ഒഴിവായ രാഷ്ട്രീയ ദുരന്തം

Wednesday 14 March 2018 2:40 am IST
ബിജെപി നേതാക്കളായ സുഷമസ്വരാജ്, ഡോ. സുബ്രഹ്മണ്യന്‍ സ്വാമി എന്നിവരടക്കം നിരവധിപേര്‍ സോണിയയെ പ്രധാനമന്ത്രിയാക്കുന്നത് ഭരണഘടനാവിരുദ്ധമാണ് എന്നുള്ള നിലപാട് എടുക്കുകയും, അത് അറിയിച്ചുകൊണ്ടുള്ള കത്തുകള്‍ രാഷ്ട്രപതിക്ക് നല്‍കുകയുമുണ്ടായി. രാഷ്ട്രപതിഭവനെ നിയമോപദേശത്തില്‍ സഹായിക്കുന്ന കേന്ദ്രങ്ങളും വ്യത്യസ്തമായ നിലപാടല്ല എടുത്തത് എന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഭരണഘടനാപരമായ സാധുത ചോദ്യംചെയ്യപ്പെടുന്ന ഒരു നിലപാട് രാഷ്ട്രപതി എടുക്കുകയും, അത് നിയമപരമായി ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്ന ഒരവസ്ഥ അന്ന് രാജ്യത്ത് സംജാതമാകാന്‍ എല്ലാ സാധ്യതയും ഉണ്ടായിരുന്നു.
"undefined"

ഈയിടെ 'ഇന്ത്യാ ടുഡേ' കോണ്‍ക്ലേവില്‍ പങ്കെടുത്ത് കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി രസകരമായ ഒരു പ്രസ്താവന നടത്തുകയുണ്ടായി.  തന്റെ പരിമിതികളെപ്പറ്റി താന്‍ ബോധവതിയാണെന്നും, പ്രധാനമന്ത്രിയാകാന്‍ തന്നെക്കാള്‍ യോഗ്യന്‍ മന്‍മോഹന്‍ സിങ് ആയിരുന്നു എന്നുമാണ് സോണിയ പറഞ്ഞത്.

2004-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് അധികാരത്തില്‍ വരിക എന്നുള്ളത് അപ്രതീക്ഷിതമായിരുന്നു.  ബഹുഭൂരിപക്ഷം ഇന്ത്യക്കാരും മന്‍മോഹന്‍ പ്രധാനമന്ത്രിയാകുന്നത് ആലോചിച്ചിട്ടും ഉണ്ടായിരുന്നില്ല.  കോണ്‍ഗ്രസ്സ് അധികാരത്തില്‍ എത്തിയേക്കുമെന്ന് ചിന്തിച്ച, സോണിയാ ഗാന്ധിയെ ഉള്‍ക്കൊള്ളാനാകാത്ത ചിലര്‍, മന്‍മോഹനായിരിക്കാം സാധ്യതയുള്ളയാളെന്ന് ചിന്തിച്ചിട്ടില്ലെന്ന് പറയുന്നില്ല. പക്ഷേ, അധികാരത്തില്‍ എത്താനുള്ള എല്ലാ സാധ്യതയും മുന്നില്‍ എത്തിയിട്ടും സോണിയ ഒരു ത്യാഗം അനുഷ്ഠിക്കുകയാണോ ഉണ്ടായത്?

അന്ന് സോണിയയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. ''പ്രധാനമന്ത്രിയാകുക എന്നുള്ളതല്ല എന്റെ ലക്ഷ്യം.  ആ ഒരു അവസരം എനിക്ക് കൈവരികയാണെങ്കില്‍ ഞാന്‍ എന്റെ ആന്തരിക ശബ്ദത്തിനായി കാതോര്‍ക്കും.  ഞാനീ സ്ഥാനം എളിമയോടെ നിരസിക്കുന്നു.'' പ്രൗഢവും സുന്ദരവുമായ വാക്കുകളോടെയാണ് സോണിയ താന്‍ പ്രധാനമന്ത്രി സ്ഥാനം എടുക്കുന്നില്ല എന്ന് പ്രഖ്യാപിച്ചത്. 

സോണിയയുടെ വാക്കുകള്‍ ആത്മാര്‍ത്ഥമായിരുന്നു എങ്കില്‍ അവയെ ചരിത്രത്തില്‍ സ്വര്‍ണലിപികളില്‍ രേഖപ്പെടുത്തേണ്ടവതന്നെയാണ് എന്നതിന് തര്‍ക്കമില്ല.  പക്ഷേ, അവ അങ്ങനെതന്നെ ആയിരുന്നോ എന്നുള്ള സംശയം പതിറ്റാണ്ടിനുശേഷവും നിലനില്‍ക്കുന്നു.

