തൊഴിലുറപ്പിന്റെ പേരില്‍ സിപിഎം ഇന്ന് അപഹാസ്യ സമരത്തിന്‌

Wednesday 14 March 2018 2:32 am IST

പാലക്കാട്: തൊഴിലുറപ്പ് പദ്ധതിയില്‍ കേരളത്തെ കേന്ദ്രസര്‍ക്കാര്‍ വഞ്ചിച്ചെന്ന് ആരോപിച്ച് രാജ്ഭവന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും സിപിഎം ഇന്ന് സംഘടിപ്പിക്കുന്ന സമരം, തൊഴിലാളികളെ തന്ത്രപൂര്‍വം പറഞ്ഞു പറ്റിക്കുന്നതിന്റെ ഉദാഹരണം.

തൊഴില്‍ ദിനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ മൂന്നിലൊന്നായി കുറച്ചെന്നതാണ് സമരത്തിന്റെ ഒന്നാമത്തെ കാരണമായി ചൂണ്ടിക്കാട്ടുന്നത്. തൊഴിലുറപ്പു പദ്ധതിയില്‍ തൊഴില്‍ കൊടുക്കേണ്ടത് ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ ചുമതലയാണെന്നത് മറച്ചുവെച്ചാണ് തൊഴില്‍ ദിനങ്ങള്‍ കുറച്ചെന്ന് പ്രചരിപ്പിച്ച് തൊഴിലാളികളെ തെരുവിലിറക്കുന്നത്.

 ഗ്രാമസഭകളിലാണ് തൊഴില്‍ തീരുമാനിക്കുന്നത്. എല്ലാ തൊഴിലാളികള്‍ക്കും 150 ദിവസം തൊഴില്‍ കൊടുക്കാനുള്ള വാര്‍ഷിക പദ്ധതി പഞ്ചായത്തുകളില്‍ തയ്യാറാക്കിയിട്ടുമുണ്ട്. തൊഴില്‍ കൊടുക്കാത്തത് ഭരണസമിതികളുടെ പിടിപ്പുകേടും അറിവില്ലായ്മയുമാണ്. 150 ദിവസത്തെ തൊഴില്‍ കൊടുത്തിരുന്നെങ്കില്‍ അത്രയും പണം കേന്ദ്രം അനുവദിക്കുമായിരുന്നു. അട്ടപ്പാടിപോലുള്ള വനവാസി മേഖലകളില്‍ 200 ദിവസമാണ് ജോലികൊടുക്കേണ്ടത്. കേന്ദ്ര സര്‍ക്കാര്‍ കൂലികൊടുക്കുന്നത് വൈകിച്ചു എന്നാണ് മറ്റൊരു പ്രചാരണം. കേന്ദ്രം നിര്‍ദേശിച്ച പ്രവൃത്തികള്‍ ചെയ്യാതെയും സോഷ്യല്‍ ഓഡിറ്റ് സെല്‍ രൂപീകരിക്കാതെയും ഈ പദ്ധതിയെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ശ്രമിച്ചതിന്റെ ശിക്ഷയായിരുന്നു ഇത്. 

55000 കോടി രൂപയാണ് തൊഴിലുറപ്പ് പദ്ധതിക്ക് കേന്ദ്രം ഈ വര്‍ഷം മാറ്റി വച്ചത്. ഇതുവരെ 1854കോടി ചെലവാക്കി. തൊഴില്‍കൊടുത്ത് പണം വാങ്ങിയെടുക്കേണ്ടത് പ്രാദേശിക ഭരണസമിതികളാണ്. അവരുടെ പിടിപ്പുകേടാണ് കഴിഞ്ഞ മൂന്നു വര്‍ഷംകൊണ്ട് ശരാശരി തൊഴില്‍ദിനങ്ങളുടെ എണ്ണം 55ല്‍ നിന്ന് 36ലേക്കെത്തിച്ചത്. കൂലി വര്‍ധിപ്പിച്ചില്ലെന്ന പ്രചാരണത്തിലുമുണ്ട് കള്ളക്കളി. നരേന്ദ്രമോദി സര്‍ക്കാര്‍  അധികാരത്തിലെത്തുമ്പോള്‍ 164 രൂപയായിരുന്നു കേരളത്തിലെ കൂലി. ഇപ്പോള്‍ 260 രൂപയാണ്. രാജ്യത്ത് തൊഴിലുറപ്പില്‍ ഏറ്റവും കൂടുതല്‍ കൂലിനല്‍കുന്നത് കേരളത്തിലാണെന്നതും സിപിഎം സൗകര്യപൂര്‍വം മറച്ചുവയ്ക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.