പുഴയെ തൊട്ടറിഞ്ഞ് സ്‌നേഹബാവലി പുഴയോര സ്‌നേഹയാത്ര

Tuesday 13 March 2018 9:26 pm IST

 

ഇരിട്ടി: പുഴയെ കാക്കാന്‍ പുഴക്കൊപ്പം വീണ്ടെടുക്കാം കാത്തുവെക്കാം എന്ന സന്ദേശവുമായി ഉവ്വാപ്പള്ളി പരിസ്ഥിതി സമിതി സ്‌നേഹബാവലി പുഴസംരക്ഷണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച പുഴയോര സ്‌നേഹയാത്ര ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. പാലപ്പുഴ കൂടലാട് നിന്ന് ആരംഭിച്ച യാത്ര പായംമുക്കില്‍ സമാപിച്ചു. 

ആറു വര്‍ഷം മുന്‍പ് പുഴുവരിക്കുന്ന പുഴക്കൊപ്പം എന്ന പേരില്‍ സംഘടിപ്പിച്ച പുഴ സംരക്ഷണ പരിപാടി വിജയം കണ്ടതിന്റെ അടിസ്ഥാനത്തിലാണ് രണ്ടാംഘട്ടമെന്ന നിലയില്‍ പുഴയോര സ്‌നേഹയാത്ര സംഘടിപ്പിച്ചത്. പുഴയുടെ ഇന്നത്തെ അവസ്ഥയും ജൈവവൈവിധ്യവും പഠനവിധേയമാക്കുക, ജലമൂറ്റലും കയ്യേറ്റങ്ങളും കണ്ടെത്തുക, പുഴ മലിനീകരണം, വെള്ളത്തിന്റെ അളവ് എന്നിവ പഠിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് യാത്ര സംഘടിപ്പിച്ചത്. ഇരിട്ടി ഗ്രീന്‍ലീഫ്, അത്തിത്തട്ട് ഗ്രാന്‍മ, പുരോഗമന കലാസാഹിത്യ സംഘം, പായംമുക്ക് പ്രഭാത് കലാസാംസ്‌കാരികവേദി, ഇരിട്ടി നളന്ദ കലാസാഹിത്യവേദി, പാല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഉറവ പരിസ്ഥിതി ക്ലബ്ബ്, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, ഉവ്വാപ്പള്ളി ഫ്രണ്ട്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് എന്നീ സംഘടനകളുടെ സഹകരണത്തോടെ നടത്തിയ പരിപാടിയില്‍ ഇരുന്നൂറോളം പേര്‍ പങ്കെടുത്തു. 

കൂടലാട് മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോസഫ് യാത്ര ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയര്‍മാന്‍ പി.പി.മുസ്തഫ അധ്യക്ഷത വഹിച്ചു. മുഴക്കുന്ന് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷന്‍മാരായ കെ.വി.റഷീദ്, സുരേന്ദ്രന്‍ തച്ചോളി, കണ്‍വീനര്‍ അബു ഉവ്വാപ്പള്ളി, കോഓര്‍ഡിനേറ്റര്‍ സി.എ.അബ്ദുള്‍ ഗഫൂര്‍, സാംസ്‌കാരിക പ്രവര്‍ത്തകരായ രാജീവ് നടുവനാട്, ജോയി തോമസ് ഇരിട്ടി എന്നിവര്‍ പ്രസംഗിച്ചു. പരിസ്ഥിതി പ്രവര്‍ത്തകനും സസ്യ ശാസ്ത്ര ഗവേഷകനുമായ വി.ആര്‍.വിനയരാജ ഹരിതസന്ദേശം നല്‍കി.

അയ്യപ്പന്‍കാവില്‍ പാട്ടുപച്ച കവിയരങ്ങില്‍ മുസ്തഫ കീത്തടത്ത്, രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. മുരിങ്ങൂരില്‍ കഥയരങ്ങ് നടന്നു. പായംമുക്കില്‍ സമാപന സമ്മേളനത്തില്‍ സജീവന്‍ കീഴ്പ്പള്ളിയുടെ ചിരുത എന്ന നോവല്‍ വി.ആര്‍.വിനയരാജ് പി.പി.ലതക്ക് നല്‍കി പ്രകാശനം ചെയതു. ബാബു ജോസഫ് കോളിക്കടവ്, പ്രഭാത് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഭാരവാഹികളായ ടി.രതീഷ്, ജി.പ്രേംകുമാര്‍, ഉവ്വാപ്പള്ളി പരിസ്ഥിതി സമിതി ഭാരവാഹികളായ പി.സുനേഷ്, എം.രഞ്ചിത്ത്, എം.രജീഷ് എന്നിവര്‍ പ്രസംഗിച്ചു. വരപ്പച്ച എന്ന പേരില്‍ ശ്രീനിവാസന്‍, ജൈന, ബ്ലെയിസ് എന്നിവര്‍ നേതൃത്വം നല്‍കിയ ചിത്രരചന പരിപാടിയും നടന്നു. തേജസ്വിനി പ്രഭാകരന്‍ പുല്ലാങ്കുഴല്‍ സംഗീതം അവതരിപ്പിച്ചു. പങ്കെടുത്ത മുഴുവനാളുകള്‍ക്കും കബീര്‍ അയ്യപ്പന്‍കാവിന്റെ നേതൃത്വത്തില്‍ തണ്ണീര്‍പന്തല്‍ ഒരുക്കി കുടിവെള്ളം വിതരണം ചെയ്തു.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.