രാഷ്ട്രപതിയായിരുന്ന എ.പി.ജെ. അബ്ദുള്‍കലാം എഴുതിയ ഒരു പുസ്തകത്തില്‍ പറയുംപ്രകാരമാണെങ്കില്‍ അദ്ദേഹത്തിന്, ''സോണിയാ ഗാന്ധി പ്രധാനമന്ത്രിയാകാനുള്ള അവകാശവാദവുമായി വന്നാല്‍ അത് അംഗീകരിക്കുകയല്ലാതെ വേറെ വഴികളില്ല.'' സാങ്കേതികതയുടെ അടിസ്ഥാനത്തില്‍ ഇത് ശരിതന്നെയാണുതാനും. പക്ഷേ, അക്കാലത്ത് സാങ്കേതികതയ്ക്കപ്പുറം മറ്റുപലതുമുണ്ടായിരുന്നു എന്നുള്ളത് നാം മറക്കാന്‍ പാടില്ല.  ഇത്തരം വിവാദപരമായ വിഷയം ഒരു ഗ്രന്ഥത്തിലൂടെ അവതരിപ്പിക്കുമ്പോള്‍ താനായി സോണിയയെ തടുത്തു എന്നവകാശപ്പെടുന്ന രാഷ്ട്രീയമനോഭാവമുള്ള ആളായിരുന്നില്ല കലാം എന്നും ഓര്‍ക്കണം.  ഒരു പുസ്തകത്തെ ബെസ്റ്റ് സെല്ലറാക്കാന്‍ അത് ധാരാളം മതി. പക്ഷേ, അത് ഡോ. കലാമിന്റെ വ്യക്തിത്വത്തിന് ചേരുന്ന പ്രവൃത്തിയേയല്ല.

കോണ്‍ഗ്രസ്സിന് ലഭിച്ച അന്നത്തെ വിജയത്തിനുശേഷം അപ്പോഴത്തെ കോണ്‍ഗ്രസ്സ് നേതാവായ സോണിയാ ഗാന്ധി തുടരെ രണ്ടുതവണയാണ് കോണ്‍ഗ്രസ്സിന് സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദവുമായി രാഷ്ട്രപതിയെ കണ്ടത്.  ആ രണ്ടു കൂടിക്കാഴ്ചകളുടെ ഇടയിലുള്ള സമയത്താണ് സോണിയ സ്ഥാനം വേണ്ടെന്നുവയ്ക്കുന്നതും. പ്രധാനമന്ത്രിസ്ഥാനത്തേക്കുള്ള 'അവകാശം' സോണിയാപക്ഷത്തുനിന്നും ഉന്നയിക്കപ്പെട്ടിരുന്നു എന്നുള്ളത് സംശയരഹിതമാണ്. സോണിയാ ഗാന്ധിയെ അല്ലാതെ ആരെയാണ് കോണ്‍ഗ്രസ്സ് ആ കക്ഷിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തത്? പ്രധാനമന്ത്രിസ്ഥാനം ലഭിക്കില്ല എന്നുള്ള ഘട്ടത്തിലാണ് ആ പാര്‍ലമെന്ററി പാര്‍ട്ടി നേതൃസ്ഥാനം ലോക്‌സഭയിലെയും രാജ്യസഭയിലെയും ഒരുമിച്ചുള്ള അംഗങ്ങളുടെ കൂട്ടായ നേതൃസ്ഥാനമാണ് എന്നുള്ള തലത്തിലേക്ക് മാറിയത്. സോണിയയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഭൂരിപക്ഷമൊപ്പിച്ചപ്പോള്‍ പ്രധാനമന്ത്രിയാവുമെന്ന പ്രതീക്ഷയില്‍ അവരുടെ ജന്മനാടായ ഇറ്റലിയില്‍ ആഹ്‌ളാദപ്രകടനം നടന്നുവെന്ന വാര്‍ത്ത വിസ്മരിക്കാന്‍ പാടില്ല.

കോണ്‍ഗ്രസ്സ് സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കും എന്ന് വന്നപ്പോള്‍ത്തന്നെ സോണിയാ ഗാന്ധി പ്രധാനമന്ത്രിപദം അവകാശപ്പെടുമെന്നുള്ള തോന്നലാണ് രാജ്യം മുഴുവന്‍ ഉണ്ടായത്.  അതിന്റെ പ്രതികരണങ്ങള്‍ നിരവധിയായിരുന്നു. ബിജെപി നേതാക്കളായ സുഷമസ്വരാജ്, ഡോ. സുബ്രഹ്മണ്യന്‍ സ്വാമി എന്നിവരടക്കം നിരവധിപേര്‍ സോണിയയെ പ്രധാനമന്ത്രിയാക്കുന്നത് ഭരണഘടനാവിരുദ്ധമാണ് എന്നുള്ള നിലപാട് എടുക്കുകയും, അത് അറിയിച്ചുകൊണ്ടുള്ള കത്തുകള്‍ രാഷ്ട്രപതിക്ക് നല്‍കുകയുമുണ്ടായി.  രാഷ്ട്രപതിഭവനെ നിയമോപദേശത്തില്‍ സഹായിക്കുന്ന കേന്ദ്രങ്ങളും വ്യത്യസ്തമായ നിലപാടല്ല എടുത്തത് എന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.  ഭരണഘടനാപരമായ സാധുത ചോദ്യംചെയ്യപ്പെടുന്ന ഒരു നിലപാട് രാഷ്ട്രപതി എടുക്കുകയും, അത് നിയമപരമായി ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്ന ഒരവസ്ഥ അന്ന് രാജ്യത്ത് സംജാതമാകാന്‍ എല്ലാ സാധ്യതയും ഉണ്ടായിരുന്നു.  അങ്ങനെ വന്നാല്‍ അത് കോണ്‍ഗ്രസ്സിന് ചരിത്രത്തില്‍ സംഭവിക്കുന്ന സമാനമായ രണ്ടാമത്തെ തിരിച്ചടി ആകുമായിരുന്നു.  രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടാനിടയായ കാരണം നമ്മള്‍ മറന്നിട്ടില്ലല്ലോ!

