വിമാന ദുരന്തം: അന്വേഷണം ആരംഭിച്ചു

Tuesday 13 March 2018 6:20 pm IST

കാഠ്മണ്ഡു: കാഠ്മണ്ഡുവില്‍ തിങ്കളാഴ്ച വിമാനം തകര്‍ന്ന് 49 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ നേപ്പാള്‍ സര്‍ക്കാര്‍ അന്വേഷണമാരംഭിച്ചു. അപകടത്തില്‍ ദുരൂഹതയുള്ളതായി സംശയമുണ്ട്. അപകടത്തിന് തൊട്ട് മുന്‍പ് പൈലറ്റും വ്യോമയാന ഗതാഗത നിയന്ത്രണ കേന്ദ്രവുമായി നടത്തിയ സംഭാഷണത്തിലെ ആശയക്കുഴപ്പമാണ് സംഭവത്തില്‍ ദുരൂഹതയുണ്ടോ എന്ന സംശയത്തിനിടയാക്കിയത്. 

സുരക്ഷിതമായി ഏത് ദിശയില്‍ ഇറങ്ങണം എന്നതു സംബന്ധിച്ച്  നിയന്ത്രണ കേന്ദ്രവും യുഎസ്-ബംഗ്ലാ യാത്രാ വിമാനത്തിന്റെ പൈലറ്റും തമ്മില്‍ മിനിട്ടുകള്‍ നീണ്ട തര്‍ക്കം നടന്നിരുന്നു എന്നാണ് വിമാനത്തിന്റെ ശബ്ദരേഖ വ്യക്തമാക്കുന്നത്. 

എന്നാല്‍ കാഠ്മണ്ഡു വ്യോമയാന ഗതാഗത നിയന്ത്രണ കേന്ദ്രവും വിമാനക്കമ്പനിയും അപകടത്തെ ചൊല്ലി പരസ്പരം പഴിചാരുകയാണ്. നിയന്ത്രണ കേന്ദ്രത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ വിമാനം തെറ്റായ ദിശയില്‍ ലാന്‍ഡ് ചെയ്തതാണ് അപകടകാരണമെന്ന് എയര്‍പോര്‍ട്ട് ജനറല്‍ മാനേജര്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം നിയന്ത്രണ കേന്ദ്രം തെറ്റായ നിര്‍ദ്ദേശം നല്‍കി തങ്ങളുടെ പൈലറ്റുമാരെ കുഴപ്പിച്ചതാണ് അപകട കാരണമെന്ന് വിമാനക്കമ്പനിയും ആരോപിക്കുന്നു. രേഖപ്പെടുത്തിയിരിക്കുന്ന സംഭാഷണമനുസരിച്ച് പൈലറ്റുമാരുടെ ഭാഗത്ത് നിന്ന് വീഴ്ച പറ്റിയിട്ടില്ലെന്നും അവര്‍ പറഞ്ഞു. 

67 യാത്രക്കാരും 4 ജീവനക്കരുമടക്കം 71 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് പറക്കുകയായിരുന്ന വിമാനത്തില്‍ മുപ്പത്തിരണ്ട് ബംഗ്ലാദേശികളും 33 നേപ്പാൡകളും ചൈന, മാലിദ്വീപ് എന്നിവിടങ്ങളില്‍ നിന്ന് ഒരോ യാത്രക്കാര്‍ വീതവുമാണുണ്ടായിരുന്നത്. പരിക്കേറ്റ 22 പേര്‍ കാഠ്മണ്ഡുവിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. കത്തിക്കരിഞ്ഞ പല മൃതദേഹങ്ങളും തിരിച്ചറിഞ്ഞിട്ടില്ലെന്നും ഒരാഴ്ചയെങ്കിലും ഇതിനു വേണ്ടി വരും എന്നും കാഠ്മണ്ഡു ഫോറന്‍സിക് വിഭാഗം വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.