സ്‌കൂള്‍ അടച്ചു പൂട്ടരുത്

Tuesday 13 March 2018 9:24 pm IST

 

തലശ്ശേരി: എരഞ്ഞോളി കുണ്ടൂര്‍ മലയില്‍ 25 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന ടെലിച്ചറി പബ്ലിക് സ്‌കൂള്‍ അടച്ചുപൂട്ടുന്നതിനെതിരെ രക്ഷിതാക്കളും നാട്ടുകാരും രംഗത്ത്. നേരത്തെ ട്രസ്റ്റിന്റെ കീഴില്‍ പ്രവര്‍ത്തിച്ചുവന്ന ടി.വി.സുകുമാരന്‍ മെമ്മോറിയല്‍ പബ്ലിക് സ്‌കൂള്‍ പുതിയ മാനേജ്‌മെന്റ് ഏറ്റെടുത്തതോടുകൂടിയാണ് സ്‌കൂള്‍ പൂട്ടാനുള്ള നീക്കം ആരംഭിച്ചതെന്ന് ആക്ഷന്‍ കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 

നഷ്ടത്തിലാണെന്ന് പറഞ്ഞാണ് സ്‌കൂള്‍ പൂട്ടാനുള്ള നീക്കം ഇപ്പോള്‍ നടത്തുന്നത്. 89 വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്ന സ്‌കൂളില്‍ പിടിഎ അംഗങ്ങളുടെ കൂട്ടായ്മയുടെ ഫലമായി 150 ഓളം വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠനം നടത്തുന്നുണ്ട്. സ്‌കൂള്‍ അടച്ചുപൂട്ടി പുതിയ വ്യവസായം ആരംഭിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടത്തുന്നത്. പുതിയ പ്രവേശനം നടത്തുകയോ ചെയ്തിട്ടില്ല. മാര്‍ച്ച് 31 നോടുകൂടി സ്‌കൂള്‍ അടച്ചുപൂട്ടുമെന്നാണ് മാനേജ്‌മെന്റ് പറയുന്നത്. എന്നാല്‍ സ്‌കൂള്‍ നഷ്ടത്തിലാണെങ്കില്‍ അത് ലാഭത്തിലാക്കി ട്രസ്റ്റുമായി സഹകരിച്ച് നടത്തി കാണിച്ചുതരാമെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാനേജ്‌മെന്റ് പ്രതിനിധികള്‍ ജില്ല വിദ്യാഭ്യാസ ഓഫീസില്‍ പോയി സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടതായും ഭാരവാഹികള്‍ പറഞ്ഞു. സ്‌കൂള്‍ അടച്ചുപൂട്ടുന്നതിനെതിരെയുള്ള സമരത്തിന് നാട്ടുകാരുടെ മുഴുവന്‍ പിന്തുണയും ഉണ്ടെന്നും ആക്ഷന്‍ കമ്മറ്റി ഭാരവാഹികള്‍ പറഞ്ഞു. കെ.കെ.രാജേഷ്, വി.എം.വിനോദ്, വി.ബി.ജാഫര്‍, വിന്‍സു കുര്യന്‍, രാകേഷ് റാം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.