കര്‍ദ്ദിനാളും കൂട്ടരും അതിരൂപതയെ ചതിച്ചെന്ന് എഫഐആര്‍

Wednesday 14 March 2018 3:25 am IST
"undefined"

കൊച്ചി: സീറോ മലബാര്‍ സഭയ്ക്ക് കീഴിലുള്ള എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമി ഇടപാടില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഉള്‍പ്പെടെയുള്ള നാലു പ്രതികളും സഭയെ ചതിച്ചെന്നും വിശ്വാസ വഞ്ചന കാട്ടിയെന്നും പോലീസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ട്. എറണാകുളം സിജെഎം കോടതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് സമര്‍പ്പിച്ച എഫ്‌ഐആറിലാണ് ഈ വിവരം. 

സഭയ്ക്ക് അന്യായമായ നഷ്ടമുണ്ടാക്കണമെന്ന ഉദ്ദ്യേശ്യത്തോടെയാണ് 

അഞ്ച് സ്ഥലങ്ങള്‍ വില്‍പ്പന നടത്തിയത്. 301.76 സെന്റ് സ്ഥലത്തിന് സെന്റൊന്നിന് 9 ലക്ഷം രൂപവീതം കണക്കാക്കി 27,15,84,000 രൂപയ്ക്ക് വില്‍ക്കാനായിരുന്നു സഭയുടെ തീരുമാനം. എന്നാല്‍, ഈ തീരുമാനത്തിന് വിരുദ്ധമായി പ്രതികള്‍ കുറ്റകരമായ ഗൂഢാലോചന നടത്തി സ്ഥലങ്ങള്‍ 36 യൂണിറ്റുകളായി 13,51,44,260 രൂപയ്ക്ക് വില്‍പ്പന നടത്തുകയായിരുന്നു. ഇത് അതിരൂപതയോടുള്ള വിശ്വാസ വഞ്ചനയും ചതിയുമാണെന്ന് എഫ്‌ഐആറില്‍ പറയുന്നു. 

ഭൂമിവില്‍പ്പനക്കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ഒന്നാം പ്രതിയാക്കിയും, ഫാ. ജോഷി പുതുവ, ഫാ. സെബാസ്റ്റ്യന്‍ വടക്കുംപാടന്‍, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവരെ യഥാക്രമം രണ്ടുംമൂന്നും നാലും പ്രതികളാക്കി കഴിഞ്ഞദിവസമാണ് പോലീസ് കേസ് എടുത്തത്. ഭൂമി വില്‍പ്പനയിലൂടെ നാലുപ്രതികളും ലാഭമുണ്ടാക്കിയെന്നും എഫ്‌ഐആറിലുണ്ട്. സഭാംഗമായ ചേര്‍ത്തല സ്വദേശി ഷൈന്‍ വര്‍ഗീസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസെടുത്തത്.

ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട് കേസെടുക്കണമെന്നാവശ്യപ്പെട്ട് ഷൈന്‍ വര്‍ഗീസിനു പുറമെ മറ്റുചിലരും പോലീസിനെ സമീപിച്ചിരുന്നു. എന്നാല്‍, സര്‍ക്കാര്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി പോലീസ് കേസെടുക്കാന്‍ തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്നാണ് ഷൈന്‍ വര്‍ഗീസ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി കര്‍ദ്ദിനാളിനെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചെങ്കിലും അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം കിട്ടിയശേഷമാണ് പോലീസ് കേസെടുക്കാന്‍ തയ്യാറായത്. സെന്‍ട്രല്‍ സ്റ്റേഷന്‍ എസ്ഐ അനന്തലാലാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. 

കുറ്റകരമായ ഗൂഢാലോചനയ്ക്ക് സെക്ഷന്‍ 120ബി പ്രകാരവും വിശ്വാസവഞ്ചന, ചതി എന്നിവയ്ക്ക് ഐപിസി 406, 415 എന്നീ വകുപ്പുകള്‍ പ്രകാരവുമാണ് കേസ്. കേസന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ പോലീസ് പരാതിക്കാരനായ ഷൈന്‍ വര്‍ഗീസിന്റെ മൊഴിയെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.