ഡംപിംഗ് യാഡില്‍ തീപ്പിടിത്തും: ഏഴ് വാഹനങ്ങള്‍ കത്തിനശിച്ചു

Tuesday 13 March 2018 9:28 pm IST

 

തളിപ്പറമ്പ്: തളിപ്പറമ്പ്-ശ്രീകണ്ഠപുരം സംസ്ഥാന പാതയിലെ വെള്ളാരംപാറയിലുള്ള  പോലീസ് ഡംപിംഗ് യാഡില്‍ കഴിഞ്ഞദിവസമുണ്ടായ തീപ്പിടിത്തത്തില്‍ ഏഴ് വാഹനങ്ങള്‍ കത്തി നശിച്ചും. മൂന്ന് മിനിലോറികളും രണ്ട് ഗുഡ്‌സ് ഓട്ടോറിക്ഷയും രണ്ട് ബൈക്കുകളുമാണ് കത്തി നശിച്ചത്. ഇന്നലെ വെളുപ്പിനുണ്ടായ തീപ്പിടിത്തം ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാര്‍ഡിന്റെ  ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ഫയര്‍ഫോഴ്‌സില്‍ അറിയിക്കുകയും തുടര്‍ന്ന് തളിപ്പറമ്പില്‍നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഗം തീയണക്കുകയുമായിരുന്നു. പോലീസ് കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങള്‍ സൂക്ഷിക്കുന്ന ഡംബിംഗ് യാഡിലെ തീപ്പിടിത്തത്തില്‍ ദുരൂഹതയുള്ളതായി പരാതിയുണ്ട്. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ പത്തിലേറെ തവണ ചെറുതും വലുതുമായ തീപ്പിടിത്തങ്ങള്‍ ഈ പ്രദേശത്ത് ഉണ്ടായിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ട് ഉണ്ടായ തീപ്പിടിത്തം മണിക്കുറുകളോളം നീണ്ടുനിന്നിരുന്നു. ടിപ്പര്‍ ലോറികള്‍, മിനി ലോറികള്‍, ഗുഡ്‌സ് ഓട്ടോറിക്ഷകള്‍, സ്‌കൂട്ടറുകള്‍, ബൈക്കുകള്‍ എന്നിവയുള്‍പ്പെടെ ആയിരത്തിലധികം വാഹനങ്ങളാണ് യാര്‍ഡില്‍ സൂക്ഷിച്ചിരിക്കുന്നത്.

ഇത്രയധികം വാഹനങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലമാണെങ്കിലും ആവശ്യമായ സുരക്ഷാ സംവിധാനങ്ങളോ വൈദ്യുതി കണക്ഷനോ ഇവിടെ ഏര്‍പ്പാടാക്കിയിട്ടില്ല. യാര്‍ഡിന്റെ നാല് ഭാഗങ്ങളിലും കാട്കയറിക്കിടക്കുന്ന അവസ്ഥയാണുള്ളത്. പോലീസ് സ്റ്റേഷനുകളില്‍ സൂക്ഷിക്കാന്‍ സ്ഥലസൗകര്യം ഇല്ലാത്തതിനാലാണ് തളിപ്പറമ്പ് പോലീസ് വെള്ളാരം പാറയില്‍ ഡംപിംഗ് യാര്‍ഡ് ആരംഭിച്ചത്. വിവിധ കേസുകളില്‍ പിടികൂടിയ തൊണ്ടിമുതലുകളാണ് ഇവിടെ സൂക്ഷിക്കുന്നത്. കേസുകളില്‍ പ്രധാന തെളിവുകളാണ് ഇത്തരം തൊണ്ടി മുതലുകള്‍.

ഏതാനും മാസം മുമ്പ് മുതുകുടയില്‍ വെച്ച് മണല്‍ കടത്തുകയായിരുന്ന മിനി ലോറി തളിപ്പറമ്പ് സ്റ്റേഷനിലെ പോലീസുകാര്‍തന്നെ കത്തിച്ച് ആക്രിക്കച്ചവടക്കാര്‍ക്ക് വിറ്റ സംഭവം ഏറെ വിവാദമായിരുന്നു. സംഭവത്തില്‍ ഏതാനും പോലീസുകാരെ ജില്ലാ പോലീസ് മേധാവി സസ്‌പെന്റ് ചെയ്തിരുന്നുവെങ്കിലും ഇവരെയെല്ലാം പിന്നീട് തിരിച്ചെടുത്തിരുന്നു. അതുകൊണ്ടുതന്നെയാണ് കഴിഞ്ഞ ദിവസത്തെ തീപ്പിടിത്തത്തിലും ജനങ്ങള്‍ ദുരൂഹത ആരോപിക്കുന്നത്. തളിപ്പറമ്പ്  പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.