ഇടതുപക്ഷ കാടത്തം കവര്‍ന്നെടുത്ത ജീവന്‍

Wednesday 14 March 2018 2:45 am IST
പുനലൂര്‍ ഐക്കര കോണത്തെ പ്രവാസി മലയാളി സുഗതന്‍ കോടീശ്വരനോ വ്യവസായ പ്രമുഖനോ ആയിരുന്നില്ല. സ്വന്തം തൊഴിലില്‍ ശ്രദ്ധയും കഴിവും പ്രകടിപ്പിച്ച വിദഗ്ദ്ധനായ ഓട്ടോമൊബൈല്‍ മെക്കാനിക്കായിരുന്നു അദ്ദേഹം. ഏത് വിദേശനിര്‍മ്മിത വാഹനത്തിന്റെയും അറ്റകുറ്റ പണികള്‍ അതീവ സൂക്ഷ്മതയോടെ നിര്‍വ്വഹിക്കാനുള്ള അസാധാരണമായ സിദ്ധിവിശേഷം സുഗതന്‍ ആര്‍ജ്ജിച്ചിരുന്നു. തൊഴില്‍പരമായ ഈ മികവ് സ്വന്തം പുത്രന്‍മാര്‍ക്കുകൂടി പകര്‍ന്നുകൊടുക്കാന്‍ സാധിച്ചതിന്റെ അഭിമാനത്തോടെയാണ് സ്വദേശമായ പുനലൂരിലെ പൈനാപ്പിള്‍ ജംഗ്ഷനില്‍ ഷാജി കുര്യന്‍ എന്ന ആളില്‍നിന്ന് നാല്‍പ്പതിനായിരം രൂപ പാട്ടത്തിന് മൂന്നുവര്‍ഷത്തേക്ക് ഭൂമി ഏറ്റെടുത്ത് വര്‍ക്‌ഷോപ്പ് തുടങ്ങാന്‍ തീരുമാനിച്ചത്.
"undefined"

കേരളത്തെ വ്യവസായങ്ങളുടെ ശവപ്പറമ്പാക്കിത്തീര്‍ക്കുന്നതില്‍ വിജയിച്ച കമ്മ്യൂണിസ്റ്റുകാരാണ് പുനലൂരിലെ പേപ്പര്‍മില്ല് പൂട്ടിച്ച് പാവപ്പെട്ട തൊഴിലാളികളുടെ അന്നം മുട്ടിച്ചത്. പിന്നീട് ഇ.കെ. നായനാരുടെ ഭരണകാലത്ത് മില്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സെക്രട്ടറിയേറ്റിലെത്തിയ മില്ലുടമസ്ഥന്‍ ഡാല്‍മിയയെ ക്രൂരമായി മര്‍ദ്ദിച്ച് ഓടിച്ചതും ഇതേ ചുവപ്പ് ഭീകരതയാണ്. 'കമ്പനി ഞങ്ങള്‍ പൂട്ടിക്കുമെന്ന' മുദ്രാവാക്യവുമായി വ്യവസായ ശാലകള്‍ക്കുമുമ്പില്‍ 'ചോരച്ചെങ്കൊടികള്‍' കുത്തിയും അട്ടിമറി കൂലിയുടെ പേരില്‍ പരസ്യമായി പിടിച്ചുപറികള്‍ നടത്തിയും കേരളത്തെ 'അഭ്യസ്തവിദ്യരായ തൊഴില്‍രഹിതരു'ടെ സ്വന്തം നാടാക്കി മാറ്റിയവരാണിവര്‍. അവരാണ് പുനലൂരില്‍ സുഗതന്‍ എന്ന പാവം മനുഷ്യനെ ആത്മഹത്യയിലേക്ക് നയിച്ചത്.

