തേനിയിലെ കാട്ടുതീ; ഒരാള്‍ കൂടി മരിച്ചു

Wednesday 14 March 2018 3:24 am IST
"undefined"

ഇടുക്കി: തേനിയിലെ കുരങ്ങണി വനത്തിലുണ്ടായ തീ പിടിത്തത്തില്‍ പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന അധ്യാപിക മരിച്ചു. ഈറോഡ് കവുണ്ടപ്പടി സ്വദേശി വിവേകിന്റെ ഭാര്യ ദിവ്യ (25) ആണ് ഇന്നലെ രാവിലെ 11 മണിയോടെ മരിച്ചത്. തിങ്കളാഴ്ച രാവിലെ വിവേകിനെ മരിച്ച നിലയില്‍ കുരങ്ങണിയില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയിരുന്നു. 

മരണസംഖ്യ ഇതോടെ 11 ആയി ഉയര്‍ന്നു. 90 ശതമനത്തോളം പൊള്ളലേറ്റതിനെ തുടര്‍ന്ന് മധുര രാജാജി ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. പരിക്കേറ്റ 25 പേരില്‍ നാല് പേരുടെ നില ഗുരുതരമായി തുടരുകയാണ്. മധുവിധു ആഘോഷത്തിന്റെ ഭാഗമായി എത്തിയതായിരുന്നു ഇരുവരും. കടുത്ത പ്രണയത്തിനൊടുവിലാണ് രണ്ട് സമുദായത്തില്‍പ്പെട്ടവരായിട്ടും ഇരുവരും ഒന്നിക്കുന്നത്. നവംബറിലായിരുന്നു വിവാഹം. വെന്റിലേറ്ററില്‍ കഴിയുമ്പോള്‍ രണ്ട് തവണ ദിവ്യയ്ക്ക് ബോധം വന്നിരുന്നു. ഈ സമയം വിവേകിനെ ആണ് തിരക്കിയത്. ഉത്തരം പറയാനാകാതെ പരിചാരകരായ നഴ്‌സുമാരും കുഴഞ്ഞു. വിവേക് ദുബായില്‍ ഓട്ടോമൊബൈല്‍ എഞ്ചിനീയറും, ദിവ്യ ബോഡി ചെട്ടിപാളയത്തെ കോളേജില്‍ അധ്യാപികയുമായിരുന്നു. രാജേന്ദ്രന്റെയും ദവമണിയുടെയും മകളാണ് ദിവ്യ. വിവേകിന്റെ സംസ്‌കാരം ഇന്നലെ നടന്നു. ദിവ്യയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.

ദുരന്തത്തില്‍ മരിച്ചവര്‍ക്ക് നാല് ലക്ഷവും പരിക്കേറ്റവര്‍ക്ക് 1,50,000 രൂപ വീതവും സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. അനധികൃതമായി പ്രവര്‍ത്തിച്ച ചെന്നൈയിലെ ട്രക്കിങ് സംഘത്തിനെതിരെ പോലീസ് കേസെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.