സോപാനം പാടുന്നു, അവര്‍ അഞ്ചുപേര്‍

Wednesday 14 March 2018 6:50 am IST
സംഗീതത്തെ ഇഷ്ടപ്പെടുകയും ഉപാസിക്കുകയും ജീവിതചര്യയായി കൊണ്ടു നടക്കുകയും ചെയ്യുന്ന ഇവര്‍ വീട്ടുകാരുടെ എല്ലാവിധ പിന്തുണയോടും കൂടിയാണ് ഈ രംഗത്തേക്ക് വന്നത്. വീട്ടുജോലികളെല്ലാം കഴിഞ്ഞ് രാവിലെ 11 മണിയോടെയാണ് സോപാന സംഗീത പരിശീലനം. എല്ലാവരുടെയും വീടുകള്‍ അടുത്തടുത്തായതിനാല്‍ ഒഴിവുസമയം കണ്ടെത്തി പരിപാടികള്‍ ചിട്ടപ്പെടുത്തും.
"undefined"

ഭഗവാന് മുന്നില്‍ ഭക്തിയോടെ അവതരിപ്പിക്കുന്ന സോപാന സംഗീതത്തില്‍ മനസ്സുറപ്പിച്ചിരിക്കുകയാണ് പാലക്കാട് മൂത്താന്തറയിലെ അഞ്ച് വീട്ടമ്മമാര്‍.  പ്രായത്തില്‍ വ്യത്യാസമുണ്ടെങ്കിലും വീട്ടമ്മമാരുടെ ഈ സംഘം സോപാനസംഗീതം അവതരിപ്പിച്ചു സംഗീതപ്രേമികളുടെ മനംകവരുന്നു.   മൂത്താന്തറയിലെ പ്രിയ സുകുമാരന്‍, വസന്ത സുബ്രഹ്മണ്യന്‍, ശ്രീജ ഗോപി, ശശികല ശിവന്‍, ഗീത അച്യുതന്‍ എന്നിവരാണ് സോപാനസംഗീതം ആലപിച്ച് ശ്രദ്ധേയരാകുന്നത്. ഇതുവരെ ഒരാള്‍ പാടിക്കൊണ്ടിരുന്ന സോപാനസംഗീതമാണ് അഞ്ചുപേര്‍ ചേര്‍ന്ന് ആലപിക്കുന്നത്. സാധാരണ സ്‌കൂള്‍ യുവജനോത്സവത്തിലായാലും ഒറ്റയ്ക്കാണ് അഷ്ടപദി പാടുക. 

 സംഗീതത്തെ ഇഷ്ടപ്പെടുകയും ഉപാസിക്കുകയും ജീവിതചര്യയായി കൊണ്ടു നടക്കുകയും ചെയ്യുന്ന ഇവര്‍ വീട്ടുകാരുടെ എല്ലാവിധ പിന്തുണയോടും കൂടിയാണ് ഈ രംഗത്തേക്ക് വന്നത്. വീട്ടുജോലികളെല്ലാം കഴിഞ്ഞ് രാവിലെ 11 മണിയോടെയാണ് സോപാന സംഗീത പരിശീലനം. എല്ലാവരുടെയും വീടുകള്‍ അടുത്തടുത്തായതിനാല്‍ ഒഴിവുസമയം കണ്ടെത്തി പരിപാടികള്‍ ചിട്ടപ്പെടുത്തും.

ഈ അഞ്ചംഗ സംഘത്തിന് കൈവെച്ച മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിക്കാനായി. ഇവരുടെ തട്ടകമായ മൂത്താന്തറയിലെ ശ്രീകണ്ണകി ക്ഷേത്രത്തിലായിരുന്നു സോപാന അരങ്ങേറ്റം. തുടര്‍ന്ന് പരിസര പ്രദേശത്തെ ക്ഷേത്രങ്ങളിലെല്ലാം അവതരിപ്പിക്കുകയും ചെയ്യുന്നു. 

കഴിഞ്ഞ 15 വര്‍ഷമായി സമ്പ്രദായ ഭജന മേഖലയില്‍ ഗോവിന്ദ ഭജന മണ്ഡലി എന്ന പേരില്‍ ഒരു ഭജന സംഘവും ഈ വീട്ടമ്മമാര്‍ രൂപീകരിച്ചു.  ഇപ്പോള്‍ ഒന്ന് വിശ്രമിക്കാന്‍ പോലും സമയമില്ലാത്ത വിധത്തില്‍ നിരവധിയിടങ്ങളില്‍ നിന്നാണ് പരിപാടികള്‍ അവതരിപ്പിക്കാന്‍ ക്ഷണം കിട്ടുന്നത്.  ഇടയ്ക്ക വിദഗ്ദ്ധനായ ഡോ.പ്രകാശന്‍ പഴമ്പാലക്കോടിന്റെ നിര്‍ദ്ദേശാനുസരണം ഗുരുവായൂര്‍ ജ്യോതിദാസന്റെ ശിക്ഷണത്തിലാണ് സോപാന സംഗീതം അഭ്യസിച്ചത്. 

    ഇടയ്ക്കയില്‍ വിസ്മയം തീര്‍ക്കുന്ന പ്രിയ സുകുമാരന്‍ കഥകളി അവതരണത്തിലും ശ്രദ്ധേയയാണ്. കല്ലേക്കുളങ്ങര കഥകളി ഗ്രാമത്തിന്റെ സ്ഥാപകനായ കലാമണ്ഡലം വെങ്കിട്ടരാമന്‍ ആശാന്റെ ശിക്ഷണത്തില്‍ ഏറെക്കാലം കഥകളി അഭ്യസിക്കുകയും ചെയ്ത പ്രിയ സുകുമാരന്‍  വിവിധ ക്ഷേത്രങ്ങളില്‍ കഥകളി അവതരിപ്പിക്കുന്നുണ്ട്. സ്‌കൂള്‍ പഠനകാലത്ത് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പഠിച്ച കഥകളിയുടെയും അഷ്ടപദിയുടെയും ഓര്‍മകള്‍ വിളക്കിയെടുത്താണ് അമ്മമാരും മുത്തശ്ശിമാരുമൊക്കെയായ ഇവര്‍ ഒരിടവേളയ്ക്കുശേഷം കലയുടെയും സംഗീതത്തിന്റെയും ലോകത്തേക്ക് വീണ്ടുമെത്തുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.