രണ്ടത്താണിയിലെ വാഹനാപകടം കൊളക്കാട് ഗ്രാമത്തെ കണ്ണീരിലാഴ്ത്തി

Tuesday 13 March 2018 9:29 pm IST

 

പേരാവൂര്‍: മലപ്പുറം രണ്ടത്താണിയില്‍ ബസ്സും കാറും കൂട്ടിയിടിച്ച് മൂന്നുവയസ്സുകാരനുള്‍പ്പെടെ രണ്ടുപേര്‍ മരിക്കാനിടയായ സംഭവം മലയോര ഗ്രാമമായ കൊളക്കാടിനെ കണ്ണീരിലാഴ്ത്തി. ഇന്നലെ പുലര്‍ച്ചെ ഒരുമണിയോടെ ഉണ്ടായ അപകടത്തില്‍ കൊളക്കാട് താന്നിക്കുന്ന് മാടപ്പള്ളിക്കുന്നേല്‍ ഡൊമിനിക് ജോസഫ് (ടോമി-55), പേരക്കുട്ടി ഡാന്‍ ജോര്‍ജ്ജ് (3) എന്നിവരാണ് മരിച്ചത്. ഡൊമിനിക്കിന്റെ ഭാര്യ മേഴ്‌സി (50) മകളുടെ ഭര്‍ത്താവ് ജോര്‍ജ്ജ് (31) എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ കോട്ടക്കല്‍ മിംമ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം ഭാഗത്തുനിന്നും പുല്‍പ്പള്ളിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സും കൊളക്കാട് സ്വദേശികള്‍ സഞ്ചരിച്ച കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. ഡൊമിനിക് ജോസഫും ഡാന്‍ ജോര്‍ജ്ജും അപകടസ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു. 

അപകടത്തില്‍ ബസ്സിലുണ്ടായിരുന്ന ചിലര്‍ക്കും പരിക്കേറ്റിട്ടുണ്ട്. മരിച്ച ഡൊമിനിക് ജോസഫിന്റെ ഏകമകള്‍ ഡോണ ന്യൂസിലാന്റിലാണ് ജോലി ചെയ്യുന്നത്. ഡോണയുടെ ഭര്‍ത്താവ് ജോര്‍ജ്ജിന് വിദേശത്തേക്ക് പോകാനുള്ള മെഡിക്കല്‍ പരിശോധനക്കായി എറണാകുളത്തേക്ക് പോകുന്നതിനിടയിലായിരുന്നു അപകടം. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.