പുനലൂര്‍ ഐക്കര കോണത്തെ പ്രവാസി മലയാളി സുഗതന്‍ കോടീശ്വരനോ വ്യവസായ പ്രമുഖനോ ആയിരുന്നില്ല. സ്വന്തം തൊഴിലില്‍ ശ്രദ്ധയും കഴിവും പ്രകടിപ്പിച്ച വിദഗ്ദ്ധനായ ഓട്ടോമൊബൈല്‍ മെക്കാനിക്കായിരുന്നു അദ്ദേഹം. ഏത് വിദേശനിര്‍മ്മിത വാഹനത്തിന്റെയും അറ്റകുറ്റ പണികള്‍ അതീവ സൂക്ഷ്മതയോടെ നിര്‍വ്വഹിക്കാനുള്ള അസാധാരണമായ സിദ്ധിവിശേഷം സുഗതന്‍ ആര്‍ജ്ജിച്ചിരുന്നു. തൊഴില്‍പരമായ ഈ മികവ് സ്വന്തം പുത്രന്‍മാര്‍ക്കുകൂടി പകര്‍ന്നുകൊടുക്കാന്‍ സാധിച്ചതിന്റെ അഭിമാനത്തോടെയാണ് സ്വദേശമായ പുനലൂരിലെ പൈനാപ്പിള്‍ ജംഗ്ഷനില്‍ ഷാജി കുര്യന്‍ എന്ന ആളില്‍നിന്ന് നാല്‍പ്പതിനായിരം രൂപ പാട്ടത്തിന് മൂന്നുവര്‍ഷത്തേക്ക് ഭൂമി ഏറ്റെടുത്ത് വര്‍ക്‌ഷോപ്പ് തുടങ്ങാന്‍ തീരുമാനിച്ചത്.

പുനലൂരിലും പരിസരത്തും കൊല്ലം-ചെങ്കോട്ട റോഡിന്റെ വശങ്ങളിലുമായി ഏക്കര്‍ കണക്കിന് നിലം നികത്തി സ്വാധീന ശക്തിയുള്ളവരും സംഘടിത മതശക്തികളും ചേര്‍ന്ന് ബഹുനില കെട്ടിടങ്ങള്‍ പടുത്തുയര്‍ത്തിയിട്ടുണ്ട്. സുഗതന്‍ തന്റെ പണിശാലയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരിഞ്ച് നിലംപോലും നികത്തിയില്ല. ഇരുപത് വര്‍ഷം പഴക്കമുള്ള മഹാഗണി മരങ്ങളും ആഞ്ഞിലിയുമെല്ലാം വളര്‍ന്നു നില്‍ക്കുന്ന പാട്ടഭൂമിയില്‍ തകരഷീറ്റിട്ട് ഷെഡ് കെട്ടുന്നതിനായി ഒന്നു നിരപ്പാക്കുക മാത്രമാണ്  ചെയ്തത്. അപ്പോഴാണ് തണ്ണീര്‍ത്തട സംരക്ഷകരുടെ വേഷത്തില്‍ സിപിഐ-എഐവൈഎഫ് ഗുണ്ടാസംഘം ഭീഷണിപ്പെടുത്തി കൊടികുത്തല്‍ സമരവുമായി എത്തിയത്. ഇതേ വസ്തുവിനോട് ചേര്‍ന്ന് എബനേസര്‍ ഓഡിറ്റോറിയവും പെന്തക്കോസ്തു സഭയുടെ ആസ്ഥാനവും ബിഷപ്‌സ് ഹൗസും അടക്കമുള്ള വമ്പന്‍ കെട്ടിട സമുച്ചയങ്ങള്‍ നില്‍ക്കുന്നത് അനേകം ഏക്കര്‍ കൃഷിസ്ഥലം നികത്തിയെടുത്ത് നിര്‍മ്മിച്ച ഭൂമിയിലാണ്. 

ജീവിതത്തിലെ യൗവനത്തുടുപ്പിന്റെ നല്ലനാളുകള്‍ മണലാരണ്യത്തില്‍ എരിച്ചു തീര്‍ത്ത് ശിഷ്ട ജീവിതം കുടുംബത്തോടൊപ്പമാക്കാനാണ് സുഗതനെന്ന പ്രവാസി നാട്ടിലെത്തിയത്. ഇവിടെയാണ് കോഴയ്ക്കായി ദാഹിച്ചവര്‍ സുഗതനെ സമീപിച്ചത്. കോഴ തരാന്‍ തങ്ങള്‍ക്ക് നിവൃത്തിയില്ലെന്നും പാര്‍ട്ടി ഫണ്ടിലേക്ക് എന്തെങ്കിലും തരാമെന്നും സുഗതനും മക്കളും സിപിഐ-എഐവൈഎഫ് നേതാക്കളോട് കേണപേക്ഷിച്ചിട്ടും വഴങ്ങാതെ പാര്‍ട്ടി ഓഫീസിലേക്ക് സുഗതനെ നിരന്തരം വിളിച്ചുവരുത്തി മാനസികമായി പീഡിപ്പിച്ചതായും ആക്ഷേപമുണ്ട്. സിപിഎം ഭരിക്കുന്ന കൊല്ലം ജില്ലയിലെ വിളക്കുടി പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവര്‍ സുഗതന്റെ വര്‍ക്‌ഷോപ്പിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വാക്കാല്‍ അനുമതി നല്‍കിയിരുന്നതായി അദ്ദേഹത്തിന്റെ പുത്രന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു. 

