പ്രവാസിയുടെ മരണം: ജാമ്യത്തിലിറങ്ങിയ പ്രതികള്‍ക്ക് സിപിഐയുടെ സ്വീകരണം

Wednesday 14 March 2018 3:30 am IST

പത്തനാപുരം: ആരംഭിക്കാനിരുന്ന വര്‍ക്‌ഷോപ്പിന് മുമ്പില്‍ സിപിഐക്കാര്‍ കൊടികുത്തിയതിനെ തുടര്‍ന്ന് പ്രവാസി സംരംഭകന്‍ സുഗതന്‍ തൂങ്ങിമരിച്ച സംഭവത്തില്‍ റിമാന്‍ഡിലായിരുന്ന പ്രതികള്‍ ജാമ്യത്തിലിറങ്ങിയപ്പോള്‍ സ്വീകരണം നല്‍കി പാര്‍ട്ടി നേതാക്കള്‍. ഇന്നലെ ഉച്ചയോടെ പുറത്തിറങ്ങിയ പ്രതികള്‍ക്ക് ഗംഭീര സ്വീകരണമാണ് പാര്‍ട്ടി നേത്യത്വം ഒരുക്കിയത്. സിപിഐ സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം ജില്ലാ കമ്മറ്റി നേരിട്ടായിരുന്നു സ്വീകരണത്തിന് ചുക്കാന്‍ പിടിച്ചത്. 

അറസ്റ്റിലായ എഐവൈഎഫ് കുന്നിക്കോട് മണ്ഡലം സെക്രട്ടറി വിളക്കുടി മണ്ണൂര്‍കിഴക്കേതില്‍ വീട്ടില്‍ എം.എസ് ഗിരീഷ് (31), സിപിഐ ലോക്കല്‍ കമ്മിറ്റി അംഗം ഇളമ്പല്‍ ചീവോട് പാലോട്ട്‌മേലേതില്‍ ഇമേഷ് (34), ചീവോട് സതീഷ് ഭവനില്‍ സതീഷ് (32) എന്നിവര്‍ക്കാണ് തിങ്കളാഴ്ച പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. ഇവരെ കൊട്ടാരക്കര സബ് ജയില്‍ വളപ്പില്‍ വച്ച് മാലയിട്ട് സ്വീകരിച്ച് കുന്നിക്കോട് എത്തിച്ച ശേഷം ആഹ്ലാദ പ്രകടനത്തോടെയായിരുന്നു നഗരമധ്യത്തില്‍ വലിയ സ്വീകരണം നല്‍കിയത്. കുന്നിക്കോട് പുളിമുക്കില്‍ നിന്നുമാരംഭിച്ച പ്രകടനം ശാസ്ത്രി ജങ്ഷന്‍ വരെ നീണ്ടു.

എഐവൈഎഫ് ജില്ലാ സെക്രട്ടറി ജഗജീവന്‍ ലാല്‍ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു. കൊടികുത്തല്‍ തുടരുമെന്ന ആഹ്വാനത്തോടെയാണ് സ്വീകരണ പരിപാടി സമാപിച്ചത്. 

പുനലൂര്‍ ഐക്കരക്കോണം വാഴമണ്‍ ആലിന്‍കീഴില്‍ വീട്ടില്‍ സുഗതനന്‍ (64) കഴിഞ്ഞ മാസം 22 നാണ് ജീവനൊടുക്കിയത്. കൊല്ലം - തിരുമംഗലം ദേശീയ പാതയ്ക്കരുകില്‍ ഇളമ്പല്‍ പൈനാപ്പിള്‍ ജങ്ഷന് സമീപം വര്‍ക്ക് ഷോപ്പ് നടത്തുന്നതിനായി നിര്‍മ്മിച്ച ഷെഡിന് മുമ്പിലാണ് എഐവൈഎഫുകാര്‍ പണം ആവശ്യപ്പെട്ട് കൊടികുത്തിയത്. ഇതില്‍ മനംനൊന്തായിരുന്നു ആത്മഹത്യ. മരണത്തില്‍ കേസെടുത്ത പോലീസ് എഐവൈഎഫ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.