കേരള തീരത്ത് അതീവ ജാഗ്രത

Wednesday 14 March 2018 4:25 am IST
"undefined"

തിരുവനന്തപുരം: തിരുവനന്തപുരത്തിന് 350 കിലോ മീറ്റര്‍ തെക്ക് പടിഞ്ഞാറായി അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുകയാണെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 

48 മണിക്കൂറിനുള്ളില്‍ ഇത് വടക്ക്-വടക്ക് പടിഞ്ഞാറന്‍ ദിശയിലേയ്ക്ക് നീങ്ങി തീവ്ര ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യതയുണ്ട്. തെക്കന്‍ കേരളത്തിലേയും, തെക്കന്‍ തമിഴ്‌നാടിന്റെയും തീരപ്രദേശങ്ങളില്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ ആകാം. 

ലക്ഷദ്വീപ് ഭാഗങ്ങള്‍ക്ക് മുകളില്‍ 14, 15 തീയതികളില്‍ കാറ്റിന്റെ വേഗം വര്‍ധിച്ച് മണിക്കൂറില്‍ 75 കിലോമീറ്റര്‍ വരെ ആകാനിടയുണ്ടെന്നും തിരമാലകള്‍ 3.2 മീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. 

കടല്‍ പ്രക്ഷുബ്ധമാകുമെന്നതിനാല്‍ ശ്രീലങ്കയ്ക്ക് പടിഞ്ഞാറും, മാലദ്വീപിന് കിഴക്കും, ലക്ഷദ്വീപ് വരെയുമുള്ള കടലില്‍ ഈ മാസം 15 വരെ ആരും മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 15 വരെ കേരളത്തിലും, ലക്ഷദ്വീപിലും മഴയ്‌ക്കോ, ഇടിയോട്കൂടിയ മഴയ്‌ക്കോ സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്കും സാധ്യതയുണ്ട്. 

സംസ്ഥാനത്ത് അതീവ ജാഗ്രത

ശ്രീലങ്കയ്ക്കു സമീപം രൂപപ്പെട്ട ന്യൂന മര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി മാറി കേരളതീരത്തോട് അടുക്കുന്നതിനാല്‍ കാലവസ്ഥാ നിരീക്ഷണ കേന്ദ്രവും സംസ്ഥാന സര്‍ക്കാരും അതീവജാഗ്രതാ നിര്‍ദേശം നല്‍കി. സംസ്ഥാന ദുരന്ത നിവാരണ സേനയോട് ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സജ്ജരായിരിക്കാന്‍ നിര്‍ദ്ദേശിച്ചു. 

കെഎസ്ഇബി, പോലീസ്, റവന്യൂ തുടങ്ങിയ വകുപ്പുകള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. സാഹചര്യം അടിയന്തരമായി വിലയിരുത്താന്‍ ചീഫ് സെക്രട്ടറിക്ക്  നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എറണാകുളത്തും തിരുവനന്തപുരത്തും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. പുനരധിവാസ കേന്ദ്രങ്ങള്‍ തുറക്കാന്‍ കളക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കി. 

തീരദേശ താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ 15 വരെ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കാനും രാത്രിയിലും ഓഫീസില്‍ ആളുണ്ടാകണമെന്നും നിര്‍ദേശം നല്‍കി. രക്ഷാപ്രവര്‍ത്തനത്തിനുള്ള കേന്ദ്ര സംഘം ഇന്ന് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. മുന്‍കരുതലുകള്‍ എടുത്തതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ സുദേവന്‍ അറിയിച്ചു.

മത്സ്യത്തൊഴിലാളികളെ തിരികെ എത്തിച്ചു

തീരദേശത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതിനാല്‍ രണ്ടു ദിവസമായി തൊഴിലാളികള്‍ മത്സ്യബന്ധനത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. ഓഖി മുന്നറിയിപ്പിലെ പാളിച്ചകള്‍ ഉണ്ടാകാതിരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. 

പള്ളികളില്‍ നിന്നും, കോസ്റ്റ് ഗാര്‍ഡില്‍ നിന്നും കഴിഞ്ഞ രണ്ടു ദിവസമായി മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുന്നറിയിപ്പ് അവഗണിച്ച് പോയവരെ കോസ്റ്റ് ഗാര്‍ഡ് കണ്ടെത്തി തിരികെ എത്തിച്ചു. നീരീക്ഷണത്തിനായി കപ്പലുകളെയും ഹെലികോപ്ടറുകളെയും പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്. 

മൂന്നാം നമ്പര്‍ അപായ സൂചന

സംസ്ഥാനത്തെ എല്ലാ തുറമുഖങ്ങളിലും മൂന്നാം നമ്പര്‍ അപായ സൂചന നല്‍കി.  കാറ്റിന്റെ വേഗം മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ ആയിരിക്കുമ്പോഴാണ് മൂന്നാം നമ്പര്‍ അപായ സൂചന നല്‍കുന്നത്. 

കാറ്റിന്റെ വേഗം 60 കിലോമീറ്റര്‍ ആയാല്‍ രണ്ടാം നമ്പര്‍ അപായ സൂചന നല്‍കും, കപ്പലുകളും ബോട്ടുകളും വരെ അപകടത്തില്‍പ്പെടാന്‍ സാധ്യതയുള്ളതാണ് രണ്ടാം നമ്പര്‍ അപായ സൂചന. ഓഖി ചുഴലിക്കൊടുങ്കാറ്റിന്റെ വേഗത കിലോമീറ്ററില്‍ 62 കടന്നപ്പോഴായിരുന്നു ദുരന്തത്തിലേക്ക് എത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.