സിപിഐക്കാരനായ പുനലൂര്‍ എംഎല്‍എ പിണറായി മന്ത്രിസഭയിലെ വനംമന്ത്രികൂടിയാണ്. കോഴയ്ക്കുവേണ്ടിയുള്ള സിപിഐയുടെ നിരന്തര സമ്മര്‍ദ്ദവും പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സിപിഎം കാണിച്ച വിമുഖതയുമാണ് സുഗതന്റെ ദാരുണമായ അന്ത്യത്തിന് കാരണമായത്. ഒരുപക്ഷേ, മന്ത്രിയുടെയും സിപിഐയുടെയും ഇടപെടല്‍ കാരണം ആരും ശ്രദ്ധിക്കാതെ പോകുമായിരുന്ന ഈ സംഭവം വിശ്വകര്‍മ്മ സമുദായ കൂട്ടായ്മ ഫെബ്രുവരി മാസം 27-ന് പുനലൂര്‍ ഡിവൈഎസ്പി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയതോടെയാണ് ശ്രദ്ധേയമായതും,  മൂന്ന് പ്രതികള്‍ അറസ്റ്റിലാകാന്‍ ഇടയാക്കിയതും. 

സുഗതന്‍ ആചാരി എന്ന പാവം പ്രവാസിയെ അകാലമൃത്യുവിലേക്ക് നയിച്ച സിപിഐക്കാരുടെ ധാര്‍ഷ്ട്യം ഇനിയും അടങ്ങിയിട്ടില്ല. ചോദിച്ച കോഴപ്പണം കിട്ടാത്തതിന്റെ വൈരാഗ്യം അവര്‍ തീര്‍ക്കുന്നത് ഇപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബത്തോടാണ്. സുഗതന്റെ  പുത്രന്മാര്‍ക്ക് വര്‍ക്ക്‌ഷോപ്പ് തുടങ്ങാന്‍ വേണ്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും, വൈദ്യുതി കണക്ഷന്‍ കൊടുക്കുന്നതിനും വിളക്കുടി പഞ്ചായത്തിലെ ഭരണ-പ്രതിപക്ഷ കക്ഷികള്‍ സംയുക്തമായി തീരുമാനം എടുത്തപ്പോള്‍ ആ തീരുമാനത്തെ സിപിഐ എതിര്‍ത്തു. സുഗതന്‍ വര്‍ക്‌ഷോപ്പ് തുടങ്ങാന്‍ തീരുമാനിച്ച സ്ഥലത്തോട് ചേര്‍ന്നുള്ള നിലം നികത്തി നിര്‍മ്മിച്ച ആഡിറ്റോറിയത്തിന് മുന്നിലും, പെന്തക്കോസ്ത് സഭയുടെ ആസ്ഥാനത്തും  എന്തുകൊണ്ടാണ് സിപിഐക്കാര്‍ കൊടികുത്താത്തത് എന്നുള്ള ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല. 

