മുഴപ്പിലങ്ങാട്ട് സിപിഎം അക്രമം തുടര്‍ക്കഥയാകുന്നു

Tuesday 13 March 2018 9:26 pm IST

 

കണ്ണൂര്‍: മുഴപ്പിലങ്ങാട് സിപിഎം നേതൃത്വത്തിന്റെ ഒത്താശയോടെ ക്രിമിനല്‍ സംഘങ്ങള്‍ നടത്തുന്ന ഏകപക്ഷീയമായ അക്രമങ്ങള്‍ തുടര്‍ക്കഥയാകുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി നിരവധി സംഘപരിവാര്‍ പ്രവര്‍ത്തകരാണ് സിപിഎം സംഘത്തിന്റെ അക്രമത്തിനിരയായത്. മൂന്ന് മാസം മുന്‍പ് സിപിഎം സംഘം അതിക്രൂരമായി വെട്ടിപ്പരിക്കേല്‍പിച്ച ആര്‍എസ്എസ് മുഴപ്പിലങ്ങാട് മണ്ഡല്‍ കാര്യവാഹ് പി.നിധീഷ് ഇപ്പോഴും ചികിത്സയിലാണ്. വെല്‍ഡിങ് ജോലി ചെയ്തിരുന്ന നിധീഷ് ഇപ്പോഴും കിടപ്പിലാണ്. ദീര്‍ഘകാലത്തെ ആശുപത്രി വാസത്തിന് ശേഷമാണ് നിധീഷ് അപകട നില തരണം ചെയ്തത്. വര്‍ഷങ്ങളോളം തുടര്‍ ചികിത്സ നടത്തിയാല്‍ മാത്രമേ നിധീഷിന്റെ ആരോഗ്യസ്ഥിതി സാധാരണ നിലയിലേക്ക് വരികയുള്ളു.

സമാനരീതിയില്‍ തന്നെയാണ് കഴിഞ്ഞ ദിവസം ബിജെപി മുഴപ്പിലങ്ങാട് പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് കച്ചേരിയിടത്തില്‍ ഹൗസില്‍ പി.സന്തോഷിനെ വെട്ടിപ്പരിക്കേല്‍പിച്ചത്. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെ കുളംബസാര്‍ ബീച്ച് റോഡില്‍ അഞ്ചംഗ സിപിഎം സംഘം സൈക്കിളില്‍ പോവുകയായിരുന്ന സന്തോഷിനെ തടഞ്ഞുനിര്‍ത്തി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇരുമ്പു വടികൊണ്ട് അടിച്ചുവീഴ്ത്തിയ ശേഷം കൈകാലുകള്‍ക്ക് വെട്ടിപ്പരിക്കേല്‍പ്പിക്കുയായിരുന്നു. കഴുത്തിന് വെട്ടുന്നത് തടഞ്ഞപ്പോഴാണ് കൈകള്‍ക്ക് പരിക്കേറ്റത്. തലശ്ശേരിയിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സന്തോഷിനെ ഇന്നലെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇയാള്‍ അപകട നില തരണം ചെയ്തിട്ടുണ്ട്. 

കഴിഞ്ഞ ജനുവരി 26 ന് കുളം ബസാറില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ പങ്കെടുത്ത പൊതുസമ്മേളനം നടന്നിരുന്നു. പൊതുയോഗത്തില്‍ സിപിഎമ്മുകാര്‍ ഉള്‍പ്പടെ നിരവധിപ്പേര്‍ പങ്കെടുത്തിരുന്നു. ഈ പൊതുയോഗത്തിന് സന്തോഷായിരുന്നു നേതൃത്വം നല്‍കിയത്. ഇതാണ് സിപിഎമ്മുകാരെ അക്രമത്തിന് പ്രേരിപ്പിച്ചത്. 

കഴിഞ്ഞ വര്‍ഷം മുഴപ്പിലങ്ങാട് ബീച്ച് ഫെസ്റ്റിനിടെ രണ്ട് വിദ്യാര്‍ത്ഥികളെ സിപിഎം സംഘം അക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച പരിപാടിക്കിടെയായിരുന്നു അക്രമം നടന്നത്. നിരവധിപ്പേരെത്തുന്ന മുഴപ്പിലങ്ങാട് ബീച്ച് ഫെസ്റ്റില്‍ ഏകപക്ഷീയമായി അക്രമം അഴിച്ച് വിടുകയെന്നത് സിപിഎം പതിവ് ശൈലിയാണ്. 

പല പ്രദേശങ്ങളില്‍ നിന്ന് മുഴപ്പിലങ്ങാടെത്തുന്ന സംഘങ്ങളാണ് അക്രമത്തിന് നേതൃത്വം നല്‍കുന്നത്. നിരന്തരമായി സിപിഎം പോപ്പുലര്‍ ഫ്രണ്ട് സംഘര്‍ഷം നടക്കുന്ന പ്രദേശമാണ് മുഴപ്പിലങ്ങാട്. എതിരാളികളെ കൊലപ്പെടുത്തുന്നതിന് പകരം മൃഗീയമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയെന്നതാണ് അക്രമികളുടെ സ്ഥിരം ശൈലി. പ്രത്യേക പരിശീലനം ലഭിച്ച സംഘങ്ങളെ പലപ്പോഴും പാര്‍ട്ടി നേതൃത്വത്തിന് നിയന്ത്രിക്കാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്. ഇടതു ഭരണത്തില്‍ പോലീസ് ഒത്താശയും കൂടി ലഭിക്കുന്നതോടെ അക്രമികള്‍ പ്രദേശത്ത് സൈ്വര്യവിഹാരം നടത്തുകയാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.   

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.