ചെങ്ങന്നൂരില്‍ വന്‍തീപിടുത്തം 40 ലക്ഷത്തിന്റെ നഷ്ടം
ചെങ്ങന്നൂര്‍: നഗരമധ്യത്തിലെ ശാസ്താംപുറം ചന്തയില്‍ തീപ്പിടുത്തം. ചൈനീസ് മാര്‍ക്കറ്റ് പൂര്‍ണ്ണമായും കത്തി നശിച്ചു. പച്ചക്കറികളടക്കം അഞ്ച് ഉന്തുവണ്ടിയും കത്തി. സംഭവത്തില്‍ ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.
സമീപമുളള മറ്റ് കടകളിലും വീടുകളിലേക്കും തീപടരാതെ നോക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കരുനാഗപ്പള്ളി ഓച്ചിറ കലവറക്കിഴക്കേതില് ഇ. നാസറിന്റെ ഉടമസ്ഥതയിലാണ് കടയുടെ ലൈസന്‍സ്. നഗരസഭയുടെ സ്ഥലത്ത് വാടകകയ്ക്ക് പ്രവര്‍ത്തിക്കുകയായിരുന്നു.
ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. ശാസ്താംപുറം ചന്തയ്ക്കുള്ളിലേക്ക് കയറുന്ന ഭാഗത്തെ ട്രാന്‍ഫോര്‍മറില്‍ നിന്ന് തീപടര്‍ന്നതായാണ് പ്രാഥമിക നിഗമനം. രണ്ടു ദിവസമായി ഇത് കേടായി തീപ്പൊരി ചിതറുന്നുണ്ടായിരുന്നു.
ചന്തയില്‍ രാവിലെ പച്ചക്കറി വാങ്ങാന്‍ വന്ന കടക്കാരനാണ് തീപടരുന്നത് കണ്ടത്. സമീപത്തെ കടക്കാര് 101ലേക്ക് വിളിച്ചെങ്കിലും കായംകുളം അഗ്നിരക്ഷാനിലയത്തിലേക്കാണ് കോള്‍ പോയത്. തുടര്‍ന്ന് ചെങ്ങന്നൂര്‍ അഗ്നിരക്ഷാ നിലയത്തിലേക്ക് നാട്ടുകാര്‍ നേരിട്ടെത്തിയാണ് വിവരം അറിയിച്ചത്.
കടയില്‍ കൂടുതലും പ്ലാസ്റ്റിക് ഉത്പന്നങ്ങളായിരുന്നതിനാല് അഗ്നിരക്ഷാസേന സ്ഥലത്തെത്തിയപ്പോഴേക്കും തീ ആളി പടര്‍ന്നു. സമീപത്തെ കടകളിലേക്കും വീടുകളിലേക്കും തീ പടരാന്‍ തുടങ്ങിയിരുന്നു.
അഗ്നിശമന സേനയുടെ സമയോചിതമായ ഇടപെടല്‍കൊണ്ടാണ് കൂടുതല്‍ അപകടം സംഭവിക്കാതിരുന്നത്. നാട്ടുകാര്‍ അപ്പോഴേക്കും ബക്കറ്റില്‍ വെള്ളം കൊണ്ടൊഴിച്ചും നനഞ്ഞ ചാക്കു കൊണ്ടടിച്ചും തീ കെടുത്താന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.
തുടര്‍ന്ന് തിരുവല്ല, മാവേലിക്കര, ചങ്ങനാശ്ശേരി എന്നിവിടങ്ങളില്‍ നിന്നായി നാലു യൂണിറ്റ് കൂടി എത്തി. രണ്ടു മണിക്കൂറോളം പാടുപെട്ടാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചത്. നാല്പത് ലക്ഷം രൂപയുടെ നഷ്ടമാണ് അധികൃതര്‍ കണക്കാക്കുന്നത്.
കടയില്‍ കൃത്യമായ സ്റ്റോക്ക് രജിസ്റ്ററും അനുബന്ധരേഖകളും ഇല്ലാത്തതിനാല്‍ നഷ്ടം കൃത്യമായി കണക്കാക്കാന്‍ സാധിച്ചില്ല. ട്രാന്‍ഫോര്‍മറിന്റെ തകരാറ് തിങ്കളാഴ്ച വൈകിട്ട് ശരിയാക്കിയിരുന്നതായി വൈദ്യുതി വകുപ്പ് അധികൃതര്‍ പറഞ്ഞു.