ഭാരതത്തിന്റെ രാഷ്ട്രപതിഭവന്‍ സന്ദിഗ്ദ്ധാവസ്ഥയിലായ ദിനങ്ങളായിരുന്നു അത്.  ഭരണഘടനാപരമായ ഒരു പ്രശ്‌നം എന്നതിനപ്പുറം ഭാരതത്തിന്റെ വൈകാരികതയെ സ്പര്‍ശിക്കുന്ന ഒരു തീരുമാനവും കൂടി ആയേനെ, സോണിയാ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാന്‍ തീരുമാനം എടുത്തിരുന്നുവെങ്കില്‍. നിരവധി വിദേശരാജ്യങ്ങളുടെ, ബ്രിട്ടനടക്കമുള്ള യൂറോപ്യന്‍ കൊളോണിയല്‍ ശക്തികളുടെ മുഷ്‌ക്കിനും അധികാരഭ്രാന്തിനും എതിരെ പോരാടി നേടിയ സ്വാതന്ത്ര്യമായിരുന്നു ഭാരതത്തിന്റേത്. ഭാരതീയ പൗരന്റെ  വധുവായി രാജ്യത്തെത്തിയ ആളെങ്കില്‍പ്പോലും, ഒരു വിദേശജാതയായ വനിതയെ ഭാരതത്തിന്റെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് കാണേണ്ടി വരിക എന്നുള്ളത് ജനങ്ങളെ അങ്ങേയറ്റം വൈകാരികമായി സ്പര്‍ശിക്കുന്ന ഒന്നാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലായിരുന്നു.  120 കോടി ഭാരതീയരില്‍ ഇതിനു പറ്റുന്ന ആരുമില്ലേ എന്നുള്ള ചോദ്യം എത്രയോപേര്‍ അക്കാലത്ത് ചോദിച്ചിരിക്കുന്നു!

ഭാരതത്തിന്റെ സാങ്കേതികമുന്നേറ്റത്തിന്റെ മാത്രമല്ല, ദേശീയതയുടേയുംകൂടി  ചിഹ്നമായിരുന്ന മുന്‍രാഷ്ട്രപതിയെ ആ വൈകാരികതകളെപ്പറ്റി ഓര്‍മ്മിപ്പിക്കേണ്ട കാര്യമുണ്ടോ? മാത്രവുമല്ല, അതിനുമപ്പുറമാണ് വിദേശത്തു ജനിച്ച ഒരാള്‍  നയിക്കാനെത്തുമ്പോള്‍ അത് ഭാരതത്തെ എപ്പോഴും സന്നദ്ധതയിലൂടെയും നിര്‍ഭയമായ ത്യാഗത്തിലൂടെയും കാത്തുരക്ഷിക്കുന്ന ഭാരതീയസൈന്യത്തിന്റെ ആത്മവീര്യത്തെ എങ്ങനെ ബാധിക്കുമെന്നുള്ള കരുതല്‍.  ഇക്കാര്യത്തില്‍ സൈന്യവുമായി ബന്ധപ്പെട്ട കോണുകളില്‍നിന്നും എതിരഭിപ്രായങ്ങള്‍ ഉയര്‍ന്നതായും പറയപ്പെടുന്നുണ്ട്.  

സ്ഥാനം അവാകാശപ്പെട്ടു എന്നുള്ളതിനും, അര്‍ഹതപ്പെടാത്ത സ്ഥാനത്തേക്കുള്ള അവകാശവാദം നിരാകരിക്കപ്പെട്ടതാണ് എന്നുള്ളതിനും ഇവയൊക്കെ വ്യക്തമായ തെളിവുകളാണ്.  നിശ്ശബ്ദമായിട്ടും അലറുന്ന തെളിവുകള്‍.  അതിനാല്‍ സ്ഥാനത്യാഗപ്രഖ്യാപനം അവകാശവാദത്തിന്റെ നിരാകരണമായിരുന്നു എന്നുള്ളതില്‍ സംശയിക്കേണ്ട ആവശ്യമില്ല.  ആദരണീയനായ മുന്‍രാഷ്ട്രപതി 'നോ' എന്ന് പറയേണ്ടിടത്ത് 'നോ' എന്നുതന്നെ പറഞ്ഞിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.