സുഗതന്റെ മരണവുമായി ബന്ധപ്പെട്ട് ഇനിയും ഒട്ടേറെ ദുരൂഹതകള്‍ മറനീക്കാനുണ്ട്. വര്‍ക്‌ഷോപ്പ് നിര്‍മ്മാണ പ്രവര്‍ത്തനത്തിനായി അലമാരിയില്‍ സൂക്ഷിച്ചുവച്ചിരുന്ന പണത്തില്‍നിന്ന് എന്നും വൈകിട്ട് കുറെ പണമെടുത്ത് ചില രാഷ്ട്രീയക്കാരെ കാണാനാണെന്നുപറഞ്ഞ് സുഗതന്‍ പോയിരുന്നതായി മക്കള്‍ പറയുന്നു. ഇതിനുപുറമേയാണ് ഫെബ്രുവരി 18-ന് കൊടികുത്തിയ എഐവൈഎഫുകാര്‍ 19-ന് രാവിലെ പത്തുമണിക്ക് മുമ്പായി പ്രശ്‌നം തീര്‍ക്കാന്‍ അന്ത്യശാസനം കൊടുത്തത്. അന്നേദിവസമായിരുന്നു പുനലൂരിലെ മുത്തൂറ്റ് ബാങ്കില്‍ സുഗതന്റെ മകന്‍ സുനില്‍കുമാര്‍ 63,000 രൂപയുടെ സ്വര്‍ണം പണയംവച്ചത്. പിന്നീട് യഥാക്രമം 30,000, 42,000, 75,000 രൂപയ്ക്കുള്ള സ്വര്‍ണ്ണപ്പണയ വായ്പകള്‍ എടുത്തിട്ടുണ്ട്. 

വളരെ വ്യക്തമായ സാഹചര്യത്തെളിവുകളുള്ള ഈ കേസ്സിനെപ്പറ്റി യാതൊരുവിധ തെളിവുമില്ലാത്ത കേസ്സാണെന്ന് മാധ്യമങ്ങളോട് പ്രസ്താവിച്ച് ഭരണകക്ഷിയുടെ വിടുപണി ചെയ്ത പോലീസിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ സമരത്തിന് നേതൃത്വം നല്‍കിയ വിശ്വകര്‍മ്മ സമുദായ കൂട്ടായ്മ ഡിജിപിക്ക് പരാതി കൊടുത്തിട്ടും മെമ്മോ കൊടുത്തതല്ലാതെ യാതൊരു നടപടിയും എടുത്തിട്ടില്ല.

കേരളത്തില്‍ ഇത്തരത്തിലുള്ള പല മരണങ്ങളുടെയും ദുരൂഹതകള്‍ രാഷ്ട്രീയ ഇടപെടലുകള്‍ കാരണം പുറത്തുവരാറില്ല. അതുതന്നെയാണ് സുഗതന്റെ ആത്മഹത്യയിലും സംഭവിക്കുമായിരുന്നത്. സംസ്ഥാനത്തെ ഭരണകക്ഷിയില്‍പ്പെട്ട രണ്ടാമത്തെ കക്ഷി പ്രതിസ്ഥാനത്തുള്ള സുഗതന്റെ ആത്മഹത്യ കേരള മനഃസാക്ഷിയെ ഞെട്ടിച്ചുവെങ്കിലും സംസ്ഥാന ഭരണകൂടം ആ കുടുംബത്തോട് വേണ്ടത്ര നീതി പുലര്‍ത്തിയിട്ടില്ല. അതുകൊണ്ടാണ് സ്വന്തം പിതാവിന്റെ ചിതയിലെ തീ അണയുന്നതിന് മുമ്പായി തങ്ങള്‍ക്ക് നീതി കിട്ടാന്‍ സുഗതന്റെ മക്കള്‍ക്ക് മുഖ്യമന്ത്രിക്ക് നിവേദനം കൊടുക്കേണ്ടതായി വന്നത്. അസംഘടിതമായ ദുര്‍ബല സമുദായത്തോട് ഭരണകൂടം കാട്ടിയ കടുത്ത അവഗണനതന്നെയാണിത്. സംസ്ഥാന മുഖ്യമന്ത്രി സുഗതന്റെ വീട് സന്ദര്‍ശിക്കാനോ കുടുംബത്തെ ആശ്വസിപ്പിക്കാനോ തയ്യാറാകാതിരുന്നത് തികച്ചും നിര്‍ഭാഗ്യകരമായിപ്പോയി. ഇനിയെങ്കിലും ആ കുടുംബത്തിന് ആശ്വാസം പകരാനും അടിയന്തര ധനസഹായം അനുവദിക്കുന്നതിനും അദ്ദേഹത്തിന്റെ മക്കളില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി കൊടുക്കാനും ഭരണകൂടം തയ്യാറാകണം.

(ബിജെപി സംസ്ഥാന സമിതി അംഗവും വിശ്വകര്‍മ്മ സമുദായ കൂട്ടായ്മ സംസ്ഥാന രക്ഷാധികാരിയുമാണ് ലേഖകന്‍)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.