പരിമിതികളുടെ നടുവില്‍ മെഡിക്കല്‍ കോളേജ് ബസ് സ്റ്റാന്‍ഡ്

Wednesday 14 March 2018 2:00 am IST
നൂറുകണക്കിന് യാത്രക്കാര്‍ ദിനംപ്രതിയെത്തുന്ന മെഡിക്കല്‍കോളേജ് ബസ് സ്റ്റാന്‍ഡിന്റെ ദുരിതകാലം വിട്ടൊഴിഞ്ഞില്ല. ഒട്ടനവധി വികസന പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സ്റ്റാന്‍ഡിന്റെ വികസനം ചുവപ്പുനാടയില്‍ തന്നെയാണ്.

 

കോട്ടയം: നൂറുകണക്കിന് യാത്രക്കാര്‍ ദിനംപ്രതിയെത്തുന്ന മെഡിക്കല്‍കോളേജ് ബസ് സ്റ്റാന്‍ഡിന്റെ ദുരിതകാലം വിട്ടൊഴിഞ്ഞില്ല. ഒട്ടനവധി വികസന പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സ്റ്റാന്‍ഡിന്റെ വികസനം ചുവപ്പുനാടയില്‍ തന്നെയാണ്. ആര്‍പ്പൂക്കര പഞ്ചായത്തിന്റെ കീഴിലെ സ്റ്റാന്‍ഡിന്റെ ടാറിങ് പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്. ഇവിടെ മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുന്നതുകൊണ്ട് മഴക്കാലം തുടങ്ങിയാല്‍ യാത്രക്കാര്‍ ബുദ്ധിമുട്ടിലാകും. മുന്‍പ് കംഫര്‍ട്ട് സ്റ്റേഷനില്‍ നിന്നുള്ള മാലിന്യം സ്റ്റാന്‍ഡിലേക്കെത്തിയതോടെ ചില നവീകരണ പ്രവര്‍ത്തനങ്ങള്‍  നടത്തിയിരുന്നത് മാത്രമാണ് ആകെയുള്ള വികസനം.കോണ്‍ക്രീറ്റിനു കേടുപാടുള്ളതുകൊണ്ട് മലിനജലം കെട്ടിക്കിടക്കുന്നതും പതിവാണ്. യാത്രക്കാര്‍ക്ക് വിശ്രമകേന്ദ്രം ഉണ്ട,് പക്ഷേ ഇരിപ്പിടങ്ങള്‍ കുറവാണ്. മെഡിക്കല്‍ കോളേജിലേക്കെത്തുന്ന രോഗികളാണ് കൂടുതലും സ്റ്റാന്‍ഡിനെ ആശ്രയിക്കുന്നത്. വര്‍ഷങ്ങള്‍ പഴക്കമുള്ള സ്റ്റാന്‍ഡിനു പകരം പുതിയത് വേണമെന്ന ആവശ്യം ശക്തമാണ്.  

അപകടങ്ങള്‍ 

പതിയിരിക്കുന്നു     

മെഡിക്കല്‍ കോളേജ് ബസ് സ്റ്റാന്‍ഡ് അപകടങ്ങളുടെ കേന്ദ്രമാണ്. ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് കഴിഞ്ഞ വര്‍ഷം ~’ഒട്ടേറെ അപകടങ്ങള്‍ നടന്നിരുന്നു. സ്ഥലപരിമിതിയും പ്രധാന പ്രശ്‌നമാണ്. രണ്ടു വര്‍ഷം മുമ്പ് അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഇതിനെത്തുടര്‍ന്ന് ബസ് സ്റ്റാന്‍ഡിലേക്കു പ്രവേശിക്കുന്നതില്‍ ചില നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നെങ്കിലും വീണ്ടും തോന്നിയപോലെയാണ് പാര്‍ക്കിങ് നടത്തുന്നത്. 

സ്റ്റാന്‍ഡ് 

മാലിന്യകൂമ്പാരം 

ബസ് സ്റ്റാന്‍ഡിന്റെ പല ഭാഗങ്ങളിലും മാലിന്യങ്ങള്‍ കുന്നുകൂട്ടിയിട്ടിരിക്കുകയാണ്. സമീപത്തെ മെഡിക്കല്‍ ലാബുകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ പോലും ഇവിടെ ഉപേക്ഷിക്കാറുണ്ടെന്നു നാട്ടുകാര്‍ പറയുന്നു. 

കേസ് അനുകൂലമായാല്‍  ഉടന്‍ നിര്‍മാണം

സ്റ്റാന്‍ഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ശ്രമങ്ങള്‍ നടന്നു വരുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് പഞ്ഞിക്കാരന്‍ പറഞ്ഞു.നിലവില്‍ സ്റ്റാന്‍ഡിന്റെ സമീപ പ്രദേശത്തുള്ള അനധികൃത കടകള്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഒഴിപ്പിച്ചിരുന്നു. ഈ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. കേസിലെ വിധി അനുകൂലമാണെങ്കില്‍ നിലവിലെ പഴയ ബസ് സ്റ്റാന്‍ഡ് കെട്ടിടം പൂര്‍ണമായും പൊളിച്ചു നീക്കും. ഇവിടെ അത്യാധുനിക ബസ് സ്റ്റാന്‍ഡിനോടൊപ്പം ഷോപ്പിങ് കോംപ്ലക്‌സുകൂടി നിര്‍മിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 40 കോടി ബജറ്റില്‍ ആദ്യഘട്ടത്തില്‍ 20 കോടി രൂപയാണ് മുടക്കുന്നത്. 8,000 സ്‌ക്വയര്‍ഫീറ്റിലാണ് കെട്ടിടം നിര്‍മിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.