ലൈറ്റ് മെട്രോയുടെ ഗതി സബര്‍ബനും

Wednesday 14 March 2018 3:50 am IST

കോട്ടയം: ട്രെയിന്‍ ഗതാഗതത്തിന് പുതിയ ദിശ നല്‍കുമായിരുന്ന സബര്‍ബന്‍ പദ്ധതിയും സംസ്ഥാനത്തിനു നഷ്ടമായി. ലൈറ്റ് മെട്രോയോട് എന്ന പോലെ സര്‍ക്കാരിന്റെ താത്പ്പര്യക്കുറവാണ് സബര്‍ബനും തിരിച്ചടിയായത്. തിരുവനന്തപുരം മുതല്‍ ചെങ്ങന്നൂര്‍ വരെയുള്ള സബര്‍ബന്‍ പദ്ധതിക്ക് സംസ്ഥാന വിഹിതം മാറ്റിവെക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് സബര്‍ബന്‍ പദ്ധതി എന്ന ആശയം മുന്നോട്ട് വച്ചത്. തിരുവനന്തപുരം- ചെങ്ങന്നൂര്‍ പാതയില്‍ ആധുനിക സിഗ്നല്‍ സംവിധാനം ഏര്‍പ്പെടുത്തി ഓടിക്കാനായിരുന്നു പദ്ധതി. ഇത് പിന്നീട് ചങ്ങനാശ്ശേരി വരെ നീട്ടാനും പദ്ധതിയിട്ടു. മുംബൈ റെയില്‍ വികാസ് കോര്‍പ്പറേഷന്‍ പഠനം നടത്തി 3330.78 കോടിയുടെ പദ്ധതി റിപ്പോര്‍ട്ടാണ് തയ്യാറാക്കിയത്.  

സംസ്ഥാനത്ത് പുതിയ റെയില്‍ പദ്ധതികള്‍ സംയുക്ത സംരംഭമായി നടപ്പാക്കാന്‍ കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെആര്‍ഡിസിഎല്‍) എന്ന പേരില്‍ കമ്പനി രൂപീകരിച്ചിരുന്നു. ഇതില്‍ 51 ശതമാനം ഓഹരി കേന്ദ്രത്തിനും 49 ശതമാനം ഓഹരി സംസ്ഥാനത്തിനുമായിരുന്നു. 

പുതിയ പദ്ധതികളുടെ ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കാമെന്നും ധാരണാപത്രം ഒപ്പിട്ടു. എന്നാല്‍ പണം മുടക്കുന്നതില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറിയതോടെയാണ് സബര്‍ബന്‍ ത്രിശങ്കുവിലായത്. പദ്ധതിയുടെ മുഴുവന്‍ ചെലവും കേന്ദ്രം വഹിക്കണമെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍.  

സാങ്കേതിക കുരുക്കുകളും പദ്ധതിക്ക് തുരങ്കം വച്ചു. പാതകളുടെ എണ്ണം കൂട്ടാതെ ആധുനിക സിഗ്നല്‍ സംവിധാനമായ ഓട്ടോമാറ്റിക് ബ്ലോക്ക് സിഗ്നലിങ് വിത്ത് ട്രെയിന്‍ പ്രൊട്ടക്ഷന്‍ ആന്‍ഡ് വാണിങ് സിസ്റ്റം കൊണ്ടുവരാനാണ് കെആര്‍ഡിസിഎല്‍ ശ്രമിച്ചത്. 

എന്നാല്‍ ഇത് നിലവിലെ നയത്തിന് വിരുദ്ധമായതിനാല്‍ റെയില്‍വേ ബോര്‍ഡ് തള്ളി. സബര്‍ബന് പ്രത്യേകം പാത നിര്‍മിക്കണമെന്ന നിര്‍ദ്ദേശമാണ് റെയില്‍വേ മുന്നോട്ട് വച്ചത്. എന്നാല്‍ പുതിയ പാതകള്‍ പ്രായോഗികമല്ലെന്ന നിലപാട് കെആര്‍ഡിസിഎല്ലും എടുത്തു. ഇതോടെ പദ്ധതി ആശയക്കുഴപ്പത്തിലാകുകയും സംസ്ഥാന സര്‍ക്കാര്‍ സബര്‍ബന്‍ പദ്ധതിയുടെ ഫയല്‍ മടക്കി വയ്ക്കുകയും ചെയ്തു. 

സബര്‍ബന് പ്രത്യേക പാത പറ്റില്ലെന്ന നിലപാട് എടുത്ത കെആര്‍ഡിസിഎല്‍ തിരുവനനന്തപുരം- കാസര്‍കോട് സെമി ഹൈസ്പീഡ് പാതയുമായി മുന്നോട്ട് വന്നിരിക്കുകയാണ്. ഇതിനും പ്രത്യേക പാതകള്‍ വേണ്ടിവരും. സ്ഥലവും ഏറ്റെടുക്കേണ്ടി വരും. 

അതേ സമയം സംസ്ഥാന സര്‍ക്കാരിന് താത്പ്പര്യമില്ലാത്തടത്തോളം കാലം കേരളത്തില്‍ വന്‍കിട റെയില്‍വേ പദ്ധതികള്‍ നടപ്പാക്കാന്‍ പ്രയാസമായിരിക്കുമെന്നാണ് മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.