിടികൂടി. 

കര്‍ഷകരെ കൊന്നൊടുക്കാനുള്ള സര്‍ക്കാര്‍-പാര്‍ട്ടി ഗൂഢാലോചനയാണ് നന്ദിഗ്രാമില്‍ നടപ്പാക്കിയത്. ഔദ്യോഗിക കണക്ക് പതിനാലാണെങ്കിലും മുപ്പതോളം പേര്‍ കൊല്ലപ്പെട്ടെന്നാണ് സന്നദ്ധ സംഘടനകള്‍ പറയുന്നത്. വാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയാന്‍ പ്രദേശത്തെത്തിയ മാധ്യപ്രവര്‍ത്തകരെ സിപിഎം അടിച്ചോടിച്ചിരുന്നു. 

"undefined"
നവംബറില്‍ കല്‍ക്കട്ട ഹൈക്കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. നടപടി ഭരണഘടനാ വിരുദ്ധമാണെന്നും ഒരു തരത്തിലും ന്യായീകരിക്കാവുന്നതല്ലെന്നും കോടതി പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷവും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷവും ബലാത്സംഗത്തിനിരയായവര്‍ക്ക് രണ്ട് ലക്ഷവും നല്‍കാന്‍ ഉത്തരവിട്ടു. സിപിഎം ക്രിമിനലുകള്‍ മാസങ്ങളോളം അഴിഞ്ഞാടിയ പ്രദേശത്ത് നവംബറില്‍ വീണ്ടും അക്രമമുണ്ടായി. സിപിഎമ്മുകാര്‍ യുദ്ധസമാന അന്തരീക്ഷമുണ്ടാക്കുന്നതായി മേധാ പട്കര്‍ വെളിപ്പെടുത്തി. കല്‍ക്കത്തയിലെ ഫിംലിം ഫെസ്റ്റിവല്‍ സിനിമാ പ്രവര്‍ത്തകര്‍ ബഹിഷ്‌കരിച്ചു. 

2008 മെയ് മാസത്തില്‍ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാത്തതിന് മൂന്ന് സ്ത്രീകളെ സിപിഎമ്മുകാര്‍ നഗ്നരാക്കി. സര്‍ക്കാരിനെതിരെ രാജ്യവ്യാപക പ്രതിഷേധമുയര്‍ന്നതോടെ സലീം ഗ്രൂപ്പിന്റെ പദ്ധതി മാറ്റി. കര്‍ഷകര്‍ക്ക് ഭൂമി തിരികെ ലഭിച്ചു. 

 

"undefined"
ബംഗാളിലെ രാഷ്ട്രീയ മാറ്റത്തിനും നന്ദിഗ്രാം ഇടയാക്കി. സിപിഎമ്മിന്റെ പതനവും മമതയുടെ ഉയര്‍യും ആരംഭിച്ചു. മാ, മാതി, മനുഷ്യ് (അമ്മ, ഭൂമി, മനുഷ്യര്‍) എന്ന മുദ്രാവാക്യവുമായി മമത ഇടത് കോട്ടകളെ ഇളക്കിമറിച്ചു. 2011നുണ്ടായ നിയമസഭാ തെരഞ്ഞെടുപ്പില്‍ 34 വര്‍ഷത്തെ ഇടത് ഭരണം അവസാനിപ്പിച്ച് മമത അധികാരമേറി. ജനകീയ സമരങ്ങളിലെ സിപിഎമ്മിന്റെ ഇരട്ടത്താപ്പും നന്ദിഗ്രാം തുറന്നുകാട്ടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.