സാഹസിക വനയാത്രകള്‍ക്ക് നിയന്ത്രണമില്ല, മാനദണ്ഡവും

Wednesday 14 March 2018 4:20 am IST
"undefined"

ഇടുക്കി: കാടിന്റെ വന്യഭംഗിക്കൊപ്പം സാഹസികതയും അതിലേറെ അപകട സാധ്യതയും നിറഞ്ഞ ഒന്നാണ് ട്രക്കിങ്. തേനിയില്‍ കാട്ടുതീയില്‍പ്പെട്ട് ട്രക്കിങ് സംഘത്തിലെ പതിനൊന്നു പേര്‍ മരിച്ചപ്പോഴാണ് സര്‍ക്കാര്‍ ഇടപെടല്‍ പോലുമുണ്ടായത്. സമാനമായ ദുരന്തം ഏത് സമയവും എവിടെയും ഉണ്ടാകാം. ഇതിന് കാരണം വനയാത്രകള്‍ക്ക് യാതൊരു നിയന്ത്രണമോ, മാനദണ്ഡമോ ഇല്ല എന്നതാണ്. യാത്രികര്‍ക്ക് കൗതുകവും ഹരവും പകരുമ്പോള്‍, ഭാവിയില്‍ ഇത് ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ആരും ഓര്‍ക്കുന്നില്ല. 

29 ശതമാനത്തിലധികമാണ് കേരളത്തിലെ വനവിസ്തൃതി. കാട്ടിലേക്കുള്ള യാത്രയില്‍ എന്തൊക്കെ കൈയില്‍ കരുതണം, എന്തൊക്കെ പാടില്ല എന്നതിനും വ്യക്തമായ നിയമങ്ങളില്ല. യാത്ര ചെയ്യുന്നവരെ പരിശോധിക്കുന്നതിനോ, ആരൊക്കയാണ് എത്തിയതെന്നത് അറിയാനോ കണക്കുകളോ രേഖകളോ ഇല്ല. കേരളത്തിലെ ഒരു സംഘടനയ്ക്കും വനത്തില്‍ ആളുകളെ കൊണ്ടുപോകാന്‍ ലൈസന്‍സ് ഇല്ല. എന്നിട്ടും നിരവധി ട്രക്കിങ് സംഘങ്ങളാണ് സംസ്ഥാനത്തുള്ളത്. 

ഇടുക്കിയില്‍ മാത്രം മുപ്പതിലധികം ഇടങ്ങളിലാണ് ദിവസവും ട്രക്കിങ് നടക്കുന്നത്. തൊമ്മന്‍കുത്ത്, തേക്കടി, വാഗമണ്‍, മൂന്നാര്‍, മാട്ടുപ്പെട്ടി, മറയൂര്‍, ചിന്നാര്‍, കല്യാണതണ്ട്, ഇലവീഴാപ്പൂഞ്ചിറ, പാഞ്ചാലിമേട്, പരുന്തുംപാറ, രാമക്കല്‍മേട്, ആനയിറങ്കല്‍ ഡാം, വള്ളക്കടവ് തുടങ്ങിയ ഇടങ്ങളിലെല്ലാം ആയിരക്കണക്കിനാളുകളാണ് ഒരോ ദിവസവും എത്തുന്നത്. നടക്കാന്‍ പോലും പ്രായമാകാത്ത കുട്ടികളെയും കൊണ്ട്  ട്രക്കിങ്ങിന് എത്തുന്ന സഞ്ചാരികളും കുറവല്ല.

ദുരന്തമുണ്ടായ കുരങ്ങിണി മലനിരകളുടെ നേരെ മറുവശമാണ് മൂന്നാര്‍ ഉള്‍പ്പെടുന്ന വനമേഖല. മൂന്നാറില്‍ നിന്ന് സൂര്യനെല്ലി വഴി കൊളക്കുമലയിലേക്കുള്ള യാത്ര, അപകടം പതിവായതിനെ തുടര്‍ന്ന് മുമ്പ് അടച്ചിരുന്നു. പിന്നീട് വീണ്ടും ഇത് ട്രക്കിങ്ങിനായി തുറന്ന് കൊടുത്തു. ഗുരുതര വീഴ്ചമൂലം ഇവിടെ തീവ്രവാദികളെത്തിയ സംഭവവുമുണ്ട്. തേക്കടി, ചിന്നാര്‍ മേഖലയില്‍ പതിവായി പരിശോധനകളുണ്ട്, മൂന്നാറില്‍ ഇത് വല്ലപ്പോഴും മാത്രമാണ്. 

കാട്ടുതീ, ശക്തമായ മഴ, കാഴ്ച മറയ്ക്കുന്ന കോടമഞ്ഞ് ഇവയെല്ലാം ദുരന്തങ്ങള്‍ക്കിടയാക്കിയേക്കാം. ഒരു അപകടം പറ്റിയാല്‍ ആളെ ആശുപത്രിയിലെത്തിക്കാന്‍ വാഹനം പോലും പലയിടത്തും എത്തില്ല.

അടിയന്തര സാഹചര്യത്തെ നേരിടാന്‍ വനംവകുപ്പിനും സംവിധാനങ്ങളില്ല. കൃത്യമായ മാനദണ്ഡങ്ങളും നിയമങ്ങളും നിശ്ചയിച്ചിട്ടില്ല. അനധികൃത ട്രക്കിങ് സംഘടിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും അധികൃതര്‍ മടിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.