പ്രവാസിയുടെ മത്സ്യകൃഷിക്കുമേല്‍ കൊടികുത്തി ഡിവൈഎഫ്‌ഐ

Wednesday 14 March 2018 3:55 am IST

കോഴിക്കോട്: കോട്ടൂളി പനാത്തുതാഴത്ത് പ്രവാസി മലയാളിയുടെ മത്സ്യകൃഷിക്കുമേല്‍ ഡിവൈഎഫ്‌ഐക്കാരുടെ കൊടി കുത്തല്‍. വിഷയം സിപിഎം ജില്ലാ നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും കൊടി മാറ്റിയില്ല. നടപടി സ്വീകരിക്കേണ്ട പോലീസാകട്ടെ, രണ്ടു തവണ പരാതി നല്‍കിയിട്ടും കണ്ട ഭാവം നടിച്ചതുമില്ല. 

പതിനെട്ടു വര്‍ഷം ദുബായില്‍ ജോലി ചെയ്ത് നാട്ടിലെത്തിയ പ്രവാസി മലയാളിക്കാണ് ഈ ഗതി. ഈ സ്ഥലം കളിസ്ഥലത്തിനായി അക്വയര്‍ ചെയ്യാനുള്ളതാണെന്ന് പറഞ്ഞാണ് ഡിവൈഎഫ്‌ഐക്കാര്‍ കൈയേറി കൊടികുത്തിയിരിക്കുന്നത്.

കക്കോടി മോരീക്കര ശ്രീനിലയത്തില്‍ എം. ശകുന്തള ഏറാടിയുടെ ഉടമസ്ഥതയിലാണ് കോട്ടൂളി പനാത്ത്താഴം കെ.പി. ഗോപാലന്‍ റോഡിലെ 86 സെന്റ് സ്ഥലം. മത്സ്യകൃഷിക്കായി കുളം നിര്‍മിക്കുമ്പോഴാണ് ഡിവൈ എഫ്‌ഐക്കാര്‍ സംഘടിച്ചെത്തി കൊടിനാട്ടിയതും അക്രമം കാണിച്ചതും. ശകുന്തളയുടെ മകന്‍ പ്രവാസിയായ ശ്രീരാജ് ശ്രീനിവാസന്‍ ഏറാടിയാണ് മത്സ്യകൃഷിക്ക് ശ്രമമാരംഭിച്ചത്.

കഴിഞ്ഞ മെയ് മാസത്തിലാണ് ദുബായില്‍ നിന്ന് ശ്രീരാജ് നാട്ടിലെത്തിയത്. ഡിസംബറില്‍ കോഴിക്കോട്ട് നടന്ന മത്സ്യകൃഷിയുമായി ബന്ധപ്പെട്ട സെമിനാറിലും പ്രദര്‍ശനത്തിലും പങ്കെടുത്തതോടെയാണ് മത്സ്യകൃഷിയും മറ്റു കൃഷിയും നടത്താന്‍ ശ്രീരാജ് ആലോചിച്ചത്.

വര്‍ഷങ്ങളായി കാടുപിടിച്ച് കിടന്നതിനാല്‍ സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയിരുന്നു ഈ സ്ഥലം. മത്സ്യ കൃഷിക്ക് കുളം നിര്‍മിക്കാനായി ജോലി നടക്കവെ ജനുവരി ആറിനാണ് ഡിവൈഎഫ്‌ഐക്കാര്‍ അതിക്രമിച്ചു കയറി തൊഴിലാളികളെ ഭീഷണിപ്പെടുത്തുകയും ജോലി നിര്‍ത്തിക്കുകയും ചെയ്തത്. ഭൂമിയുടെ അതിര്‍ത്തിയില്‍ സ്ഥാപിച്ചിരുന്ന ഷീറ്റുകള്‍ തകര്‍ത്തെറിഞ്ഞ് കൊടി കുത്തുകയായിരുന്നു. തൊട്ടടുത്ത ദിവസം മെഡിക്കല്‍ കോളജ് പോലീസില്‍ പരാതി നല്‍കി. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കാനോ സ്ഥലം സന്ദര്‍ശിക്കാനോ കേസ് രജിസ്റ്റര്‍ ചെയ്യാനോ പോലീസ് തയ്യാറായില്ല. ഇതോടെ ഫെബ്രുവരി 16ന് വീണ്ടും പരാതി നല്‍കി. എന്നിട്ടും ഫലമുണ്ടായില്ല.

കളിസ്ഥലത്തിനായി ഈ സ്ഥലം അക്വയര്‍ ചെയ്യുമെന്നാണ് ഡിവൈഎഫ്‌ഐ പറഞ്ഞതെങ്കിലും ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു വിവരവും ഭൂഉടമയ്ക്ക് ഇതുവരെ ലഭിച്ചിട്ടില്ല. പദ്ധതിക്കാവശ്യമായ ഫണ്ട് പോലും നീക്കിവെച്ചിട്ടില്ല. ഇതിനിടെയാണ് ഡിവൈഎഫ്‌ഐക്കാരുടെ കൊടികുത്തല്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.